കോട്ടയത്ത് ജനങ്ങളെ 'ബന്ധികളാക്കി' മുഖ്യമന്ത്രിയുടെ ഉദ്ഘാടനം; കനത്ത സുരക്ഷയ്ക്കിടയിലും മുഖ്യമന്ത്രിക്ക് കരിങ്കൊടി
കോട്ടയം: ജനങ്ങളെ ബന്ധികളാക്കി കോട്ടയത്ത് മുഖ്യമന്ത്രിയുടെ പരിപാടി. കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്റെ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി ഇന്നു കോട്ടയത്തെത്തുന്നത്. എന്നാല്‍ മണിക്കൂറുകള്‍ക്കു മുമ്പുതന്നെ കോട്ടയം നഗരത്തിലെ പ്രധാന റോഡുകളെല്ലാം മുന്നറിയിപ്പില്ലാതെ അടച്ചു. ഇതോടെ ജനം പെരുവഴിയിലായി. മുഖ്യമന്ത്രി വരുന്നതിനും ഒന്നേകാല്‍ മണിക്കൂര്‍ മുമ്പേയാണ് വഴിമുടക്കിയത്. പരിസരങ്ങളില്‍ ഹര്‍ത്താലിനു സമാനമായി.
ബസേലിയോസ് ജംഗ്ഷന്‍, കലക്ടറേറ്റ് ജംഗ്ഷന്‍, ചന്തക്കവല, ഈരയില്‍ കടവ് തുടങ്ങി കെ.കെ റോഡിലെ എല്ലാ പ്രധാന കവലകളും അടച്ചു. വാഹനങ്ങള്‍ കെ.കെ റോഡില്‍ ജനറല്‍ ആശുപത്രിക്കു മുന്നിലും തടഞ്ഞു.
ഇവിടേക്കുള്ള വഴികളെല്ലാം പൊലിസ് അടച്ചു. വഴിയില്‍ കണ്ടവരെയെല്ലാം തടഞ്ഞും ചോദ്യം ചെയ്തുമായിരുന്നു പൊലിസിന്റെ നീക്കം. ഇതിനെതിരേ പ്രതിഷേധം രൂക്ഷമായിരിക്കുകയാണ്.
പത്തിലേറെ വാഹനങ്ങളുടെ അകമ്പടിയോടെയാണ് മുഖ്യമന്ത്രി കോട്ടയത്തെത്തിയത്. വഴിയാത്രക്കാരും പൊലിസും തമ്മില്‍ തര്‍ക്കമുണ്ടായി. മുഖ്യമന്ത്രി വേദിയില്‍ എത്തുന്നതു വരെ വാഹനങ്ങളെ പോകാന്‍ അനുവദിച്ചില്ല. കനത്ത സുരക്ഷയ്ക്കിടയിലും മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയ രണ്ടു ബി.ജെ.പി പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു.
സ്വര്‍ണ്ണക്കടത്ത് വെളിപ്പെടുത്തല്‍ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളില്‍ പ്രതിഷേധം ഉണ്ടാകുമെന്നതിനാലാണ് സുരക്ഷ പൊലിസ് ശക്തമാക്കിയത്. കോട്ടയത്തെ പൊതുപരിപാടിക്ക് വന്‍ സുരക്ഷാ വിന്യാസമാണ് ഏര്‍പ്പെടുത്തിയത്. പരിപാടി തുടങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് വേദിയിലെത്താന്‍ മാധ്യമങ്ങള്‍ക്കുപോലും നിര്‍ദ്ദേശം നല്‍കിയിരുന്നു. മാധ്യമ പ്രവര്‍ത്തകര്‍ക്കായി പ്രത്യേക പാസും ഏര്‍പ്പെടുത്തി. അര കിലോ മീറ്റര്‍ അകലെ നിന്നുമാത്രം ദൃശ്യങ്ങളെടുക്കാനാണ് അനുമതിയുള്ളത്. സുരക്ഷാ പ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് നിയന്ത്രണങ്ങളെന്നാണ് പൊലിസ് പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."