വിജയ്ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവും തിങ്കളാഴ്ച വരെ നീട്ടി
കൊച്ചി
നടിയെ പീഡിപ്പിച്ച കേസില്‍ നിര്‍മാതാവ് വിജയ്ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കാന്‍ മാറ്റി.
എ.ഡി.ജി.പി അസൗകര്യം അറിയിച്ചതിനെ തുടര്‍ന്നാണ് ഹരജി മാറ്റിയത്.പീഡനക്കേസിലും പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയ കേസിലും വിജയ്ബാബുവിന്റെ അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് ഹൈക്കോടതി തിങ്കളാഴ്ച വരെ നീട്ടി. കേസിനെ തുടര്‍ന്ന് ദുബൈയിലേക്ക് കടന്ന വിജയ്ബാബു നാട്ടിലെത്തി അന്വേഷണ ഉദ്യോഗസ്ഥൻ മുന്‍പാകെ ഹാജരായിയിരുന്നു.
തുടര്‍ന്ന് അന്വേഷണസംഘം പൊലിസ് സ്റ്റേഷനില്‍ വിളിച്ച് വരുത്തി ചോദ്യം ചെയ്തിരുന്നു. ഉഭയ സമ്മത പ്രകാരമാണ് ലൈംഗിക ബന്ധമെന്നും പീഡനം നടന്നിട്ടില്ലെന്നുമാണ് വിജയ്ബാബുവിന്റെ നിലപാട്.
അതേസമയം, സര്‍ക്കാരിനും വിചാരണക്കോടതി ജഡ്ജിക്കുമെതിരേ ആക്രമിക്കപ്പെട്ട നടി നല്കിയ ഹരജി ഹൈക്കോടതി അടുത്ത വെള്ളിയാഴ്ച പരിഗണിക്കാന്‍ മാറ്റി.നടിയുടെ ആവശ്യ പ്രകാരമാണ് ഹരജി മാറ്റിയത്. തുടരന്വേഷണം പാതിവഴിയില്‍ അവസാനിപ്പിക്കാനും അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും രാഷ്ട്രീയ ഉന്നതര്‍ അന്വേഷണ സംഘത്തെ ഭീഷണിപ്പെടുത്തുന്നതായി ആരോപിച്ചാണ് അക്രമത്തിനിരയായ നടി ഹരജി നല്‍കിയത്.
ആശങ്ക അനാവശ്യമാണെന്നും നടി നിര്‍ദേശിച്ചയാളെയാണ് പ്രോസിക്യൂട്ടറാക്കിയതെന്നും ഡി.ജി.പി കോടതിയെ അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."