പരിഹാരം ഇല്ലാത്ത ആനക്കാര്യം
ജനവാസമേഖലയിൽ വ്യാപക നാശനഷ്ടമുണ്ടാക്കിയിരുന്ന പാലക്കാട് തസ്ക്കർ-7 എന്ന പി.ടി-7 കാട്ടാനയെ മയക്കുവെടിവച്ച് രണ്ട് കുങ്കിയാനകളുടെ സഹായത്തോടെ കൂട്ടിലാക്കിയത് ജനുവരി ഇരുപത്തിരണ്ടിനാണ്. ഈ ആനക്ക് ധോണിയെന്ന് പുതിയപേരു നൽകുകയും ചെയ്തു. രണ്ടു വർഷത്തോളം സമീപപ്രദേശങ്ങളിൽ കനത്ത നാശനഷ്ടം അഴിച്ചുവിട്ട ധോണി, പതിമൂന്നോളം വസ്തുവകകൾ നശിപ്പിക്കുകയും നൂറ്റിയെഴുപത്തിയാറു തവണ കൃഷിസ്ഥലങ്ങളിൽ നാശം വിതയ്ക്കുകയും ചെയ്തതായി കണക്കുകൾ പറയുന്നു. പി.ടി-7 കാട്ടാനയെ മയക്കുവെടിവച്ച് വീഴ്ത്തിയ അതേ ജനുവരിയിൽ കുറച്ചു ദിവസങ്ങൾക്കു മുമ്പു മാത്രമാണ് വയനാട്ടിൽ സമാന ഭീഷണി ഉയർത്തിയ പി.എം-2 കാട്ടാനയെയും മയക്കുവെടിവച്ച് വീഴ്ത്തി കൂട്ടിലാക്കിയത്. കൂട്ടം തെറ്റിയ കാട്ടാനകളെ മയക്കുവെടിവച്ച് കൂട്ടിലാക്കുക എന്ന പോംവഴി മാത്രമാണ് ഇന്ന് കേരളാ വനംവകുപ്പിനു മുമ്പിലുള്ളത്. ജനവാസമേഖലയിലും റേഷൻകടകളിലും കയറി നാശനഷ്ടമുണ്ടാക്കുന്ന മൂന്നാർ മേഖലയിലെ അരിക്കൊമ്പനെ തളയ്ക്കുന്നതിനും കേരളാ വനംവകുപ്പിനു മുമ്പിലുള്ളത് ഈ മാർഗം മാത്രമാണ്.
നിലവിൽ അരിക്കൊമ്പനുള്ളത് മൂന്നാറിലെ ചിന്നക്കനാൽ മേഖലയിലാണ്. ഭൂമിയില്ലാത്ത ദലിത് കുടുംബങ്ങളെ 2001-2005 കാലയളവിലായി പുനരധിവസിപ്പിച്ചിരിക്കുന്ന മൂന്നൂറ്റൊന്ന് കേളനിയിലെ പതിവു സന്ദർശകനാണ് പ്രശ്നക്കാരനായ ഈ അരിക്കൊമ്പൻ. തന്റെ പ്രിയഭക്ഷണമായ അരി തെരഞ്ഞാണ് ഈ കാട്ടാന ഇവിടെയെത്തുന്നതെങ്കിലും നിരവധി കുടുംബങ്ങളാണ് ആനശല്യം പേടിച്ച് മാറിത്താമസിക്കുന്നത്. ഇവിടെത്തന്നെ തുടരുന്ന കുടുംബങ്ങളാവട്ടെ ആനയെ പേടിച്ച് തങ്ങളുടെ മേൽക്കൂരകളിൽ അഭയം തേടിയിരിക്കുകയാണ്. അരിക്കൊമ്പൻ ഒരു കൊലയാനയല്ലെങ്കിലും ഈ കൊമ്പന്റെ ‘അരിയന്വേഷണങ്ങൾ’ സാധാരണ മനുഷ്യജീവിതത്തെ ബാധിക്കാൻ തുടങ്ങിയതോടെയാണ് വനംവകുപ്പ് വിഷയത്തിൽ ഇടപെടുന്നത്. അരിക്കൊമ്പനെ മയക്കുവെടിവച്ച് പിടിക്കാനുള്ള ഉത്തരവ് വരുന്നത് ഫെബ്രുവരിയിലാണ്. അരിക്കൊമ്പൻ ദൗത്യസംഘത്തിനു മുമ്പാകെ മൂന്ന് സാധ്യതകളായിരുന്നു ഈ ഉത്തരവ് മുമ്പോട്ടുവച്ചത്.
ഒന്നാമതായി, മയക്കുവെടിവച്ചശേഷം അരിക്കൊമ്പന്റെ നീക്കങ്ങൾ മനസ്സിലാക്കുന്നതിനായി റേഡിയോ കോളർ ധരിപ്പിക്കുക, അല്ലെങ്കിൽ, മയക്കുവെടിവച്ച് തളച്ചതിനുശേഷം വനംവകുപ്പിന്റെ കീഴിലുള്ള ഏതെങ്കിലും ആന ക്യാംപിലേക്ക് അരിക്കൊമ്പനെ മാറ്റുക. അതുമല്ലെങ്കിൽ, മയക്കുവെടിവച്ച് ആനയെ പിടിച്ചശേഷം അനുയോജ്യമായ മറ്റൊരു ആവാസമേഖലയിലേക്ക് മാറ്റുക എന്നിങ്ങനെയാണിവ. എന്നാൽ, മാർച്ച് ഇരുപത്തിമൂന്നിന് ആനയെ തളക്കുന്നത് തടഞ്ഞുകൊണ്ട് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു. ഇതിനു പുറമെ, മാർച്ച് ഇരുപത്തിയൊമ്പതിലെ പുതിയ ഉത്തരവു പ്രകാരം അരിക്കൊമ്പൻ വിഷയത്തിൽ ഉചിത തീരുമാനമെടുക്കുന്നതിനായി വിദഗ്ധസമിതിയെ ചുമതലപ്പെടുത്തുകയും ചെയ്തു. അരിക്കൊമ്പനെ തളച്ചശേഷം റേഡിയോ കോളർ ധരിപ്പിച്ച് പറമ്പിക്കുളം കടുവസംരക്ഷണ കേന്ദ്രത്തിലുൾപ്പെടുന്ന മുതുവരച്ചാൽ ഒരുകൊമ്പൻ മേഖലയിലേക്ക് മാറ്റാനാണ് വിദഗ്ധസമിതിയുടെ നിർദേശം. ഈ പ്രദേശം ആനക്കാവശ്യമായുള്ള ജല-പ്രകൃതിവിഭവ ലഭ്യത മതിയാവോളം ഉള്ളിടമായതിനാൽ ഈ മേഖലയുമായി അരിക്കൊമ്പൻ ഇണങ്ങുമെന്നാണ് സമിതിയുടെ നിരീക്ഷണം.
കൂടാതെ, ഈ പ്രദേശത്തിന്റെ ജല-ഭക്ഷണ ലഭ്യത ആനയുടെ സ്വഭാവത്തിലും ശീലങ്ങളിലും മാറ്റങ്ങൾ കൊണ്ടുവരുമെന്നും മനുഷ്യവിഭവങ്ങൾക്കായുള്ള അന്വേഷണം ഇല്ലാതാവുമെന്നും സമിതി കൂട്ടിച്ചേർത്തു. മുതുവരച്ചാൽ ഒരുകൊമ്പൻ പ്രദേശത്തേക്ക് അരിക്കൊമ്പനെ മാറ്റുന്നതോടെ ജനവാസമേഖലയിലേക്കുള്ള സംഘർഷവും ഇല്ലാതാവും. ഇതേത്തുടർന്ന് വിദഗ്ധ സമിതിയുടെ നിർദേശം നടപ്പാക്കുന്നതു സംബന്ധിച്ച് ഏപ്രിൽ അഞ്ചിനു ഹൈക്കോടതി ഉത്തരവു പുറപ്പെടുവിച്ചു.
എന്നാൽ, അരിക്കൊമ്പനെ പറമ്പിക്കുളം മേഖലയിലേക്ക് മാറ്റരുതെന്ന് ആവശ്യപ്പെട്ട് പറമ്പിക്കുളം കടുവാ സംരക്ഷണകേന്ദ്രം സ്ഥിതിചെയ്യുന്ന നെന്മാറ മണ്ഡലത്തിലെ എം.എൽ.എ കെ. ബാബു ഹൈക്കോടതിയെ സമീപിച്ചു. അരിക്കൊമ്പനെ മാറ്റാൻ നിർദേശിച്ചിരിക്കുന്ന പ്രദേശത്തിനു സമീപത്തെ ജനവസമേഖലയിൽ ആനയുടെ ശല്യമുണ്ടാവാൻ സാധ്യതയുണ്ടെന്ന് കാണിച്ചാണ് കെ. ബാബു പുനഃപരിശോധനാ ഹരജി സമർപ്പിച്ചത്. എന്നാൽ അരിക്കൊമ്പനെ മാറ്റുന്നതു സംബന്ധിച്ചുള്ള കോടതിയുടെ ആദ്യ തീരുമാനത്തിൽ ഇടപെടുകയില്ലെന്നും 'ഹരജിക്കാരൻ ഉന്നയിക്കുന്ന തരത്തിൽ ആനയുടെ പെരുമാറ്റം ഉറപ്പാക്കുന്ന എന്തെങ്കിലും തെളിവുകൾ സമർപ്പിക്കാത്തതിനാൽ ഹരജിക്കാരന്റെ ഊഹം അടിസ്ഥാനരഹിതമാണെന്നും' കോടതി നിരീക്ഷിച്ചു. കൂടാതെ, 'ഈ വിഷയത്തിലുൾപ്പെട്ടിരിക്കുന്ന ജീവിയുടെ ദുരവസ്ഥയിൽ ഇവിടെ പ്രകടമാകുന്ന നിർവികാരതയിൽ കോടതിക്ക് ആശങ്കകളുണ്ട്. ഈ ജീവിയെ അതിന്റെ യഥാർഥ ആവാസവ്യവസ്ഥയിൽ നിന്ന് പുതിയ ആവാസവ്യവസ്ഥയിലേക്ക് മാറ്റാൻ നിർദേശിക്കാൻ കാരണം ജീവിക്കാവശ്യമായ അനുയോജ്യ പ്രകൃതിവിഭവങ്ങൾ പുതിയ ഇടത്തിൽ ലഭ്യമാകുമെന്നതിനാലാണ്. അങ്ങനെയെങ്കിൽ ഈ ജീവി ജനവാസമേഖലയിലേക്ക് കടന്നുകയറുകയില്ലെന്നും' കോടതി കൂട്ടിച്ചേർത്തു.
അരിക്കൊമ്പൻ ദൗത്യം വേഗത്തിലാക്കാൻ ചിന്നക്കനാൽ വാസികൾ പ്രതിഷേധത്തിലേർപ്പെട്ടിരിക്കേ, അരിക്കൊമ്പനെ പറമ്പിക്കുളത്തിലേക്ക് കൊണ്ടുവരുന്നത് പ്രതിരോധിക്കുകയാണ് പ്രദേശക്കാർ.
ഇത് സർക്കാരിനെ ആശങ്കയിലാക്കി. ആനയും മനുഷ്യനും തമ്മിലുള്ള സംഘർഷത്തിനു ശാശ്വത പരിഹാരമില്ലെന്നാണ് പരിസ്ഥിതിപ്രവർത്തകനും ഐക്യരാഷ്ട്രസംഘടനയുടെ പരിസ്ഥിതിനയ വിദഗ്ധനുമായ തിരുവനന്തപുരം സ്വദേശി ഡോ. എസ്. ഫൈസിയുടെ നിരീക്ഷണം. 'നമ്മളൊരു കാട്ടാനയെ ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേക്ക് മാറ്റുമ്പോൾ ഒരു പ്രശ്നത്തെ ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് മാറ്റുക മാത്രമാണ് ചെയ്യുന്നത്'. ഡോ. ഫൈസിയുടെ അഭിപ്രായത്തിൽ ആനകൾ വളരെ വേഗം സാഹചര്യവുമായി പൊരുത്തപ്പെടുന്ന മൃഗമാണ്.
'കാടിനും നാടിനും ഇടയിൽ നമ്മളൊരു കുഴി കുഴിച്ചാൽ ആന ആ കുഴി നികത്തും, സോളാർ പാനൽ സ്ഥാപിച്ചാൽ അവരത് നശിപ്പിച്ച് അതിർത്തി കടന്നെത്തും. കയറുകെട്ടിയും തേനീച്ച കൂടുവെച്ചും ആനയെ അകറ്റാൻ നോക്കിയാൽ പിന്നെ പ്രശ്നം വരുന്നത് തേൻ അന്വേഷിച്ച് വരുന്ന കരടിയിൽ നിന്നാവും. കൂടാതെ, പരിഭ്രാന്തരാവുന്ന ആന ഏതു ഭാഗത്തേക്ക് ഓടുമെന്ന് പോലും നമുക്ക് പ്രവചിക്കാനാവില്ല' എന്നും ഡോ. ഫൈസി കൂട്ടിച്ചേർത്തു. കൂടാതെ, ആന കൂടുതലായും അക്രമിക്കുന്നത് കാടിന്റെ വെളിമ്പ്രദേശങ്ങളിൽ താമസിക്കുന്നവർ തുറസ്സായ സ്ഥലങ്ങളിൽ മലമൂത്രവിസർജനത്തിനായി പോകുമ്പോഴാണെന്നാണ് ഇദ്ദേഹത്തിന്റെ നിരീക്ഷണം. ഇത്തരം പ്രദേശങ്ങളിൽ താമസിക്കുന്നവർക്കായി ശൗചാലയങ്ങൾ നിർമിച്ചു നൽകിയാൽ ഇരുപത് ശതമാനത്തോളം ആക്രമണങ്ങൾ കുറയുമെന്നും ഫൈസി അഭിപ്രായപ്പെടുന്നു.
മാർച്ചിൽ കേന്ദ്രപരിസ്ഥിതി മന്ത്രാലയം ലോക്സഭയിൽ സമർപ്പിച്ച റിപ്പോർട്ട് പ്രകാരം, ഇന്ത്യയിലെ 29,964 ആനകളിൽ 5706 ആനകളാണ് കേരളത്തിലുള്ളത്. ഏറ്റവും കൂടുതൽ ആനകളുള്ള സംസ്ഥാനം അസമാണ്. 2019-22 കാലയളവിലായി ആനകൾ 57 പേരെ കേരളത്തിൽ കൊന്നതായും ഇതേ റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്.
എന്നാൽ, മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷത്തിനു കാരണം മനുഷ്യൻ തന്നെയാണെന്നാണ് കർഷകനും കർഷകാവകാശ പ്രവർത്തകനുമായ സുകുമാരൻ അട്ടപ്പാട്ടിയുടെ അഭിപ്രായം. 'കാട്ടുമരങ്ങളെല്ലാം വെട്ടി യൂകാലി മരങ്ങൾ നട്ടത് മനുഷ്യരാണ്. യൂകാലി മരങ്ങൾ ഭൂഗർഭജലം വലിച്ചെടുക്കുമെന്ന് മാത്രമല്ല, മണ്ണിൽ വീഴുന്ന യൂകാലി വിത്തുകൾ പച്ചപ്പില്ലാതാക്കുകയും ചെയ്യും. ഇതോടെ, ഭക്ഷണത്തിനും വെള്ളത്തിനുമായി ആനകൾക്ക് കാടിന്റെ അതിർത്തി കടക്കേണ്ടതായി വരുമെന്നും' സുകുമാരൻ പറഞ്ഞു.
കൈയേറ്റങ്ങളും കുടിയേറ്റങ്ങളും പരിധിക്കപ്പുറം ആയപ്പോൾ ആനക്കാര്യം പരിഹാരം ഇല്ലാത്ത പ്രതിസന്ധിയായി. നമ്മൾ മനുഷ്യരാണ് അവരെ അസ്വസ്ഥരാക്കിയത്. അവർ നമ്മളെയല്ല. അത് തിരിച്ചറിയണം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."