മുഖ്യമന്ത്രിയുടെ സുരക്ഷ! മലപ്പുറത്തും കറുത്ത മാസ്‌ക് അഴിപ്പിച്ചു; ദൃശ്യങ്ങളെടുക്കുന്നതിന് മാധ്യമങ്ങള്‍ക്ക് വിലക്കും
മലപ്പുറം : മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷയ്‌ക്കെന്ന പേരില്‍ മലപ്പുറത്തും പൊതുജനങ്ങളുടെ കറുത്ത മാസ്‌ക്കുകള്‍ അഴിപ്പിച്ചു. തവനൂരിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിക്കെത്തിയ ആളുകളുടെ കറുത്ത മാസ്‌ക്ക് പൊലിസ് ഉദ്യോഗസ്ഥര്‍ അഴിപ്പിച്ചത്.
എന്നാല്‍ മാസ്‌ക് അഴിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന വാദമാണ് പൊലിസ് മേധാവി ഉയര്‍ത്തുന്നത്. സുരക്ഷ പരിശോധന ദൃശ്യങ്ങള്‍ എടുക്കരുത് എന്നും പൊലിസ് നിര്‍ദ്ദേശിച്ചു.
മലപ്പുറം കോഴിക്കോട് ജില്ലകളില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കാനെത്തുന്ന മുഖ്യമന്ത്രിക്ക് മുമ്പെങ്ങും കാണാത്ത വിധത്തിലുള്ള സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പ്രതിഷേധ സാധ്യത മുന്‍നിര്‍ത്തിയാണ് സുരക്ഷ ശക്തമാക്കിയതെന്നാണ് വിശദീകരണം.
മലപ്പുറത്ത് മുഖ്യമന്ത്രി പങ്കെടുക്കുന്ന രണ്ടു പരിപാടികളുടെ സുരക്ഷക്ക് 700 പൊലിസുകാരെ വിന്യസിച്ചിട്ടുണ്ട്. എസ് പി നേരിട്ട് സുരക്ഷക്ക് മേല്‍നോട്ടം വഹിക്കും. മുഴുവന്‍ ഡിവൈഎസ്പിമാരും മുഖ്യമന്ത്രിയുടെ പരിപാടിക്ക് സുരക്ഷ ഒരുക്കും. 20 സിഐ മാര്‍ക്കാണ് ചുമതല നല്‍കിയിട്ടുള്ളത്. പൊന്നാനി കുറ്റിപ്പുറം റോഡ് 9 മണിക്ക് ശേഷം അടക്കും. പൊതുജനങ്ങള്‍ ബദല്‍ റോഡ് ഉപയോഗിക്കാനാണ് നിര്‍ദേശം.
കോഴിക്കോട് ജില്ലയില്‍ അഞ്ഞൂറിലേറെ പൊലിസുകാരെയാണ് വിവിധയിടങ്ങിലായി നിയോഗിച്ചിട്ടുത്. ജില്ലയിലെ ഒട്ടുമിക്ക സ്‌റ്റേഷനുകളിലെയും ഉദ്യോഗസ്ഥരോട് സുരക്ഷാ ചുമതലക്കെത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന് മുന്നില്‍ കണ്ട് കുന്നംകുളത്തും ചങ്ങരംകുളത്തും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലിലാക്കിയിട്ടുമുണ്ട്. മലപ്പുറം ചങ്ങരംകുളത്ത് 5 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് കരുതല്‍ തടങ്കലിലാക്കിയത്. മുഖ്യമന്ത്രിയുടെ വാഹനം കടന്ന് പോകുന്ന കുന്നംകുളത്തും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ നാല് പേരെയാണ് കരുതല്‍ തടങ്കലിലാക്കിയത്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ എക്‌സിക്യൂട്ടീവ് അംഗം എ എം നിധിഷ്, കടങ്ങോട് മണ്ഡലം പ്രസിഡണ്ട് അസ് ലം, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ രഞ്ചില്‍, വിഗ്‌നേശ്വര പ്രസാദ് എന്നിവരെ ഇന്ന് രാവിലെ വീടുകളിലെത്തിയാണ് പൊലിസ് കസ്റ്റഡിയിലെടുത്ത് കരുതല്‍ തടങ്കലിലാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."