ഒമാനെ വെള്ളത്തിലാക്കി പെയ്‌തത് കനത്ത മഴ; നിരവധിപ്പേരെ രക്ഷപ്പെടുത്തി
മസ്‌കത്ത്: ചൊവ്വാഴ്ച ഒമാനിൽ പെയ്ത കനത്ത മഴയിൽ രാജ്യത്തുടനീളം വ്യാപകമായ വെള്ളപ്പൊക്കവും നാശനഷ്‌ടവും. മഴ നിരവധി വീടുകളെ ബാധിച്ചു. നിസ്‌വയിൽ വാഹനങ്ങൾ ഒലിച്ചുപോയതിനാൽ നിരവധി പേരെ ദുരന്ത നിവാരണ പ്രവർത്തകർ രക്ഷപ്പെടുത്തി.
കനത്ത മഴയെത്തുടർന്ന് ദിമയിലെ വിലായത്തിലെ പർവതപ്രദേശത്ത് കുടുങ്ങിയ 20 പൗരന്മാരെ പൊലിസ് ഹെലികോപ്റ്ററുകൾ എത്തി എയർലിഫ്റ്റ് ചെയ്താണ് രക്ഷപ്പെടുത്തിയത്.
വടക്ക്, തെക്ക് അൽ ഷർഖിയ, അൽ വുസ്ത, അൽ ദഖിലിയ, അൽ ദാഹിറ, സൗത്ത് അൽ ബത്തിന ഗവർണറേറ്റുകളിലെ വിവിധ പ്രദേശങ്ങളെ മഴ കാര്യമായി തന്നെ ബാധിച്ചു. മഴ കാരണം നിസ്വ, സിനാവ്, മുദൈബി എന്നിവിടങ്ങളിലെ ഗതാഗതം തടസ്സപ്പെട്ടു.
നിസ്വയിൽ സുൽത്താൻ ഖാബൂസ് അക്കാദമി ഫോർ പൊലിസ് സയൻസസിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ഒന്നിലധികം കാറുകൾ ഒലിച്ചുപോയി. കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം പ്രസിദ്ധീകരിച്ച മഴയുടെ കണക്കുകൾ പ്രകാരം നോർത്ത് അൽ ഷർഖിയ ഗവർണറേറ്റിലെ വാദി ബാനി ഖാലിദിന്റെ വിലായത്താണ് ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത്. 74 മില്ലിമീറ്റർ മഴയാണ് ഇവിടെ രേഖപ്പെടുത്തിയത്.
കനത്ത മഴ തുടരുമെന്നും താമസക്കാരോട് ജാഗ്രത പാലിക്കണമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി (സിഎഎ) മുന്നറിയിപ്പ് നൽകി. കുട്ടികളെ സൂക്ഷ്മമായി നിരീക്ഷിക്കാനും താഴ്ന്ന പ്രദേശങ്ങളിൽ പോകുന്നത് ഒഴിവാക്കാനും നീന്തൽ ഒഴിവാക്കാനും പ്രതികൂല കാലാവസ്ഥയിൽ താഴ്‌വരകൾ മുറിച്ചുകടക്കരുതെന്നും സിഎഎ താമസക്കാരെ ഉപദേശിച്ചു.
മുൻകരുതൽ നടപടിയെന്ന നിലയിൽ, സൂരിലെ വിലായത്തിലെ ടെക്‌നോളജി ആൻഡ് അപ്ലൈഡ് സയൻസസ് സർവകലാശാല വിദൂര പഠനം പ്രഖ്യാപിച്ചിരിക്കുകയാണ്.
കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ ലഭിക്കാന്‍ സുപ്രഭാതം വാട്‌സാപ്പ് കമ്യൂണിറ്റിയില്‍ ജോയിന്‍ ചെയ്യുക: https://chat.whatsapp.com/HVpI8bKnwZA7O8fvza77sv
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."