കാണാതായ രണ്ടരവയസുകാരനെ വിജനസ്ഥലത്ത് കണ്ടെത്തിയത് ഒരു രാത്രിക്കപ്പുറം, ദുരൂഹത
അഞ്ചൽ (കൊല്ലം)
കാണാതായ രണ്ടരവയസുകാരനെ 12മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ വിജന സ്ഥലത്തുനിന്ന് കണ്ടെത്തി.
അഞ്ചൽ തടിക്കാട് ചണ്ണക്കാപൊയ്കയിൽ അൻസാരി-ഫാത്തിമ ദമ്പതികളുടെ മകൻ മുഹമ്മദ് അഫ്രാനെയാണ് രാത്രി മുഴുവൻ നീണ്ട തിരച്ചിലിനൊടുവിൽ ഇന്നലെ പുലർച്ചെ ആറരയോടെ വീടിന് സമീപം മലയിലെ റബർ തോട്ടത്തിൽ കണ്ടെത്തിയത്.
ടാപ്പിങിനെത്തിയ സുനിൽ ആണ് കുട്ടിയെ കണ്ടത്. അഞ്ചൽ പൊലിസ് കുട്ടിയെ പുനലൂർ താലൂക്കാശുപത്രിയിലെത്തിച്ച് പരിശോധന നടത്തിയ ശേഷം പുനലൂർ കോടതിയിലും വൈകിട്ട് അഞ്ചോടെ വീട്ടിലും എത്തിച്ചു.
വെള്ളിയാഴ്ച വൈകിട്ട് ആറോടെയാണ് കുട്ടിയെ കാണാതായത്. കുട്ടിയെ മുത്തശ്ശിയുടെ അടുത്ത് നിർത്തിയ ശേഷം മാതാവ് ഫാത്തിമ മൂത്ത കുട്ടിയുമൊത്തു തൊട്ടടുത്ത പുരയിടത്തിൽ പോയതിനു പിന്നാലെയാണു കുഞ്ഞിനെ കാണാതായത്.
തുടർന്ന്, രാത്രി പെരുമഴയത്ത് ബന്ധുക്കളും അഞ്ഞൂറോളം നാട്ടുകാരും പൊലിസും അഗ്‌നിരക്ഷാസേനയും ചേർന്ന് വീടിനു പരിസരത്തെ റബർ തോട്ടത്തിൽ ഉൾപ്പെടെ തിരഞ്ഞു.
രാത്രി വൈകിയും കിണറുകളിലും കുഴികളിലും ഉൾപ്പെടെ തിരച്ചിൽ തുടർന്നെങ്കിലും ഫലം കണ്ടില്ല.
റബർ തോട്ടങ്ങൾ നിറഞ്ഞ സ്ഥലമായതിനാലും വെളിച്ചക്കുറവും കനത്ത മഴയും ഭൂമിശാസ്ത്രപരമായ പ്രത്യേകതയും തിരച്ചിലിന് തടസമായി.
ഇന്നലെ പുലർച്ചെ തിരച്ചിൽ തുടരാനുള്ള ശ്രമത്തിനിടെയാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയുടെ പിതാവ് വിദേശത്താണ്.
വീടിന് 300 മീറ്റർ അകലെ പല ആവർത്തി തിരഞ്ഞ റബർ തോട്ടത്തിൽ പുലർച്ചെ കുഞ്ഞിനെ ആരോ കൊണ്ടുവിട്ടതാണെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിച്ചു.
വെള്ളിയാഴ്ച രാത്രി മുഴുവൻ അരിച്ചു പെറുക്കിയ പ്രദേശത്തു തന്നെയാണ് കുട്ടിയെ കണ്ടെത്തിയത്. വിജന സ്ഥലത്ത് എങ്ങനെയാണ് കുട്ടി എത്തിയതെന്ന് പൊലിസ്് പരിശോധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."