സമൃദ്ധിയില്‍ കൂടുതല്‍ ആര്‍ദ്രമാവണം
ചെയ്യാത്ത പാപത്തിനു തടവറയില്‍ കഴിയുന്ന യൂസുഫ് നബിയോട് ആ രണ്ടു യുവാക്കളും പറഞ്ഞു: ''താങ്കളെ ഒരു ഉത്തമനായാണു ഞങ്ങള്‍ കാണുന്നത്''(ഖുര്‍ആന്‍. 12:36).
കണ്ട സ്വപ്‌നത്തിനു വ്യാഖ്യാനം തേടി വന്നവരായിരുന്നു അവര്‍. നബി അവര്‍ക്ക് ശരിയായ വ്യാഖ്യാനം പറഞ്ഞുകൊടുത്തു. കാലം മുന്നോട്ടു നീങ്ങി.
യൂസുഫ് നബി ഈജിപ്തിന്റെ ഖജാനകള്‍ നിയന്ത്രിക്കുന്ന വേള. ഭക്ഷ്യധാന്യം തേടിയെത്തിയ അയല്‍നാട്ടുകാര്‍ അദ്ദേഹത്തോട് പറഞ്ഞു: ''താങ്കളെ ഒരു ഉത്തമനായാണു ഞങ്ങള്‍ മനസ്സിലാക്കുന്നത്''(12:78).
തടവറയിലെ യൂസുഫ് തന്നെയായിരുന്നു അരമനയിലെയും യൂസുഫ്. പ്രതിസന്ധിയില്‍നിന്നു പ്രശാന്തിയിലേക്കുള്ള ആ കൂടുമാറ്റം വ്യതിചലനമായിരുന്നില്ല, ചലനം മാത്രമായിരുന്നു. പ്രജയായിരുന്നപ്പോഴും പ്രഭുവായിരുന്നപ്പോഴും ആ പ്രകൃതം ഭേദമേതുമില്ലാതെ നിലനിന്നു. അനുഗ്രഹങ്ങള്‍ വന്നും പോയും കൊണ്ടിരിക്കും. അതിനനുസരിച്ചു സ്ഥാനചലനം സംഭവിക്കേണ്ടതല്ലല്ലോ ധാര്‍മികമൂല്യങ്ങള്‍. അവ കണ്ണീരിലും പുഞ്ചിരിയിലും ഇരുട്ടിലും വെളിച്ചത്തിലും വെയിലത്തും മഴയത്തും വാടാതെതന്നെ നിലനില്‍ക്കണം. ഈ കുറിപ്പ് എഴുതുമ്പോള്‍ തലേന്നാള്‍ വായിച്ച കവിത ഓര്‍മ വരുകയാണ്.
അന്നു കറുപ്പായ കാലത്തില്‍
എല്ലാരേം പടവെട്ടിയാണ്
അയാള്‍ അവളോടൊപ്പം
പ്രേമത്തെ ജയിച്ചത്.
ഇന്നയാള്‍ പക്ഷേ,
മോഡേണ്‍ അല്ല.
അവളുമത്
പറഞ്ഞു തുടങ്ങി.
ഇതാണു കവിത. നോക്കൂ, പാലം കടക്കുവോളം നാരായണ പറഞ്ഞവന്‍ പാലംകടന്നാല്‍ കൂരായണ പറയുന്നത് എത്ര വലിയ നന്ദികേടാണ്! അധികാരം കിട്ടുവോളം കൂട്ടായി നടന്നവന്‍ അധികാരം കിട്ടിയാല്‍ കാട്ടാളനായി മാറുന്നത് ഏതെങ്കിലും വിധേന വെളുപ്പിച്ചെടുക്കാവുന്ന നടപടിയാണോ? ജനങ്ങളെ അധികാരക്കസേരയിലേക്കുള്ള ഗോവണപ്പടിയായി മാത്രം കാണുന്നവനു കാലം കാത്തുവയ്ക്കുന്നത് പൊള്ളിക്കുന്ന അനുഭവങ്ങളായിരിക്കുമെന്നോര്‍ക്കണം. ഖാറൂന്റെ ചരിത്രം പ്രാധാന്യപൂര്‍വമാണ് ഖുര്‍ആന്‍ എടുത്തുപറഞ്ഞത്. അവന്‍ തോല്‍ക്കാന്‍ പാടില്ലായിരുന്നു. എന്നിട്ടും തോറ്റു. ദരിദ്രനായ ഖാറൂനല്ലായിരുന്നു സമ്പന്നനായ ഖാറൂന്‍ എന്നതുതന്നെ കാരണം. ശിക്ഷയിറങ്ങിയപ്പോള്‍ തുണയായിരിക്കാന്‍ അവന്റെ സമ്പാദ്യങ്ങളൊന്നും കൂട്ടിനു വന്നതുമില്ല.
അവിവാഹിതനായിരുന്നപ്പോള്‍ മാതാപിതാക്കള്‍ക്കു വാരിക്കോരി സ്‌നേഹം നല്‍കിയവന്‍ വിവാഹിതനാകുമ്പോള്‍ അതൊക്കെയും പ്രേയസിക്കു മാത്രമാക്കി പരിമിതപ്പെടുത്തുന്നതു കണ്ടിട്ടില്ലേ. നിറംമാറുന്ന ഓന്തിനെ പോലെയാണവന്‍. മാതാവിനെ തള്ളി ഭാര്യയെ പുണരാന്‍ മാതാവ് എന്തു തെറ്റു ചെയ്തു? മാതാവിനെക്കാള്‍ വിശിഷ്ടയാക്കുന്ന എന്താണു ഭാര്യയിലുള്ളത്?
ജീവിതത്തിലേക്കു പുതിയ ആളുകള്‍ വരുമ്പോള്‍ പഴയ ആളുകളെ വേണ്ടത്ര പരിഗണിക്കാനായില്ലെങ്കിലും പാടെ അവഗണിക്കാതിരിക്കുകയെങ്കിലും ചെയ്യാനുള്ള വിശാലത കാണിക്കണം. അവസാനം വന്നവരെ സല്‍ക്കരിക്കാനോടുമ്പോള്‍ ആദ്യം വന്നവര്‍ക്ക് ഞങ്ങള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുമോ എന്ന ആശങ്ക സ്വാഭാവികമാണ്. അവരുടെ ആ ആശങ്ക യാഥാര്‍ഥ്യമാവുകകൂടി ചെയ്താല്‍ അതവര്‍ക്ക് കനത്ത പ്രഹരമായാണ് അനുഭവപ്പെടുക. എത്ര വലിയ സന്തോഷമുഹൂര്‍ത്തമാണെന്നു പറഞ്ഞാലും മകന്റെ വിവാഹസുദിനത്തില്‍ മാതാവിന്റെ മനസില്‍ പലവിധ ആശങ്കകളും നിഴലിട്ടു നില്‍ക്കും. മകന്‍ മരുമോള്‍ക്കു കീഴടങ്ങുമോ എന്ന ആശങ്ക. ഇത്രയുംകാലം തന്നിലേക്കു തിരിഞ്ഞുനിന്ന മകന്റെ മുഖം ഇനി തനിക്കു നിഷേധിക്കപ്പെടുമോ എന്ന ഭയം. ഈ ഭയാശങ്കകളെ കൂടുതല്‍ അരക്കിട്ടുറപ്പിക്കുന്ന വിധമാണു മകന്റെ തുടര്‍ന്നുള്ള ജീവിതമെങ്കില്‍ ആ മാതൃഹൃദയത്തില്‍ അവന്‍ ഒരു നന്ദികെട്ടവനായിരിക്കും. മാതൃവയറ്റില്‍ പ്രതീക്ഷകളും സ്വപ്‌നങ്ങളുമായിരുന്നവന്‍ കാലംചെന്നപ്പോള്‍ മാതൃഹൃദയത്തില്‍ നിരാശയും പ്രയാസവുമായി മാറുകയെന്നത് വിജയിച്ച ജീവിതത്തിന്റെ അടയാളമല്ല.
പണക്കാരനായപ്പോള്‍ അവനു നമ്മെ വേണ്ടാതായി എന്ന പരാതി കേള്‍ക്കാറില്ലേ. നിറംമാറുന്നതു കാണാന്‍ ആര്‍ക്കും ഇഷ്ടമില്ല. തെരഞ്ഞെടുപ്പിനു മുമ്പുള്ള അതേ മുഖമാണ് തെരഞ്ഞെടുപ്പിനുശേഷവും ജനം കാണാനിഷ്ടപ്പെടുന്നത്. ജോലി കിട്ടുന്നതിനു മുമ്പുണ്ടായിരുന്ന അതേ ചിരി ജോലി കിട്ടിയ ശേഷവും നിലനില്‍ക്കണമെന്നാണു കൂട്ടുകാരുടെ ആഗ്രഹം. അതില്‍ നേരിയൊരു വ്യത്യാസം പോലും വലിയ ദുഃഖമുണ്ടാക്കും. സ്രഷ്ടാവായ അല്ലാഹുവിനും ഇഷ്ടമില്ല ആ നിറമാറ്റം. സൂറഃ അന്‍കബൂത് 65, 66 സൂക്തങ്ങളില്‍ ഇങ്ങനെ കാണാം: ''ജലയാനത്തില്‍ കയറിയാല്‍ നിഷ്‌കളങ്കരായി വിധേയത്വമുള്ളവരായി അല്ലാഹുവിനോടവര്‍ പ്രാര്‍ഥിക്കും. അവനവരെ കരയിലേക്കു രക്ഷപ്പെടുത്തുമ്പോഴോ, അവരതാ അവനു പങ്കുകാരെ വരിക്കുന്നു! ശരി, നാം നല്‍കിയ അനുഗ്രഹങ്ങള്‍ക്ക് ഇങ്ങനെയവര്‍ നന്ദികേട് കാട്ടുകയും സുഖമനുഭവിക്കുകയും ചെയ്യട്ടെ. അതിന്റെ തിക്തഫലം പിന്നീട് അവര്‍ അറിഞ്ഞുകൊള്ളും.''
അതേ, സൗകര്യപൂര്‍വം നിറംമാറുന്നവര്‍ അനുഭവിക്കുകതന്നെ ചെയ്യും. വന്ന വഴി മറക്കുന്നവന്‍ തിരിച്ചുപോരേണ്ടിവരുമ്പോള്‍ പെടുമെന്നുറപ്പ്. കയറിവന്ന പടികളെ തള്ളുന്നവന് തിരിച്ചിറങ്ങാനാവില്ലതന്നെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."