കാലവർഷം 57 ശതമാനം കുറവ്; ശരാശരി പെയ്ത്ത് പത്തനംതിട്ടയിൽ മാത്രം അണക്കെട്ടുകളിൽ ശേഷിയുടെ 29 ശതമാനം വെള്ളം മാത്രം
ബാസിത് ഹസൻ
തൊടുപുഴ
തെക്കുപടിഞ്ഞാറൻ കാലവർഷത്തിന്റെ തുടക്കം ദുർബലം. കാലവർഷം തുടങ്ങി 11 ദിവസം പിന്നിടുമ്പോൾ സംസ്ഥാനത്ത് 57 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ജൂൺ ഒന്നു മുതൽ ഇന്നലെ വരെയുള്ള കണക്കുപ്രകാരം പത്തനംതിട്ട ജില്ലയിൽ മാത്രമാണ് ശരാശരി മഴ ലഭിച്ചിരിക്കുന്നത്. എട്ട് ജില്ലകളിൽ മഴക്കുറവ് രേഖപ്പെടുത്തിയപ്പോൾ അഞ്ച് ജില്ലകളിൽ അധിക മഴക്കുറവാണ്. കണ്ണൂർ, കാസർകോട്, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലാണ് അധിക മഴക്കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. ജില്ലകളിലെ മഴക്കുറവ് ശതമാനത്തിൽ ഇങ്ങനെയാണ്. കാസർകോട് 85 ശതമാനം, വയനാട് 84, പാലക്കാട് 83, കണ്ണൂർ 78, ഇടുക്കി 71, കോഴിക്കോട് 53, ആലപ്പുഴ 42, എറണാകുളം 46, കൊല്ലം 45, കോട്ടയം 40, മലപ്പുറം 49, തിരുവനന്തപുരം 36, തൃശൂർ 45 ശതമാനം. ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറിൽ അണക്കെട്ടുകളുടെ വൃഷ്ടി പ്രദേശത്ത് പെയ്ത മഴയുടെ കണക്ക് ഇങ്ങനെയാണ്. ഇടുക്കി 23.2 മി.മീ, പമ്പ 32, കക്കി 12, ഷോളയാർ 2, ഇടമലയാർ 29.2, കുണ്ടള 0.2, കുറ്റ്യാടി 16, തര്യോട് 4.4, പൊന്മുടി 9, കല്ലാർകുട്ടി 5, പെരിങ്ങൽകുത്ത് 32, ലോവർപെരിയാർ 26 മി.മീ. മഴ കുറഞ്ഞതോടെ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് ഗണ്യമായി കുറഞ്ഞു. 10.862 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളം മാത്രമാണ് ഇന്നലെ അണക്കെട്ടുകളിലേക്ക് ഒഴുകിയെത്തിയത്.
സംസ്ഥാനത്തിന്റെ മൊത്തം സംഭരണശേഷിയുടെ 30 ശതമാനം വെള്ളമാണ് എല്ലാ അണക്കെട്ടുകളിലുമായി നിലവിലുള്ളത്. കഴിഞ്ഞ വർഷം ഇതേദിവസം 36.5 ശതമാനം വെള്ളമുണ്ടായിരുന്നു. 1256.367 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉത്പ്പാദിപ്പിക്കാനുള്ള വെള്ളമാണ് ഇനി അവശേഷിക്കുന്നത്. കാലവർഷം ശക്തിപ്രാപിച്ചില്ലെങ്കിൽ ഊർജ മേഖലയുടെ കണക്കുകൂട്ടലുകൾ തെറ്റും.
സംസ്ഥാനത്തിന്റെ സംഭരണശേഷിയുടെ പകുതിയിലധികം ഉൾക്കൊള്ളുന്ന ഇടുക്കി അണക്കെട്ടിൽ മെയ് അവസാന വാരം ജലനിരപ്പ് 40 ശതമാനത്തിലെത്തിയിരുന്നു. നീരൊഴുക്ക് കുറഞ്ഞതോടെ 36 ശതമാനത്തിലേക്ക് താഴ്ന്നു. സംസ്ഥാനത്ത് ചൂട് കൂടിയതോടെ പ്രതിദിന വൈദ്യുതി ഉപഭോഗവും ഉയരുകയാണ്. 79.525 ദശലക്ഷം യൂനിറ്റായിരുന്നു ഇന്നലത്തെ ഉപഭോഗം. ഇതിൽ 57.624 ദശലക്ഷം യൂനിറ്റ് പുറത്തുനിന്നും എത്തിച്ചപ്പോൾ 21.9 ദശലക്ഷം യൂനിറ്റ് ആഭ്യന്തര ഉത്പ്പാദനമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."