കൊറോണ വൈറസ് ചൈനീസ് ലാബില്‍നിന്ന് ചോര്‍ന്നതെന്ന് യു.എസ് റിപ്പോര്‍ട്ട്
വാഷിങ്ടണ്‍: ലോകരാജ്യങ്ങളെ പിടിച്ചുലച്ച കൊറോണ വൈറസ് ചൈനയിലെ വുഹാന്‍ ലാബില്‍നിന്ന് ചോര്‍ന്നതാണെന്ന് യു.എസിന്റെ പഠന റിപ്പോര്‍ട്ട്. യു.എസിലെ ദേശീയ പരീക്ഷണശാല പുറത്തുവിട്ട റിപ്പോര്‍ട്ട് വാള്‍സ്ട്രീറ്റ് ജേണലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
2020 മെയ് മാസത്തില്‍ സര്‍ക്കാരിനു കീഴിലുള്ള കാലിഫോര്‍ണിയയിലെ ലോറന്‍സ് ലിവര്‍മോര്‍ നാഷനല്‍ ലബോറട്ടറി നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്.
വൈറസിന്റെ ഉത്ഭവം ചൈനയിലെ ലാബില്‍ നിന്നാണെന്നും ഇതുസംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധികാരമൊഴിയാന്‍ മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ വിദേശകാര്യ വകുപ്പിന്റെ നിര്‍ദേശപ്രകാരമാണ് പഠനം നടത്തിയത്. കൊറോണ വൈറസിന്റെ ജീനുകളെ പഠനവിധേയമാക്കിയാണ് ലബോറട്ടറി പഠന റിപ്പോര്‍ട്ട് തയാറാക്കിയതെന്നും വാള്‍സ്ട്രീറ്റ് ജേണല്‍ പറയുന്നു.
ചൈന കൊറോണ വൈറസ് ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതിനു മുന്‍പ് 2019 നവംബറില്‍ വുഹാനിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ മൂന്നു ഗവേഷകര്‍ രോഗബാധിതരായി ചികിത്സ തേടിയിരുന്നുവെന്ന് യു.എസ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു.
കൊറോണ വൈറസ് ഉത്ഭവിച്ചത് ചൈനയിലെ ലബോറട്ടറിയില്‍നിന്നാണോ എന്ന ആരോപണം അന്വേഷിക്കാനുള്ള അമേരിക്കന്‍ തീരുമാനത്തെ വിമര്‍ശിച്ച് ചൈന രംഗത്തെത്തിയിരുന്നു. ഇക്കാര്യം അന്വേഷിക്കാന്‍ യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ ഉത്തരവിട്ടതിനു പിന്നാലെയാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം ഇതിനെതിരേ രംഗത്തുവന്നത്.അതിനിടെ, കൊറോണ വൈറസിന്റെ ഉത്ഭവവുമായി ബന്ധപ്പെട്ട് സുതാര്യമായ രീതിയില്‍ വിവരങ്ങള്‍ കൈമാറാന്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണയോടെ ചൈനയ്ക്കുമേല്‍ സമ്മര്‍ദം ചെലുത്തുമെന്ന് യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സുള്ളിവന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ സത്യം വെളിച്ചത്തു കൊണ്ടുവരാന്‍ യു.എസ് സ്വന്തം നിലയ്ക്കു ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, കൊവിഡ് ഉത്ഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ കൈമാറാന്‍ ചൈനയെ നിര്‍ബന്ധിക്കാന്‍ ലോകാരോഗ്യ സംഘടനയ്ക്കു കഴിയില്ലെന്ന് ഡബ്ല്യു.എച്ച്.ഒ അടിയന്തര പദ്ധതി ഡയരക്ടര്‍ മൈക് റയാന്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."