കോച്ചുകള്‍ വെട്ടിക്കുറച്ചു; കാലുകുത്താന്‍ ഇടമില്ലാത്ത പാസഞ്ചര്‍ യാത്ര ദുരിത യാത്രയാവുന്നു
കോച്ചുകള്‍ വെട്ടിക്കുറച്ചു; കാലുകുത്താന്‍ ഇടമില്ലാത്ത പാസഞ്ചര്‍ യാത്ര ദുരിത യാത്രയാവുന്നു
തിരുവനന്തപുരം: കണ്ണൂര്‍- മംഗളൂരു ട്രെയിന്‍ യാത്ര ദുരിത യാത്രയാവുന്നു. മെമു പിന്‍വലിച്ച് എത്തിയ മംഗളൂരു-കണ്ണൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ കോച്ചുകള്‍ വെട്ടിക്കുറച്ചതോടെ കാസര്‍കോട്, കണ്ണൂര്‍ ജില്ലക്കാര്‍ക്ക് കാലു കുത്താന്‍ പോലുമിടമില്ലാത്ത ട്രെയിന്‍ യാത്രയായി മാറിയത്. മെമു തുടങ്ങുന്നതിന് മുന്‍പേ ഓടിയിരുന്ന പാസഞ്ചര്‍ ട്രെയിനില്‍ 16 വരെ കോച്ചുകളായിരുന്നു. പാസഞ്ചര്‍ ഒഴിവാക്കി മെമു ഓടാന്‍ തുടങ്ങിയതോടെ അതില്‍ കോച്ചുകള്‍ 14 ആയി. പിന്നീട് മെമു ഒഴിവാക്കി പാസഞ്ചര്‍ തന്നെ തിരിച്ചെത്തിയപ്പോള്‍ കോച്ചുകളുടെ എണ്ണം 10 ആയി ചുരുക്കി. ഇതോടെയാണ് പാസഞ്ചറിലെ യാത്ര ദുരിത യാത്രയായത്.
മെമുവിനെ ഒഴിവാക്കി പഴയ പാസഞ്ചര്‍ ട്രെയിന്‍ തിരിച്ചെത്തിയപ്പോള്‍ 14 കോച്ച് പത്തായെങ്കിലും മുന്നിലും പിന്നിലും രണ്ട് കുടുസ് ലേഡീസ് കമ്പാര്‍ട്‌മെന്റുണ്ടായിരുന്നു. എന്നാല്‍ വ്യാഴാഴ്ച മുതല്‍ ആ ലേഡീസ് കോച്ചും ഒഴിവായതോടെ സ്ത്രീയാത്രക്കാരും ദുരിതം അനുഭവിക്കാന്‍ തുടങ്ങി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മംഗളൂരുവില്‍നിന്ന് കര്‍ണാടകത്തിലെ പലഭാഗങ്ങളിലേക്കുള്ള ട്രെയിനുകളിലേക്ക് പാസഞ്ചറിലെ കോച്ചുകള്‍ അടര്‍ത്തിയെടുത്തതാണ് ദുരിതത്തിന് കാരണം. ഒരാഴ്ചയായി കുടുസുബോഗി ലേഡീസ് കോച്ചായുണ്ടായെങ്കിലും അവയും അടര്‍ത്തിമാറ്റി മറ്റുട്രെയിനുകളിലേക്ക് ഉപയോഗിച്ചു.
പാസഞ്ചര്‍ ട്രെയിനുകളെ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള നൂറു കണക്കിനു യാത്രക്കാരാണ് ദിവസവും ആശ്രയിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നതോടെ യാത്രക്കാരുടെ എണ്ണം ഇരട്ടിയിലേറെയാകും. മിക്ക സര്‍ക്കാര്‍ ഓഫിസുകളില്‍ പഞ്ചിങ് കര്‍ശനമാക്കിയതോടെ 9.30നു കാസര്‍കോട്ടെത്തുന്ന പാസഞ്ചര്‍ ട്രെയിനിലാണ് ജീവനക്കാര്‍ ഏറെയും എത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."