വിദ്വേഷ പ്രസംഗം:വേണ്ടത് ശക്തമായ നിയമം
Hate speech: What is needed is a strong law
വിദ്വേഷ പ്രസംഗങ്ങളില്‍ പരാതികളില്ലെങ്കിലും സ്വമേധയാ കേസെടുക്കണമെന്ന് സുപ്രിംകോടതി നിര്‍ദേശം നല്‍കിയിരിക്കുന്നു. ഉത്തരവിന്റെ ഏതെങ്കിലും തരത്തിലുള്ള ലംഘനം കോടതിയലക്ഷ്യമായി കണക്കാക്കുമെന്ന് ബെഞ്ച് ആവര്‍ത്തിച്ചു. ധര്‍മസന്‍സദുകളുടെ പേരില്‍ രാജ്യത്ത് വ്യാപകമായ വിദ്വേഷ പ്രസംഗങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തില്‍ അത്തരം പ്രസംഗങ്ങള്‍ക്കെതിരേ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഡല്‍ഹി, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് പൊലിസ് മേധാവികളോടാണ് നേരത്തെ സുപ്രിംകോടതി ആവശ്യപ്പെട്ടിരുന്നത്. ഇത് രാജ്യവ്യാപകമായ ഉത്തരവാക്കി മാറ്റിയതോടെ വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരായ പോരാട്ടത്തില്‍ സുപ്രധാന ചുവടുവയ്പ്പാണ് ജസ്റ്റിസുമാരായ കെ.എം ജോസഫ്, ബി.വി നാഗരത്‌ന എന്നിവരടങ്ങിയ ബെഞ്ച് നടത്തിയിരിക്കുന്നത്.
രാജ്യത്തെ വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരായ പോരാട്ടത്തില്‍ മൂന്ന് പ്രധാന തടസങ്ങളാണുള്ളത്. അധികാരികളുടെ ഇരട്ടത്താപ്പാണ് ഇതില്‍ പ്രധാനപ്പെട്ടത്. നേതാക്കള്‍ ഉള്‍പ്പെട്ട വിദ്വേഷ പ്രസംഗങ്ങള്‍ പരിശോധിക്കപ്പെടാതെ പോകുകയും രാഷ്ട്രീയ എതിരാളികള്‍ക്കെതിരായി വിദ്വേഷ പ്രസംഗത്തിനുപയോഗിക്കാവുന്ന വകുപ്പുകള്‍ ഉപയോഗിക്കുകയും ചെയ്യുന്നു. രണ്ടാമത്തേത് ഇതുണ്ടാക്കുന്ന സാമൂഹിക ധ്രുവീകരണം ഗുണഭോക്താക്കള്‍ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നതാണ്. വിദ്വേഷ പ്രസംഗത്തിന് കൃത്യമായ നിര്‍വചനമില്ലെന്നതാണ് മൂന്നാമത്തെ പ്രശ്‌നം.
വിദ്വേഷ പ്രസംഗങ്ങള്‍ ഉള്‍പ്പെടുന്ന കേസുകളില്‍ ഉടനെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ട് സുപ്രിംകോടതി ആദ്യ തടസം നീക്കിയിരിക്കുന്നു. പരാതിയില്ലാത്തതുകൊണ്ടാണ് കേസെടുക്കാത്തതെന്ന ന്യായം പൊലിസിന് ഇനി പറയാനാകില്ല.
സമൂഹത്തിനിടയില്‍ വിള്ളലുണ്ടാക്കാന്‍ ശ്രമിക്കുന്നവരെ പ്രതിരോധിക്കാനുള്ള ഏക മാര്‍ഗം കര്‍ശനവും നിരന്തരവുമായ പൊലിസ് നടപടിയാണ്. ദൗര്‍ഭാഗ്യവശാല്‍, ഇത്തരക്കാര്‍ക്കെതിരേ നടപടിയെടുക്കുന്നതില്‍ പൊലിസും ഭരണകൂടങ്ങളും തുടര്‍ച്ചയായി വീഴ്ച വരുത്തുന്നത് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നു. വിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ രാഷ്ട്രീയപ്പാര്‍ട്ടികളുമായി ബന്ധപ്പെട്ടവരാണെങ്കില്‍ ഒരു നടപടിയുമുണ്ടാകില്ല. കേസുകള്‍ ഫയല്‍ ചെയ്യാന്‍ അധികൃതര്‍ പരാതികള്‍ക്കായി കാത്തിരിക്കരുതെന്ന കോടതിയുടെ നിര്‍ദേശം ഈ സാഹചര്യത്തിന് മാറ്റമുണ്ടാക്കും. എങ്കിലും പൗരസമൂഹത്തിന്റെ സ്ഥിരമായ ജാഗ്രതയും നിരീക്ഷണവും അനിവാര്യമാണ്. പരാതികള്‍ ആവശ്യമില്ലെന്നതിനര്‍ഥം പരാതികള്‍ വേണ്ടെന്നല്ല. പരാതികളുമായി പൊതുസമൂഹം മുന്നിലുണ്ടാകുമ്പോഴാണ് സുസ്ഥിരമായ മാറ്റമുണ്ടാകുകയുള്ളൂ.
വിദ്വേഷ പ്രസംഗങ്ങള്‍ തടയുന്നതിലെ രാഷ്ട്രീയവും നിയമപരവുമായ തടസങ്ങള്‍ കൂടി പരിഹരിക്കപ്പെടേണ്ടതുണ്ട്. വിദ്വേഷ പ്രസംഗത്തിനെതിരേ ഒരു രാഷ്ട്രീയ സമവായം കെട്ടിപ്പടുക്കുകയാണ് രാഷ്ട്രീയ തടസം മറികടക്കാനുള്ള ആദ്യവഴി. അതിനായി കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ആശയവിനിമയം ശരിയായി നടക്കണം. വിഭാഗീയ പരാമര്‍ശങ്ങള്‍ നടത്തുന്ന നേതാക്കളെ തള്ളിക്കളയാനും ഇത്തരം അഭിപ്രായങ്ങള്‍ക്ക് വേദിയൊരുക്കാതിരിക്കാനും രാഷ്ട്രീയപ്പാര്‍ട്ടികള്‍ തയാറാകണം. മാധ്യമങ്ങളും തങ്ങളുടെ വേദികള്‍ അതിനായി ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. ടെലിവിഷന്‍ ചാനലുകള്‍ ചര്‍ച്ചകളിലെ അതിഥികള്‍ വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തുന്നില്ലെന്ന് ഉറപ്പാക്കണമെന്നും അവരെ നിയന്ത്രിക്കാനുള്ള ഉത്തരവാദിത്വം അവതാരകര്‍ക്കാണെന്നും നേരത്തെ സുപ്രിംകോടതി ചൂണ്ടിക്കാട്ടിയിരുന്നു.
നിയമപരമായ തടസങ്ങള്‍ നീക്കലാണ് അടുത്ത വഴി. വിദ്വേഷ പ്രസംഗങ്ങള്‍ തടയാന്‍ രാജ്യത്ത് നിലവില്‍ ഉപയോഗിക്കുന്ന നിയമങ്ങള്‍ ദുരുപയോഗം ചെയ്യാൻ സാധ്യതയുള്ളവയാണ്. രാഷ്ട്രീയ എതിരാളികള്‍ക്കെതിരേ സര്‍ക്കാരുകള്‍ ഇത്തരം നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് നമ്മള്‍ കാണുന്നുണ്ട്.
നിയമ കമ്മിഷന്‍ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ എന്താണ് വിദ്വേഷ പ്രസംഗമെന്ന് നിര്‍വചിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഇതിന് സര്‍ക്കാരും സുപ്രിംകോടതിയും തന്നെ മുന്നിട്ടിറങ്ങണം. രണ്ട്, അതിനെതിരായ നിയമങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള വ്യക്തമായൊരു മാര്‍ഗരേഖയാണ്. അത് നിയമത്തിന്റെ ദുരുപയോഗം തടയാന്‍ സഹായിക്കും.
നിയമത്തിലെ പഴുതുകള്‍ ഇല്ലാതാക്കും. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 295എ ആണ് ഇത്തരം കേസുകളില്‍ കൂടുതല്‍ ഉപയോഗിക്കുന്നത്. ഇത് പ്രധാനമായും മതനിന്ദാവിരുദ്ധ നിയമമാണ്.അല്ലെങ്കില്‍ 153 എ, 153 ബി എന്നിവ ഉപയോഗിക്കും. ഇത് സാമൂഹിക ക്രമം നിലനിര്‍ത്തുന്നതിനുള്ളതാണ്. നിലവിലെ വിദ്വേഷ പ്രസംഗങ്ങള്‍ തടയാന്‍ ഈ വകുപ്പുകള്‍ മതിയാകില്ല. വിദ്വേഷ പ്രസംഗങ്ങള്‍ തടയാന്‍ ചില സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രിംകോടതി ഒക്ടോബറില്‍ നിര്‍ദേശം നല്‍കിയിട്ടും കാര്യമായ നടപടികളുണ്ടാകാതിരുന്നത് നിയമത്തില്‍ ഈ ദുര്‍ബലമായ വകുപ്പുകള്‍ മാത്രമാണ് ലഭ്യമായവ എന്നതു കൊണ്ട് കൂടിയാണ്. അതിനാല്‍ ശക്തമായ നിയമങ്ങള്‍ വേണ്ടതുണ്ട്.
വിദ്വേഷ പ്രസംഗം അതീവ അപകടകരമാണെന്നാണ് കോടതി നിരീക്ഷിച്ചത്. അതിന് രാജ്യത്തിന്റെ മതേതര ഘടനയെ തകര്‍ക്കാന്‍ കഴിയും. അത് രാജ്യത്തെ വിഭജിക്കുന്നതിന് തുല്യമാണ്. ജനാധിപത്യത്തെ സംരക്ഷിക്കുന്നതിന് ഭരണപരമായ പരിഹാര നടപടികള്‍ക്ക് പുറമെ, രാഷ്ട്രീയവും നിയമപരവുമായ പരിഹാരങ്ങള്‍ കൂടി കണ്ടെത്തേണ്ടതുണ്ട്.
Hate speech: What is needed is a strong law
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."