മുസ്‌ലിം സ്‌കോളര്‍ഷിപ്പ് ; പിന്നോക്കക്കാരെ മതന്യൂനപക്ഷം മാത്രമായി ചിത്രീകരിക്കാമോ?
അഡ്വ. മുഹമ്മദ് ത്വയ്യിബ് ഹുദവി
ഇന്ത്യയിലെ സാമൂഹിക, വിദ്യാഭ്യാസ, സാമ്പത്തിക പിന്നോക്കവിഭാഗം എന്ന നിലയില്‍ മുസ്‌ലിം സമുദായത്തിന്റെ പിന്നോക്കാവസ്ഥയെക്കുറിച്ച് പഠിക്കാന്‍ നോട്ടിഫിക്കേഷന്‍ നമ്പര്‍: 850 /3/സി3/05-പി.ഒ.എല്‍ പ്രകാരം 2005 മാര്‍ച്ച് 9ന് നിയോഗിക്കപ്പെട്ട ഡല്‍ഹി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ അധ്യക്ഷനായ കമ്മിറ്റി മുസ്‌ലിംകള്‍ എല്ലാ നിലക്കും പിന്നോക്കാവസ്ഥയിലാണെന്ന് കണ്ടെത്തുകയുണ്ടായി. അപ്രകാരമുള്ള വസ്തുതകളും 72 പരിഹാര മാര്‍ഗങ്ങളും ഉള്‍പ്പെടുത്തിയിട്ടുള്ള റിപ്പോര്‍ട്ട് 2006 നവംബര്‍ 17ന് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കുകയും 2006 നവംബര്‍ 30ന് പാര്‍ലമെന്റിന്റെ പരിഗണനക്ക് സമര്‍പ്പിക്കുകയുമുണ്ടായി. സച്ചാര്‍ കമ്മിറ്റിയുടെ നിര്‍ദേശങ്ങളില്‍ നിന്ന് 43 എണ്ണം നടപ്പില്‍ വരുത്തുന്നതിന് കേന്ദ്രസര്‍ക്കാര്‍ മുന്‍കൈയെടുക്കുകയും അതോടൊപ്പം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. നിരവധി സംസ്ഥാനങ്ങളില്‍ മുസ്‌ലിംകള്‍ക്ക് വേണ്ടി ക്ഷേമവകുപ്പും പദ്ധതികളും ആരംഭിക്കുകയും നോഡല്‍ ഏജന്‍സികളായി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു.
ആനുകൂല്യങ്ങള്‍
മുസ്‌ലിംകളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി അഞ്ച് പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ചു. പ്രസ്തുത പദ്ധതികള്‍ ജി.ഒ.(എം.എസ്) നം. 278/2008 ജി.എ.ഡി, തീയതി: 16.08.2008 നമ്പര്‍ സര്‍ക്കാര്‍ ഉത്തരവായി പ്രസിദ്ധീകരിച്ചു. പ്രസ്തുത ഉത്തരവിലുള്ള അഞ്ച് പദ്ധതികള്‍ ചുരുക്കത്തില്‍ വിവരിക്കാം. (1) 5000 എണ്ണം മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് ബിരുദ, ബിരുദാനന്തര, പ്രൊഫഷനല്‍ കോഴ്‌സുകള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍, (2) മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് മെറിറ്റ് കം മീന്‍സ് അടിസ്ഥാനത്തില്‍ ഹോസ്റ്റല്‍ സ്‌റ്റൈപ്പെന്റ്, (3) മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് സിവില്‍ സര്‍വിസ് കോഴ്‌സ് പോലെ ഉന്നത കോഴ്‌സുകള്‍ക്കുള്ള എന്‍ട്രന്‍സ് പരീക്ഷാ ട്രെയ്‌നിങ് സെന്റര്‍, (4) മദ്‌റസാധ്യാപക ക്ഷേമനിധി രൂപീകരണം, (5) എല്ലാ കലക്ടറേറ്റുകളിലും ന്യൂനപക്ഷ സെല്ലുകള്‍ രൂപീകരിക്കല്‍. ഈ അഞ്ച് പദ്ധതികള്‍ സമാരംഭം കുറിക്കാനും തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി 2008ലെ ബജറ്റില്‍ പാസാക്കിയ നോണ്‍പ്ലാന്‍ ഫണ്ട് 10 കോടി രൂപയും അനുവദിക്കുകയുണ്ടായി. ഈ ഉത്തരവാണ് കേരള സംസ്ഥാനത്ത് സച്ചാര്‍ കമ്മിറ്റിയുടെയും പാലോളി കമ്മിറ്റിയുടെയും നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള അടിസ്ഥാന മാര്‍ഗരേഖയായി പിന്നീട് പരിഗണിക്കപ്പെട്ടത്. 2008 വര്‍ഷം മുതല്‍ തന്നെ ഈ പദ്ധതികളെല്ലാം നടപ്പിലാക്കപ്പെട്ടു തുടങ്ങിയിരുന്നു. അവ പ്രാവര്‍ത്തികമാക്കുന്നതിന് ജി.ഒ.(എം.എസ്) നം.355/2008/ജി.എ.ഡി, തീയതി: 06.11.2008 പ്രകാരം മേല്‍പറഞ്ഞ പദ്ധതികള്‍ക്ക് വിശദമായ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.
ജി.ഒ.(എം.എസ്) നം. 125/2009/ജി.എ.ഡി, തീയതി: 02.06.2009 പ്രകാരം സ്‌കോളര്‍ഷിപ്പും സ്‌റ്റൈപ്പെന്റും സര്‍ക്കാര്‍, എയ്ഡഡ് സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥിനികള്‍ക്ക് പുറമെ ശുപാര്‍ശ ചെയ്യപ്പെട്ട സ്വാശ്രയ കോളജ് വിദ്യാര്‍ഥിനികള്‍ക്ക് കൂടി ലഭ്യമാക്കി. ജി.ഒ.(പി) നം. 2/2011/ജി.എ.ഡി, തീയതി: 01.01.2011 പ്രകാരം ന്യൂനപക്ഷ ക്ഷേമ വകുപ്പ് രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ഇത്തരം പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുന്നതിനിടയില്‍ ചില ജനപ്രതിനിധികള്‍ സര്‍ക്കാരിനെ സമീപിക്കുകയും മത്സര പരീക്ഷകള്‍ക്ക് മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ട്രെയ്‌നിങ് സെന്ററുകളിലെ ക്ലാസുകളില്‍ മറ്റു പിന്നോക്ക വിദ്യാര്‍ഥികള്‍ക്ക് കൂടി പങ്കെടുക്കാന്‍ അവസരം നല്‍കണമെന്ന് അപേക്ഷിക്കുകയുണ്ടായി. തുടര്‍ന്ന് അര്‍ഹരായവരുടെ അപേക്ഷകള്‍ക്കനുസരിച്ച് നിലവിലുള്ള സീറ്റുകളുടെ കൂടെ 20 ശതമാനം സീറ്റുകള്‍ കൂടി വര്‍ധിപ്പിച്ച് മറ്റു പിന്നോക്ക വിദ്യാര്‍ഥികള്‍ക്ക് കൂടി ക്ലാസില്‍ പങ്കെടുക്കാന്‍ അവസരം നല്‍കി. അതോടൊപ്പം 'മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് അവസരനഷ്ടം ഉണ്ടാകാത്ത വിധത്തില്‍ 20 ശതമാനംവരെ മറ്റു ന്യൂനപക്ഷ മതവിഭാഗങ്ങള്‍ക്കും മറ്റു പിന്നോക്ക സമുദായങ്ങള്‍ക്കും കൂടി പ്രവേശനം അനുവദിച്ചുകൊണ്ട് ഇതിനാല്‍ ഉത്തരവാകുന്നു' എന്ന് വ്യക്തമായി രേഖപ്പെടുത്തി കൊണ്ട് ജി.ഒ.(എം.എസ്)നം. 34/2011/ ജി.എ.ഡി, തീയതി: 31.01.2011 നമ്പര്‍ സര്‍ക്കാര്‍ ഉത്തരവ് പ്രസിദ്ധീകരിക്കുകയും ചെയ്തു. തുടര്‍ന്ന് പരീക്ഷ ട്രെയ്‌നിങ് സെന്ററുകളില്‍ മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് അവസര നഷ്ടം ഉണ്ടാകാത്തവിധം മറ്റു പിന്നോക്ക വിദ്യാര്‍ഥികളും പരിശീലനം നേടുന്നത് ആരംഭിച്ചു.
2008 മുതല്‍ തുടര്‍ന്നുളള വര്‍ഷങ്ങളില്‍ അര്‍ഹരായ അപേക്ഷക്കനുസരിച്ച് മേല്‍പ്പറഞ്ഞ സ്‌കോളര്‍ഷിപ്പ് 5000 മുസ്‌ലിം പെണ്‍കുട്ടികള്‍ക്കും ഹോസ്റ്റല്‍ സ്‌റ്റൈപ്പെന്റ് 2000 മുസ്‌ലിം പെണ്‍കുട്ടികള്‍ക്കും അനുവദിച്ച് വരികയായിരുന്നു. അതിനിടയില്‍ ചില ജനപ്രതിനിധികള്‍ സര്‍ക്കാരിനെ സമീപിക്കുകയും പ്രസ്തുത സ്‌കോളര്‍ഷിപ്പും ഹോസ്റ്റല്‍ സ്‌റ്റൈപ്പെന്റും മറ്റു പിന്നോക്ക വിദ്യാര്‍ഥികളില്‍ നിന്ന് അര്‍ഹരായവര്‍ക്കു കൂടി അനുവദിക്കണമെന്ന് അഭ്യര്‍ഥിക്കുകയുണ്ടായി. ഇതനുസരിച്ച് സര്‍ക്കാര്‍ ക്രിസ്ത്യന്‍ മതത്തിലെ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന ജനവിഭാഗങ്ങള്‍ എന്ന നിലക്ക് ലത്തീന്‍ ക്രിസ്ത്യന്‍ വിഭാഗത്തിലേയും പരിവര്‍ത്തിത ക്രിസ്ത്യന്‍ വിഭാഗത്തിലേയും പെണ്‍കുട്ടികള്‍ക്ക് കൂടി സ്‌കോളര്‍ഷിപ്പും ഹോസ്റ്റല്‍ സ്‌റ്റൈപ്പന്റും നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. തുടര്‍ന്ന് 'മുസ്‌ലിം വിദ്യാര്‍ഥിനികള്‍ക്ക് നല്‍കി വരുന്ന സ്‌കോളര്‍ഷിപ്പ്, ഹോസ്റ്റല്‍ സ്‌റ്റൈപ്പന്റ് എന്നിവയുടെ ആകെ എണ്ണത്തിന്റെ ഇരുപത് ശതമാനമാണ് ലത്തീന്‍പരിവര്‍ത്തിത ക്രൈസ്തവ വിദ്യാര്‍ഥിനികള്‍ക്ക് അനുവദിക്കപ്പെടുന്നത്. മുസ്‌ലിം വിദ്യാര്‍ഥിനികള്‍ക്ക് നല്‍കിവരുന്ന സ്‌കോളര്‍ഷിപ്പ്, ഹോസ്റ്റല്‍ സ്‌റ്റൈപ്പെന്റ് എന്നിവയുടെ എണ്ണം യഥാക്രമം 5000, 2000 ആയി തുടരുന്നതാണ്' എന്ന് വ്യക്തമായി രേഖപ്പെടുത്തി കൊണ്ട് ജി.ഒ.(എം.എസ്)നം.57/2011/ജി.എ.ഡി, തീയതി: 22.02.2011 നമ്പര്‍ സര്‍ക്കാര്‍ ഉത്തരവ് പ്രസിദ്ധീകരിക്കുകയും ചെയ്തു. തുടര്‍ന്ന് മുസ്‌ലിം വിദ്യാര്‍ഥിനികളില്‍ നിന്ന് ബിരുദ, ബിരുദാനന്തര, പ്രൊഫഷണല്‍ കോഴ്‌സ് പഠിക്കുന്ന അര്‍ഹരായവരുടെ അപേക്ഷകള്‍ പരിഗണിച്ച് 5000 എണ്ണം സ്‌കോളര്‍ഷിപ്പും അതോടൊപ്പം ലത്തീന്‍ പരിവര്‍ത്തിത ക്രിസ്ത്യന്‍ വിദ്യാര്‍ഥിനികളില്‍ നിന്ന് ബിരുദ, ബിരുദാനന്തര, പ്രൊഫഷണല്‍ കോഴ്‌സ് പഠിക്കുന്ന അര്‍ഹരായവരുടെ അപേക്ഷകള്‍ പരിഗണിച്ച് 1000 എണ്ണവും അനുവദിച്ചു തുടങ്ങുകയും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ അവ നിലനിര്‍ത്തുകയുമുണ്ടായി. ബജറ്റില്‍ വകയിരുത്തിയിരുന്ന നോണ്‍പ്ലാന്‍ ഫണ്ടായ പത്ത് കോടിയില്‍ നിന്നായിരുന്നു ഇത് നടപ്പിലാക്കിയിരുന്നത്.
എന്നാല്‍, ഇതിനു ശേഷം 2013ല്‍ പാലോളി കമ്മിറ്റി ശുപാര്‍ശകള്‍ പ്രകാരമുള്ള പുതിയ പദ്ധതി ആവിഷ്‌ക്കരിക്കപ്പെട്ടു. എസ്.എസ്.എല്‍.സി, പ്ലസ്ടു വിദ്യാര്‍ഥികളുടെ അഭിരുചിക്കനുസരിച്ച് തുടര്‍പഠനകോഴ്‌സ് തെരഞ്ഞെടുക്കാന്‍ സഹായിക്കുന്ന കരിയര്‍ ഗൈഡന്‍സ് പദ്ധതിയായിരുന്നു അത്. ഈ പദ്ധതിക്ക് 2013 ബജറ്റില്‍ 20 ലക്ഷം രൂപ പ്ലാന്‍ ഫണ്ടായി വകയിരുത്തുകയും ചെയ്തു. ഈ പദ്ധതിക്ക് വേണ്ടി ജി.ഒ.(ആര്‍.ടി)നം.5457/2013/ജി.എ.ഡി, തീയതി: 04.07.2013 നമ്പര്‍ സര്‍ക്കാര്‍ ഉത്തരവ് പ്രസിദ്ധീകരിച്ചു. അതില്‍ '200 രമിറശറമലേ െംശഹഹ യല ലെഹലരലേറ ളീൃ ീില ുൃീഴൃമാാല മരരീൃറശിഴ ീേ ൃമശേീ 80:20 മാീിഴ ങൗഹെശാ മിറ ഇവൃശേെശമി േൌറലിെേ' എന്ന് വ്യക്തമായി എഴുതിച്ചേര്‍ത്തത് മുസ്‌ലിംകളുടെ അവകാശം 80 ശതമാനം മാത്രമാണെന്ന് നിര്‍ണയിക്കപ്പെടുന്ന സാഹചര്യമുണ്ടാക്കി. പിന്നീടുള്ള മുഴുവന്‍ ഉത്തരവുകളെയും പദ്ധതികളെയും ഇത് ദോഷകരമായി സ്വാധീനിച്ചു. കൂടാതെ ഈ ഉത്തരവിന്റെ അബ്‌സ്ട്രാക്റ്റിലും വലിയ പോരായ്മയുണ്ടായി. പിന്നീട് ഈ ഡിപ്പാര്‍ട്ട്‌മെന്റിന് കീഴിലേക്ക് മാറ്റിയതും നിലവിലുണ്ടായിരുന്നതുമായ മുഴുവന്‍ പദ്ധതികളിലും മുസ്‌ലിംകളുടെ തോത് കുറഞ്ഞു. നിരവധി വര്‍ഷങ്ങള്‍ക്ക് മുമ്പ് ലഭിച്ചുകൊണ്ടിരുന്ന ആനുകൂല്യങ്ങളിലും മുസ്‌ലിംകളുടെ തോത് കുറയാന്‍ ഇത് കാരണമായി.
2015ല്‍ മറ്റൊരു പദ്ധതി കൂടി ആവിഷ്‌കരിച്ചു. സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ ഐ.ടി.ഐ(ഐ.ടി.സി)കളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ ഫീസ് തിരിച്ചുകൊടുക്കല്‍ പദ്ധതിയായിരുന്നു അത്. 2015ലെ ബജറ്റില്‍ 2 കോടി രൂപയാണ് ഈ പദ്ധതിക്ക് വേണ്ടി പ്ലാന്‍ ഫണ്ടായി വകയിരുത്തിയത്. ഈ പദ്ധതിക്ക് വേണ്ടി ഇറക്കിയ ജി.ഒ.(ആര്‍.ടി)നം.3426/2015/ജി.എ.ഡി, തീയതി: 8. 5.2015 നമ്പര്‍ സര്‍ക്കാര്‍ ഉത്തരവില്‍ 'The selection will be in 80:20 among Muslims and other minortiy communities'
എന്ന് വ്യക്തമായി രേഖപ്പെടുത്തിയിരുന്നു. സച്ചാര്‍ കമ്മിറ്റി , പാലോളി കമ്മിറ്റി നിര്‍ദേശ പ്രകാരമുള്ള ആനുകൂല്യങ്ങള്‍ 100ശതമാനം മുസ്‌ലിംകള്‍ക്ക് അവകാശപ്പെട്ടതാണെന്ന വാദത്തിന് ഈ ഉത്തരവിലെ പരാമര്‍ശം എതിരായി. കൂടാതെ ഈ ഉത്തരവിന്റെ അബ്‌സ്ട്രാക്റ്റ് എഴുതിയതിലും വലിയ പോരായ്മ സംഭവിച്ചു. ശേഷം സര്‍ക്കാര്‍ മറ്റൊരു പദ്ധതി കൂടി ആവിഷ്‌കരിച്ചു നടപ്പില്‍ വരുത്തി. സി.എ, ഐ.സി.ഡബ്യു. എ, സി.എസ് എന്നീ കോഴ്‌സുകള്‍ക്കുളള സ്‌കോളര്‍ഷിപ്പ് പദ്ധതിയായിരുന്നു അത്. 2015 ബജറ്റില്‍ ഒരു കോടി എണ്‍പത് ലക്ഷം രൂപ പ്ലാന്‍ഫണ്ടാണ് ഈ പദ്ധതിക്ക് വേണ്ടി വകയിരുത്തിയത്. ഈ പദ്ധതിക്ക് വേണ്ടി പ്രസിദ്ധീകരിച്ച ജി.ഒ.(ആര്‍.ടി)നം.3427/2015ജി.എ.ഡി, തീയതി: 08.05.2015 നമ്പര്‍ ഉത്തരവില്‍ ''The reservation among Muslims and other minortiy communities is in the ratio
80:20' എന്ന് വ്യക്തമായി രേഖപ്പെടുത്തുകയാണുണ്ടായത്. കൂടാതെ ഈ ഉത്തരവിന്റെ അബ്‌സ്ട്രാക്റ്റ് എഴുതിയതിലും വലിയ പോരായ്മയുണ്ടായി. സച്ചാര്‍ കമ്മിറ്റി, പാലോളി കമ്മിറ്റി ആനുകൂല്യങ്ങള്‍ 100 ശതമാനം മുസ്‌ലിംകള്‍ക്ക് അവകാശപ്പെട്ടതാണെന്ന വാദത്തിന് ഈ ഉത്തരവുകള്‍ കനത്ത പ്രഹരങ്ങളേല്‍പ്പിച്ചു. സര്‍ക്കാര്‍ ഉത്തരവുകളില്‍ ഇത്തരം പിഴവുകള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോള്‍ മറുഭാഗത്ത് മുസ്‌ലിംകള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുന്നത് ന്യൂനപക്ഷ സമുദായമായതു കൊണ്ടാണെന്നും പിന്നോക്ക വിഭാഗമായതു കൊണ്ടല്ലെന്നും ചിലര്‍ പ്രചരിപ്പിക്കാന്‍ തുടങ്ങിയതു തെറ്റിദ്ധാരണ വ്യാപകമാകാന്‍ കാരണമായി.
(തുടരും)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."