കർണാടകയിൽ ആര്ജയിക്കും, ജയിക്കണം?
എ.പി കുഞ്ഞാമു
Who will win the Karnataka elections?
കർണാടക തെരഞ്ഞെടുപ്പിൽ ആരു ജയിക്കും എന്ന ചോദ്യത്തിന്റെ ഉത്തരമെന്തായിരിക്കും എന്നതിലേക്കാണ് സാമൂഹിക നിരീക്ഷകരും സർവേ ഏജൻസികളും രാഷ്ട്രീയപ്പാർട്ടി നേതാക്കളുമെല്ലാം ഇപ്പോഴേ ഉറ്റുനോക്കുന്നത്. അതിനു കാരണം രാജ്യത്തിന്റെ രാഷ്ട്രീയഭാവി എന്തായിരിക്കും എന്നതിലേക്കുള്ള സൂചനകൂടി അത് നൽകുന്നു എന്നതാണ്. ഇപ്പോഴത്തെ പൊതുനിഗമനങ്ങളെ മുഖവിലക്കെടുക്കാമെങ്കിൽ കോൺഗ്രസിനാണ് മുൻതൂക്കം. ബി.ജെ.പിയുടെ സാധ്യതകളും തള്ളിക്കളയാവുന്നതല്ല. ഈ രണ്ടു രാഷ്ട്രീയശക്തികളുടേയും ബലാബലത്തിനിടയിൽ ഇരുപതിനും മുപ്പതിനുമിടയിൽ സീറ്റുകളുമായി ജനതാദൾ എസ് രംഗത്തുണ്ടാവുമെന്നും കണക്കാക്കപ്പെടുന്നു. അതുളവാക്കിയേക്കാവുന്ന രാഷ്ട്രീയപ്രതിസന്ധികളും തദ്ഫലമായി സംഭവിക്കുന്ന ദുരന്തങ്ങളും എന്തായിരിക്കുമെന്നതിന് 2018 ലെ മന്ത്രിസഭാ രൂപീകരണത്തിന്റെ തുടർസംഭവങ്ങൾ സാക്ഷ്യമാണ്. ജനകീയപ്രതികരണങ്ങളും സർവേ ഫലങ്ങളുമെല്ലാം മുന്നിൽവച്ചു നോക്കുമ്പോൾ ആരു ജയിക്കും എന്ന ചോദ്യത്തിന്ന് എളുപ്പത്തിലൊരു ഉത്തരം ആരും പറയുന്നില്ല.
എന്നാൽ ആരു ജയിക്കും എന്നതാണോ കർണാടക തെരഞ്ഞെടുപ്പ് സംബന്ധിച്ച് ചോദിക്കേണ്ട ചോദ്യം? ആരു ജയിക്കണം എന്നാണ് യഥാർഥത്തിൽ ചോദിക്കേണ്ടത്. ബി.ജെ.പി കർണാടകത്തിൽ തുടർഭരണം ആഗ്രഹിക്കുന്നു. ഗുജറാത്താണ് അവർക്കു മുമ്പാകെയുള്ള മാതൃക. കഴിഞ്ഞ തെരഞ്ഞെടുപ്പു കാലത്ത് ഗുജറാത്തിൽ ഭരണവിരുദ്ധ വികാരം പ്രബലമായിരുന്നു. എന്നിട്ടു ചരിത്രത്തിലില്ലാത്ത ജനപിന്തുണയോടെ ബി.ജെ.പി ജയിച്ചു കയറി. മൂന്നു കാര്യങ്ങൾക്ക് അടിവരയിട്ടു കൊണ്ടായിരുന്നു ഗുജറാത്തിലെ ബി.ജെ.പി വിജയം. ഒന്ന്, ബി.ജെ.പി നിരന്തരം ആവർത്തിച്ചുകൊണ്ടിരിക്കുന്ന ഡബിൾ എൻജിൻ എന്ന ആശയത്തിന്റെ അംഗീകാരത്തിന്റേത്. രണ്ടാമത്തേത്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിഛായക്ക്. മൂന്നാമത്തേതാണ് ഏറ്റവും പ്രധാനം. ഹിന്ദുരാഷ്ട്ര വാദത്തിന്റെ ജനകീയ അംഗീകാരമാണ് ഗുജറാത്ത് ഫലങ്ങൾ വെളിപ്പെടുത്തിയത്. അതായത് അക്രമാസക്ത ഹിന്ദുത്വത്തെ ജനങ്ങൾ പിന്തുണയ്ക്കുന്നു. അത് നൽകുന്ന അപായ സൂചനകൾ വളരെ വലുതാണ്. കർണാടകത്തിലും ഗുജറാത്തിന്റെ ആവർത്തനമാണ് ബി.ജെ.പി. പ്രതീക്ഷിക്കുന്നത്. ആ മാതൃകയാണ് പിന്തുടരുന്നതും. എന്നാൽ ആരു ജയിക്കും എന്നതല്ല ആരു ജയിക്കണം എന്നതാണ് ഇന്ത്യയുടെ ഭാവിയെ സംബന്ധിച്ചേടത്തോളം പ്രധാനം.
കോൺഗ്രസിൻ്റെ സാധ്യതകൾ
ശക്തമായ ഭരണവിരുദ്ധ വികാരമുണ്ടായിട്ടും ഗുജറാത്തിൽ ജയിക്കാൻ ബി.ജെ.പിക്ക് സാധിച്ചത് അവർ മുന്നോട്ടുവച്ച ഹിന്ദുത്വ ആശയങ്ങളെ തടുത്തുനിർത്താനുള്ള പ്രചാരണ തന്ത്രങ്ങളോ സംഘടനാ സംവിധാനങ്ങളോ കോൺഗ്രസിന് ഇല്ലായിരുന്നു എന്നതാണ്. കർണാടകയിൽ അതല്ല സ്ഥിതി. എല്ലാ അർഥത്തിലും കോൺഗ്രസിന് അവിടെ നല്ല മൂലധന നിക്ഷേപമുണ്ട്. അതിൽ ഏറ്റവും പ്രധാനം മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെന്നപോലെ നെഹ്റു കുടുംബത്തിന് കർണാടകയിലുള്ള ജനസമ്മതിയാണ്. പ്രതിസന്ധി ഘട്ടങ്ങളിൽ കർണാടക കോൺഗ്രസിനേയും നെഹ്റു കൂടുംബത്തേയും നന്നായി തുണച്ചു. ചിക്മംഗലൂരിൽ ഇന്ദിരാ ഗാന്ധിയേയും ബെല്ലാരിയിൽ സോണിയാ ഗാന്ധിയേയും വൻ ഭൂരിപക്ഷത്തോടെ ജയിപ്പിച്ച ചരിത്രമാണ് കർണാടകയുടേത്.
പതിമൂന്നു ശതമാനത്തോളമുള്ള മുസ്‌ലിം ന്യൂനപക്ഷത്തിന്റെ പിന്തുണയാണ് കർണാടകയിൽ കോൺഗ്രസിന്റെ പ്രധാന ആസ്തി. ഏതാണ്ട് ഏഴാം നൂറ്റാണ്ടിൽ തന്നെ കർണാടകയിൽ ഇസ്‌ലാം എത്തിയിട്ടുണ്ട്. പിന്നീട് ബാഹ് മനി സുൽത്താന്മാരിലൂടെയും ആദിൽ ഷാ രാജവംശത്തിലൂടെയും മുസ്‌ലിംകൾ അധികാരത്തിന്ന് അവകാശികളായി. ഒൗറംഗസീബിന്റെ കാലത്ത് മുഗളരും പിന്നീട് നൈസാമും കർണാടകയുടെ കുറേയേറെ ഭാഗങ്ങൾ ഭരിച്ചു. ഈ ഭരണ ദൗത്യം വ്യാപിപ്പിച്ചത് ഹൈദർ അലിയും ടിപ്പു സുൽത്താനുമാണ്. 1799ൽ ടിപ്പുവിന്റെ മരണത്തോടെ കർണാടകയുടെ മുസ്‌ലിം ചരിത്രം അവസാനിക്കുന്നുവെങ്കിലും തുടർന്നുള്ള കാലത്തും സംസ്ഥാനത്തിന്റെ രാഷ്ട്രീയഭാവി നിർണയിക്കുന്നതിൽ അവർ വലിയ പങ്കുവഹിച്ചിട്ടുണ്ട്. കോൺഗ്രസും ജനതാദളുമായിരുന്നു പ്രധാനമായും അതിന്റെ ഗുണഭോക്താക്കൾ. പിൽക്കാലത്ത് എസ്.ഡി.പി.ഐ മുസ്‌ലിംകൾക്കിടയിൽ സ്വാധീനമേഖലകൾ സൃഷ്ടിച്ചിട്ടുണ്ടെങ്കിലും ഈ തെരഞ്ഞെടുപ്പിൽ മുസ്‌ലിം സമൂഹം കോൺഗ്രസിനെ ഒന്നടങ്കം പിന്തുണക്കുമെന്നാണ് കരുതപ്പെടുന്നത്. ഹിജാബ് വിവാദം, മുസ്‌ലിം സംവരണം, ഏക സിവിൽ കോഡ് നടപ്പാക്കുമെന്ന വാഗ്ദാനം തുടങ്ങിയ നടപടികളിലൂടെ ബി.ജെ.പി ഹിന്ദു/മുസ്‌ലിം ധ്രുവീകരണത്തിന് ആകാവുന്നേടത്തോളം ആക്കം കൂട്ടിയിട്ടുമുണ്ട്. ഈ മുസ്‌ലിം ന്യൂനപക്ഷ പിന്തുണയാണ് കോൺഗ്രസിന്റെ പ്രത്യാശാഘടകം
.
കോൺഗ്രസ് ജനപിന്തുണയും വിഭവ സമാഹരണ സാധ്യതകളും വളരെയധികം വർധിപ്പിച്ചിട്ടുണ്ട് എന്നതാണ് കർണാടകയിൽ പാർട്ടിയുടെ പ്രതീക്ഷ വർധിപ്പിച്ചിട്ടുള്ള മറ്റൊരു ഘടകം. കെ.പി.സി.സി പ്രസിഡൻ്റ് ഡി.കെ ശിവകുമാർ അതിസമ്പന്നനാണ്. മറ്റു സംസ്ഥാനങ്ങളിൽ ബി.ജെ.പി പണക്കൊഴുപ്പുപയോഗിച്ചു പ്രയോഗിക്കുന്ന പല തന്ത്രങ്ങളും ശിവകുമാർ കർണാടകയിൽ പരീക്ഷിക്കുകയും വിജയിപ്പിക്കുകയും ചെയ്തു. സമുന്നതരായ ബി.ജെ.പി നേതാക്കളുടെ കോൺഗ്രസിലേക്കുള്ള ഒഴുക്ക് തദ്ഫലമായി സംഭവിച്ചതാണ്. അതും ആരൊക്കെ? മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടറും മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സവാദിയുമുൾപ്പടെയുമുള്ള നേതാക്കൾ. ബി.ജെ.പി എല്ലാ കാലത്തും ജയിച്ചു പോന്നത് കർണാടകയിലെ ലിംഗായത്ത് - വൊക്കലിഗ ജാതി സമവാക്യങ്ങളെ സമർഥമായി ഉപയോഗപ്പെടുത്തിയാണ്. ലിംഗായത്തുകളാണ് പാർട്ടിയുടെ വോട്ടുബാങ്ക്. ലിംഗായത്ത് നേതാവായ ഷെട്ടർ പാർട്ടി വിട്ടത് ഈ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രതീക്ഷ വർധിപ്പിക്കുന്നു. ശിവകുമാർ - സിദ്ധരാമയ്യ ഡിവൈഡ് പാർട്ടിയിലുണ്ടെന്നത് നിഷേധിച്ചു കൂടെങ്കിലും ഇത്തവണ അതൊക്കെ മറികടന്ന് ഒറ്റക്കെട്ടായാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത് എന്നതും കോൺഗ്രസിന് അനുകൂല ഘടകമാണ്. ബൊമ്മെ സർക്കാരിന്റെ അഴിമതി ജനസമക്ഷം തുറന്നുകാട്ടാൻ പാർട്ടിക്ക് ഫലപ്രദമായി സാധിക്കുകയും ചെയ്തു. നാൽപ്പതു ശതമാനം കമ്മിഷൻ സർക്കാർ എന്നത് കർണാടകയിൽ ഇന്നൊരു പ്രചാരണ മുദ്രാവാക്യം മാത്രമല്ല, പരക്കെ അംഗീകരിക്കപ്പെട്ട പൊതുധാരണയാണ്.
ബി.ജെ.പിയുടെ തന്ത്രങ്ങൾ
എന്നാൽ പ്രതികൂല ഘടകങ്ങൾ കണ്ട് പകച്ചുനിൽക്കുകയോ പ്രതിരോധത്തിലേക്ക് പിൻവലിയുകയോ ചെയ്യുന്നില്ല ബി.ജെ.പി. തുടക്കത്തിൽ തന്നെ അഴിമതിയാരോപണങ്ങളെ വികസന പ്രതിഛായകൊണ്ട് തടുത്തുനിർത്താനാണ് പാർട്ടി ശ്രമിച്ചത്. ഇന്ത്യൻ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ അഴിമതിയേയും ഭരണ പരാജയങ്ങളേയുമൊക്കെ മറികടക്കാൻ വികസന മുദ്രാവാക്യങ്ങൾക്ക് എളുപ്പം സാധിക്കുമെന്ന് ബി.ജെ.പിക്ക് നന്നായറിയാം. എന്നാൽ അതിന്നുമപ്പുറത്തേക്ക് കടന്ന് അറ്റകൈ പ്രയോഗിക്കുക കൂടി ചെയ്തിരിക്കുന്നു പാർട്ടി. മതമാണ് ബി.ജെ.പിയുടെ ആയുധം. ആശയ സംഹിതകളേയും ജാതി വികാരങ്ങളേയുമൊക്കെ അപ്രസക്തമാക്കാൻ അതിന് സാധിക്കുമെന്ന് തിരിച്ചറിഞ്ഞ പാർട്ടി കർണാടകയിൽ ഇപ്പോൾ ആ കാർഡാണ് ഇറക്കിക്കളിക്കുന്നത്.
ഹിന്ദുത്വം ഏറ്റവും അക്രമാസക്തമായി വെളിപ്പെടുന്ന ദേശമാണ് കർണാടക. ഗൗരി ലങ്കേഷും കൽബുർഗിയും വധിക്കപ്പെട്ട നാട്. ഈ അക്രമാസക്ത ഹിന്ദുത്വത്തെ തെരഞ്ഞെടുപ്പിൽ ബി.ജെ.പി അതി ഭീകരമായി ഉപയോഗിക്കുന്നു. ഒറ്റ മുസ്‌ലിം സ്ഥാനാർഥിയേയും പാർട്ടി രംഗത്തിറക്കിയിട്ടില്ല. മുസ്‌ലിംകൾക്കെതിരായി ഹിന്ദു ഏകീകരണം എന്നതാണ് പാർട്ടിയുടെ നയം. അതുകൊണ്ടാണ് തെരഞ്ഞെടുപ്പ് അടുത്ത വേളയിൽ നാലു ശതമാനം മുസ്‌ലിംപിന്നോക്ക സംവരണം എടുത്തുകളഞ്ഞ് ലിംഗായത്തുകൾക്കും വൊക്കലിഗർക്കും വീതിച്ചു കൊടുത്തത്. ഈ സമുദായങ്ങളെ പ്രീണിപ്പിക്കുക എന്നതല്ല അതിനു പിന്നിലുള്ളത്. മൊത്തം ഹിന്ദു സമൂഹത്തിലേക്ക് മുസ്‌ലിംവിരുദ്ധതയുടെ സന്ദേശമയക്കുകയാണ്. ഹിജാബ് വിവാദം മുസ്‌ലിം വിരുദ്ധതയുടെ മറ്റൊരു വെളിപ്പെടുത്തലാണ്. ഏറ്റവുമൊടുവിൽ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ അവസാനത്തെ വെടിയും പൊട്ടിച്ച ു- സംസ്ഥാനത്ത് ഏക സിവിൽ കോഡ് നടപ്പാക്കുമെന്നാണ് വാഗ്ദാനം. സംസ്ഥാനത്തെ ബഹുഭൂരിപക്ഷം വരുന്ന ഹിന്ദുക്കളോട് ബി.ജെ.പിയുടെ ചോദ്യം ഇതാണ് - നിങ്ങൾ ആരുടെ ചേരിയിൽ? ഹിന്ദുത്വത്തിന്റെ പതാകാവാഹകർക്കൊപ്പമോ ഹിന്ദു വിരുദ്ധർക്കൊപ്പമോ? ഈ ചോദ്യമുന്നയിച്ചു കൊണ്ട് മറ്റെല്ലാം മായ്ച്ചുകളയാനാവുമെന്ന് പാർട്ടി കരുതുന്നു.
ഇന്ത്യൻ ജനാധിപത്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ഹിന്ദുത്വരാഷ്ട്രീയം ഏറ്റെടുത്തിട്ടുള്ള ഈ മതവൽക്കരണം. അതിനെ നേരിടാൻ കോൺഗ്രസിനു സാധിക്കുമോ എന്നതാണ് ഏറ്റവും പ്രസക്ത ചോദ്യം. പ്രായോഗിക രാഷ്ട്രീയത്തിന്റെ മാനദണ്ഡങ്ങൾ ഉപയോഗിച്ച് അളക്കുമ്പോൾ കോൺഗ്രസ് വളരെയധികം മുന്നോട്ടു പോയി എന്നു പറയാൻ കഴിയും. ജഗദീഷ് ഷെട്ടറെപ്പോലെയുള്ള ഹിന്ദുത്വത്തിന്റെ വക്താക്കളെപ്പോലും സ്വന്തം പാളയത്തിലെത്തിച്ചുവല്ലോ. അത് ഭാവിയിൽ കോൺഗ്രസിന് ആശയപരമായി എന്തൊക്കെ വെല്ലുവിളികളാണ് സൃഷ്ടിക്കുക എന്ന് ഇപ്പോൾ പറഞ്ഞുകൂടാ. എന്നുമാത്രമല്ല, പാർട്ടിക്കകത്ത് പുതുതായി രൂപപ്പെട്ടു വരുന്ന സമവാക്യങ്ങൾ സിദ്ധരാമയ്യയെ അപ്രസക്തമാക്കുകയാണെങ്കിൽ അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും ചില്ലറയായിരിക്കുകയില്ല. കോൺഗ്രസിലെ ഏറ്റവും ജനകീയ നേതാവു മാത്രമല്ല സിദ്ധരാമയ്യ, ഏറ്റവും മതേതര നേതാവുകൂടിയാണ്. തെരഞ്ഞെടുപ്പിനു ശേഷവും കോൺഗ്രസ് അഭിമുഖീകരിക്കുന്ന വെല്ലുവിളിയായിരിക്കും സിദ്ധരാമയ്യ പാർട്ടിക്കു നൽകിയ ആശയാടിത്തറ വിള്ളലില്ലാതെ നിലനിർത്തുകയെന്നത്. അതിനെക്കൂടി പാർട്ടി അഭിമുഖീകരിക്കേണ്ടിവരും.
തെരഞ്ഞെടുപ്പിനു ശേഷമുണ്ടാവുന്ന കാര്യങ്ങളും കർണാടകയെ സംബന്ധിച്ചേടത്തോളം പ്രധാനമാണ്. വ്യക്തമായ ഭൂരിപക്ഷം ലഭിച്ച് കോൺഗ്രസിന് ഭരണം കിട്ടിയില്ലെങ്കിൽ 2018 ലെ ഓപറേഷൻ കമല ആവർത്തിക്കാനുള്ള സകല സാധ്യതയുമുണ്ട്. ജനതാദളിന്റെ മുൻകാല ചരിത്രം അതിനെ സാക്ഷ്യപ്പെടുത്തുന്നു. കോൺഗ്രസുകാരും ഇക്കാര്യത്തിൽ മോശമല്ല. ജനതാദളിന് മൈസൂരു /മാണ്ഡ്യ മേഖലകളിൽ സ്വാധീനമുണ്ട്. മുസ്‌ലിംകൾക്ക് പാർട്ടിയോട് അനുഭാവമുണ്ട്. അതിനാൽ കുറച്ച് സീറ്റുകൾ പാർട്ടി നേടും. കോൺഗ്രസ് വ്യക്തമായ ഭൂരിപക്ഷം നേടുന്നില്ലെങ്കിൽ ഈ ബലംവച്ച് വിലപേശാൻ ഒരു മടിയുമില്ല കുമാരസ്വാമിക്കും ദേവഗൗഡക്കും. അതിന്റെ ഗുണഭോക്താക്കൾ ബി.ജെ.പിയായിരിക്കുമെന്നതിന് ചരിത്രം സാക്ഷി. ഈ സാഹചര്യത്തിൽ നേരത്തെ ഉന്നയിച്ച ചോദ്യം വളരെ പ്രധാനമാണ്. ഇന്ത്യയിലെ ജനാധിപത്യത്തിൻ്റെയും മതേതരത്വത്തിൻ്റെയും ഭാവിയെ സംബന്ധിച്ചേടത്തോളം ഏറെ പ്രസക്തമായ ചോദ്യമാണത്. കർണാടകത്തിൽ ആരു ജയിക്കണം. അതിന് ഒരേയൊരു ഉത്തരമേയുള്ളു. കോൺഗ്രസ്.
Who will win the Karnataka elections?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."