വീട്ടിൽ പോയി കൃഷി ചെയ്യാൻ നിർദേശം ശ്രീലങ്കയിൽ സർക്കാർ ജീവനക്കാരുടെ അവധി രണ്ടുദിവസമാക്കി
കൊളംബോ
സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായ ശ്രീലങ്കയിൽ പൊതുമേഖലാ ജീവനക്കാർക്ക് അടുത്ത മൂന്ന് മാസക്കാലത്തേക്ക് ഞായറാഴ്ചകൾ കൂടാതെ വെള്ളിയാഴ്ചകളിലും അവധി നൽകാൻ സർക്കാർ തീരുമാനിച്ചു. അവധി ദിവസങ്ങളിൽ വീട്ടിലേക്കാവശ്യമായ ഭക്ഷ്യവസ്തുക്കൾ കൃഷിചെയ്യാൻ ശ്രമിക്കണമെന്ന് ജീവനക്കാരോട് സർക്കാർ നിർദേശിച്ചു. വിദേശ കറൻസികളുടെ ക്ഷാമം നേരിടുന്നതിനാൽ ഭക്ഷണം, ഇന്ധനം, മരുന്ന് തുടങ്ങിയ അവശ്യവസ്തുക്കളുടെ ഇറക്കുമതിക്ക് പണം നൽകാൻ രാജ്യം ബുദ്ധിമുട്ടുകയാണ്.
അതിനിടെ ഇന്ധനക്ഷാമം കൂടുതൽ രൂക്ഷമായതോടെ പെട്രോൾ പമ്പുകൾക്കും പാചകവാതക ഏജൻസികളുടെ ഓഫിസുകൾക്കും മുമ്പിൽ രൂപപ്പെട്ട നീണ്ട വരികളുടെ ചിത്രങ്ങൾ ശ്രീലങ്കൻ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചു. ഇന്ന് 40,000 മെട്രിക് ടൺ ഡീസൽ അടങ്ങുന്ന കപ്പൽ ഇന്ത്യയിൽനിന്ന് കൊളംബോയിലെത്തുമെന്ന് സിലോൺ പെട്രോളിയം കോർപ്പറേഷൻ (സി.പി.സി) അറിയിച്ചു.
ആവശ്യത്തിന് ഇന്ധനം ഇല്ലാത്തതിനാൽ നിരവധി ബസുകളും ടാക്‌സികളും ട്രിപ്പ് മുടക്കി. സർക്കാർ ബസുകളിൽ 80 ശതമാനവും ഓടിയില്ലെന്ന് അധികൃതർ അറിയിച്ചു. രാജ്യത്ത് ഇപ്പോഴുള്ള എണ്ണയിൽ ഒരു ഭാഗം മൃതദേഹങ്ങൾ സംസ്കരിക്കുന്നതിനായി മാറ്റിവച്ചതായും റിപ്പോർട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."