റാഞ്ചി വെടിവയ്പ് ; കുറ്റാരോപിതരുടെ ഫോട്ടോ ഉൾപ്പെടുത്തിയ പോസ്റ്റർ പിൻവലിച്ച് പൊലിസ്
റാഞ്ചി
പ്രവാചക നിന്ദയ്‌ക്കെതിരേയുള്ള പ്രതിഷേധത്തെ തുടർന്ന് സംഘർഷമുണ്ടായ കേസിൽ പ്രതികളെന്നാരോപിക്കപ്പെടുന്നവരുടെ ഫോട്ടോ ഉൾപ്പെടുത്തിയ പോസ്റ്റർ റാഞ്ചി പൊലിസ് പിൻവലിച്ചു. 30ലേറെ പേരുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയാണ് പൊലിസ് ബാനറുകളും പോസ്റ്ററുകളും നിർമിച്ചത്. ഇത് സ്ഥാപിച്ച് മണിക്കൂറുകൾക്കകമാണ് പൊലിസ് പിൻവലിച്ചത്. സാങ്കേതിക പിഴവാണ് ഇതിനു പറയുന്ന കാരണം. പോസ്റ്ററിൽ ചില പിഴവുകൾ കടന്നുകൂടിയെന്നും അത് ശരിയാക്കിയ ശേഷം വീണ്ടും പതിക്കുമെന്നും പൊലിസ് അറിയിച്ചു.
സാക്കിർ ഹുസൈൻ പാർക്കിലെ സംഘർഷ സമയത്തുള്ള വിഡിയോയിൽ നിന്നാണ് പ്രതികളുടേതെന്ന പേരിൽ ഫോട്ടോ വെട്ടിയെടുത്ത് പോസ്റ്റർ നിർമിച്ചത്. പ്രതികളെ തിരിച്ചറിഞ്ഞ് പൊലിസിനോട് സഹകരിക്കൂവെന്നായിരുന്നു പോസ്റ്ററിലെ തലക്കെട്ട്. റാഞ്ചിയിലെ വെടിവയ്പുമായി ബന്ധപ്പെട്ട് ജാർഖണ്ഡ് ഗവർണർ രമേഷ് ബയിസ് തിങ്കളാഴ്ച ഡി.ജി.പി നീരജ് സിൻഹയെ വിളിപ്പിച്ചിരുന്നു. വെള്ളിയാഴ്ചത്തെ വെടിവയ്പുമായി ബന്ധപ്പെട്ട് എ.ഡി.ജി.പി, ഡെപ്യൂട്ടി കമ്മിഷണർ എന്നിവരോടും റിപ്പോർട്ട് തേടിയിട്ടുണ്ട്. റാഞ്ചി സംഘർഷക്കേസിൽ അഞ്ചുപേർ അറസ്റ്റിലായിട്ടുണ്ട്. 107 പേർക്ക് പൊലിസ് നോട്ടിസ് നൽകിയിട്ടുണ്ട്. വെടിവയ്പിൽ രണ്ടു പ്രതിഷേധക്കാർ കൊല്ലപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."