എച്ച്.ആർ.ഡി.എസിനെതിരേ നടപടി തുടങ്ങി സർക്കാർ
വി.എം ഷൺമുഖദാസ്
പാലക്കാട്
നയതന്ത്ര സ്വർണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷ് ജോലി ചെയ്യുന്ന എച്ച്.ആർ.ഡി.എസിനെതിരേ നടപടി തുടങ്ങി സർക്കാർ.
കോടതിയിൽ 164 പ്രകാരം മൊഴിനൽകിയ വിവാദങ്ങൾക്കു പിന്നിൽ എച്ച്.ആർ.ഡി.എസിന് പങ്കുണ്ടെന്ന റിപ്പോർട്ടുകളെത്തുടർന്നാണ് സർക്കാർ കർശന നടപടികൾക്കൊരുങ്ങുന്നത്.
അട്ടപ്പാടിയിൽ ആദിവാസികൾക്കായി എച്ച്.ആർ.ഡി.എസ് പ്രീഫാബ് മെറ്റീരിയൽ ഉപയോഗിച്ചു നിർമിച്ച 190 വീടുകൾ കാലാവസ്ഥയ്ക്കും ഭൂപ്രകൃതിക്കും യോജിച്ചതല്ലെന്നും ഇനി ഇതുപോലുള്ള വീടുകൾ നിർമിക്കാൻ കലക്ടർ അനുമതി നൽകരുതെന്നും കേരള സംസ്ഥാന പട്ടികജാതി ഗോത്രവർഗ കമ്മീഷൻ ഉത്തരവിറക്കി. ആദിവാസി ഭൂമികളിൽ ഔഷധകൃഷി ഇറക്കാൻ അനുമതി നൽകരുതെന്നും കുടിലുകൾ ഔഷധകൃഷിക്കായി എച്ച്.ആർ.ഡി.എസ് തീവച്ചു നശിപ്പിച്ചതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നും ഉത്തരവിലുണ്ട്.
വട്ടുലക്കിയിൽ ഔഷധകൃഷി തടഞ്ഞ ആദിവാസി മൂപ്പനെയും മകനെയും കള്ളക്കേസിൽ കുടുക്കിയതിനു പിന്നിൽ എച്ച്.ആർ.ഡി.എസ് ആണെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മിഷൻ അന്വേഷണം നടത്തുന്നുണ്ട്.
2018 ൽ കൂട്ടവകാശികൾ ഉള്ള സ്ഥലം തന്റെ പേരിലാണെന്ന് കാണിച്ച് സർക്കാരിന് കൈമാറിയ സെക്രട്ടറിക്കെതിരേയും അന്വേഷണം നടക്കുന്നുണ്ട്.
സ്വപ്നയെ എച്ച്.ആർ.ഡി.എസിൽ ജോലിക്കെടുത്തതിനെ തുടർന്ന് പിരിഞ്ഞുപോയ ഒമ്പത് ജീവനക്കാർക്ക് ശമ്പളം നൽകിയില്ലെന്നും പരാതിയുണ്ട്.
ബിലീവേഴ്‌സ് ചർച്ചിന്റെ കോടികളുടെ വിദേശ ഫണ്ട് വിനിയോഗം സംബന്ധിച്ച ചർച്ചകൾക്കായി ഷാജ് കിരൺ ഒന്നരമാസം മുൻപ് പാലക്കാട് ഓഫിസിൽ എത്തിയിരുന്നതായി എച്ച്.ആർ.ഡി.എസ് സെക്രട്ടറി അജി കൃഷ്ണൻ വെളിപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."