വിജയശതമാനവും എപ്ലസും കുറവ്; കണക്കിലെ കളിയില്‍ ആശങ്ക
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ എട്ടിലും ഒന്‍പതിലും സ്‌കൂളുകളില്‍ നേരിട്ടെത്തി പഠിച്ചിട്ടില്ല എന്ന പ്രത്യേകത കൂടിയുണ്ട്. രണ്ടു വര്‍ഷത്തെ കൊവിഡിനു ശേഷം പാതി ഓണ്‍ലൈനിലും പാതി ഓഫ് ലൈനിലുമായി നടന്ന അധ്യയനമാണിത്.
കഴിഞ്ഞ തവണ കൊവിഡ് കാലത്തെ ഓണ്‍ലൈന്‍ ക്ലാസ് ഫലപ്രദമായിരുന്നുവെന്ന് വരുത്തി തീര്‍ക്കാനാണ് ഒരു ലക്ഷത്തിലധികമുള്ള എപ്ലസിനെ സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടിയത്. ഇത് വലിയ വിമര്‍ശനത്തിനിടയാക്കിയിരുന്നു. കൂടാതെ ഇത്രയധികം എ പ്ലസുകാരെ ഉള്‍കൊള്ളാനുതകുന്ന സീറ്റ് സര്‍ക്കാരിന്റെ കൈയില്‍ ഇല്ലാത്തതും വലിയ വിവാദമായി. മലബാര്‍ മേഖലകളിലായിരുന്നു എ പ്ലസുകാരുടെ എണ്ണം കൂടുതലും സീറ്റിന്റെ എണ്ണം കുറവും. അതുകൊണ്ടു തന്നെ പ്ലസ് വണ്‍ പ്രവേശന കാലയളവില്‍ സര്‍ക്കാര്‍ വലിയ രീതിയില്‍ വിമര്‍ശനം നേരിട്ടു. ഇത് ഒഴിവാക്കാനായി അവസാന ഘട്ടത്തില്‍ സീറ്റും ബാച്ചു വര്‍ധിപ്പിക്കേണ്ടതായി വന്നു. അതുകൊണ്ടു തന്നെ ഇത്തവണ മൂല്യനിര്‍ണയം കടുപ്പിച്ച് എപ്ലസുകാരുടെ എണ്ണം ഗണ്യമായി കുറയ്ക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് ചരിത്രത്തില്‍ ആദ്യമായി 1.21 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേട്ടം ലഭിച്ചിരുന്നു. എന്നാല്‍ ഇത്തവണ 76955 കുറഞ്ഞ് 44363 ആയി.
എന്നാല്‍ എപ്ലസുകാരുടെ എണ്ണം കഴിഞ്ഞ തവണത്തേക്കാള്‍ മൂന്നിലൊന്നാവുകയും വിജയ ശതമാനത്തില്‍ കുറവു സംഭവിച്ചെങ്കിലും ആകെ വിജയിച്ചവരുടെ എണ്ണത്തില്‍ ഇത്തവണ വര്‍ധനവുണ്ട്. കഴിഞ്ഞ തവണ ഉപരിപഠന യോഗ്യത നേടിയത് 4,19,651 വിദ്യാര്‍ഥികളായിരുന്നു. 4,23,303 ഇത്തവണ ഉപരിപഠനത്തിന് യോഗ്യത നേടിയത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 3652 കുട്ടികളാണ് അധികമായി വന്നത്.
എന്നാല്‍ സര്‍ക്കാര്‍ കണക്കുപ്രകാരം ഇത്രയും പേര്‍ക്ക് ഉപരിപഠനം സാധ്യമല്ലെന്നാണ് സൂചിപ്പിക്കുന്നത്. ഹയര്‍സെക്കന്‍ഡറിയില്‍ 3,61000 സീറ്റും, വി.എച്ച്.എസ്.ഇയില്‍ 33000 സീറ്റും പോളി ടെക്‌നിക്കില്‍ 9000, ഐ.ടി.ഐകളില്‍ 64000 സീറ്റകളും അടക്കം 4,67000 സീറ്റാണുള്ളത്. ഇതില്‍ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, നവോദയ തുടങ്ങിയ വിദ്യാര്‍ഥികള്‍ കൂടി വരുന്നതോടെ സീറ്റ് തികയാതെ വരും.
ഇത്തവണയും എ പ്ലസുകാരുടെ എണ്ണത്തിലും വിജയശതമാനത്തിലും മലബാര്‍ ജില്ലകള്‍ തന്നെയാണ് മുന്നില്‍. എന്നാല്‍ വേണ്ടത്ര സീറ്റില്ലാത്തതും മലബാര്‍ മേഖലകളിലാണ്. അതുകൊണ്ടുതന്നെ സീറ്റില്ലാതെ അലയേണ്ടത് മലബാര്‍ ജില്ലക്കാര്‍ തന്നെയായിരിക്കുമെന്നുറപ്പാണ്.
26,2601 പേരാണ് മലബാര്‍ മേഖലയിലെ ഏഴു ജില്ലകളിലായി ഉപരിപഠന യോഗ്യത നേടിയത്. ഇവര്‍ക്കായി സര്‍ക്കാരിന്റെ കണക്കു പ്രകാരം 19,9276 മെറിറ്റ് സീറ്റു മാത്രമാണുള്ളത്. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസ് വിദ്യാര്‍ഥികള്‍ കൂടി വരുന്നതോടെ 63325 ത്തിലധികം വിദ്യാര്‍ഥികളുടെ ഉപരിപഠന സാധ്യത മങ്ങും. മലപ്പുറം ജില്ലയില്‍ മാത്രം 24466 മെറിറ്റ് സീറ്റുകളുടെ കുറവാണുള്ളത്.
ജില്ല തിരിച്ചു കണക്ക്
(ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍, പ്ലസ് വണ്‍ മെറിറ്റ് സീറ്റുകളുടെ എണ്ണം എന്നീ ക്രമത്തില്‍)
തിരുവനന്തപുരം 34039, 31375
കൊല്ലം 30534, 26622
പത്തനംതിട്ട 10437, 14781
ആലപ്പുഴ 21879, 22639
കോട്ടയം 19393, 22208
ഇടുക്കി 11294, 11867
എറണാകുളം 31780, 32539
തൃശൂര്‍ 35671, 32561
പാലക്കാട് 38972, 28267
മലപ്പുറം 77691, 53225
കോഴിക്കോട് 43496, 34472
വയനാട് 11946, 8706
കണ്ണൂര്‍ 35167, 27767
കാസര്‍കോട് 19658, 14278
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."