കേന്ദ്ര സര്‍വകലാശാല ; അധ്യാപകന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കല്‍ പ്രതിഷേധം ഭയന്ന്
കാസര്‍കോട്: ക്ലാസിനിടെ മോദി സര്‍ക്കാരിനെ വിമര്‍ശിച്ചതിന്റെ പേരില്‍ കേരള കേന്ദ്ര സര്‍വകലാശാല അധ്യാപകന്‍ ഡോ.ഗില്‍ബര്‍ട്ട് സെബാസ്റ്റ്യനെതിരേ കൈകൊണ്ട സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. സസ്‌പെന്‍ഷനെതിരേ വിവിധ കോണുകളില്‍ നിന്ന് ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ സര്‍വകലാശാല അധികൃതര്‍ തന്നെ, നടപടി ഒഴിവാക്കാന്‍ ഏതെങ്കിലും തരത്തിലുള്ള വിശദീകരണം അധ്യാപകനില്‍ നിന്ന് ചോദിച്ചിരുന്നതായാണ് വിവരം. ഇതിന്റെയടിസ്ഥാനത്തില്‍ തന്റെ ക്ലാസ് പൊതുസമൂഹത്തിലേക്ക് ചോര്‍ന്നതിനെത്തുടര്‍ന്ന് സര്‍വകലാശാലയ്ക്ക് ഏതെങ്കിലും തരത്തിലുള്ള അവമതിപ്പ് ഉണ്ടായിട്ടുണ്ടെങ്കില്‍ ഖേദിക്കുന്നു എന്ന് വൈസ് ചാന്‍സലറെ രേഖാമൂലം ഗില്‍ബര്‍ട്ട് സെബാസ്റ്റ്യഓ അറിയിച്ചിരുന്നു.
അതേസമയം, ക്ലാസിലെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന ഇത്തരം നടപടികള്‍ ഇനി ഉണ്ടാവരുതെന്ന് അധ്യാപകന് സര്‍വകലാശാല താക്കീത് നല്‍കിയിട്ടുണ്ട്. ആവര്‍ത്തിച്ചാല്‍ സെന്‍ട്രല്‍ സിവില്‍ സര്‍വിസ് റൂള്‍സ് പ്രകാരം നടപടിയുണ്ടാകുമെന്നും അറിയിപ്പിലുണ്ട്.
ഒന്നാംവര്‍ഷ ഇന്റര്‍നാഷനല്‍ റിലേഷന്‍സ് ആന്‍ഡ് പൊളിറ്റിക്‌സ് വിദ്യാര്‍ഥികള്‍ക്കുള്ള ഓണ്‍ലൈന്‍ ക്ലാസിനിടെയുള്ള പരാമര്‍ശത്തിന്റെ പേരിലാണ് മെയ് 17ന് ഡോ. ഗില്‍ബര്‍ട്ട് സെബാസ്റ്റ്യനെ സസ്‌പെന്‍ഡ് ചെയ്തത്. ഫാസിസവും നാസിസവും എന്ന പാഠഭാഗമെടുക്കുമ്പോള്‍ നിലവിലെ കേന്ദ്രസര്‍ക്കാര്‍ ഫാസിസ്റ്റ് രീതിയുള്ളതാണെന്നും ബി.ജെ.പി ഉള്‍പ്പെടുന്ന സംഘ്പരിവാര്‍ സംഘടനകള്‍ പ്രോട്ടോ ഫാസിസ്റ്റ് ഗണത്തില്‍പ്പെടുന്നതാണെന്നും അധ്യാപകന്‍ വിശദീകരിച്ചെന്നായിരുന്നു പരാതി. എ.ബി.വി.പി കേന്ദ്ര മാനവശേഷി മന്ത്രാലയത്തിനും വൈസ് ചാന്‍സലര്‍ക്കും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തത്. സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതിനെ എന്‍.എസ്.യു.ഐ, എം.എസ്.എഫ്, എസ്.എഫ്.ഐ അടക്കമുള്ള സംഘടനകള്‍ സ്വാഗതം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."