പത്താണ്ടിന് ശേഷം കണ്‍നിറയെ അവര്‍ മകളെ കണ്ടു; നിറകണ്ണില്‍ സജിതയും
വി.എം ഷണ്‍മുഖദാസ്
നെന്മാറ: പത്ത് വര്‍ഷത്തിനുശേഷം വേലായുധനും ഭാര്യയും മകളെ കണ്‍നിറയെ കണ്ടു. മലയാളികള്‍ക്ക് അത്ഭുതം വിട്ടുമാറാത്ത പ്രണയകഥയിലെ നായികമായിരുന്നു സജിതയെങ്കില്‍ ആ മാതാപിതാക്കള്‍ക്ക് ഒരു പതിറ്റാണ്ടു മുന്‍പ് കണ്‍മുന്നില്‍ നിന്നും മറഞ്ഞ പൊന്നോമനയായിരുന്നു. കാണാതായ മകളെ തേടി അവര്‍ അലയുമ്പോഴും തൊട്ടടുത്തുള്ള വീട്ടില്‍ കഴിഞ്ഞ പത്ത് വര്‍ഷമായി അവള്‍ ഉണ്ടായിരുന്നുവെന്ന് മാലോകര്‍ക്കൊപ്പം അവരും അറിയുന്നത് ഇക്കഴിഞ്ഞ ചൊവാഴ്ചയായിരുന്നു. റഹ്മാന്റെ വീടിനു മുന്‍പിലൂടെ കടന്നുപോകുമ്പോള്‍ ഒളിജീവിതത്തിനിടെ ആ കൊച്ചുമുറിയുടെ ഏതെങ്കിലുമൊരു പഴുതിലൂടെ സജിത അവരെ കണ്ടിരിക്കാം. എന്നാല്‍ ഇന്നലെ നിറഞ്ഞ കണ്ണിലൂടെ പകല്‍വെട്ടത്തില്‍ അവള്‍ തന്റെ പ്രിയപ്പെട്ടവരെ വീണ്ടും കണ്ടു. മതിവരുവോളം.
ഇന്നലെ രാവിലെ 11നാണ് റഹ്മാനും സജിതയും വാടകയ്ക്ക് താമസിക്കുന്ന വിത്തനശ്ശേരിയിലെ വീട്ടില്‍ അവര്‍ എത്തിയത്. മധുരപലഹാരങ്ങള്‍ക്കൊപ്പം പച്ചക്കറിയും പലവ്യഞ്ജനവുമൊക്കെയായിട്ടായിരുന്നു വേലായുധനും ശാന്തയും വന്നത്. സങ്കടവും പരിഭവവും പങ്കുവച്ചശേഷം അച്ഛനും അമ്മയ്ക്കും സജിത കേക്ക് നല്‍കി. റഹ്മാനും അയല്‍വാസികളും ഇതിനെല്ലാം സാക്ഷിയായി. പത്ത് കൊല്ലം മുന്‍പ് ശാന്തയുടെ സഹോദരിയുടെ വീട്ടില്‍ പായസം കൊടുക്കാന്‍ പോയ സജിത പിന്നെ തിരിച്ചുവന്നിരുന്നില്ല. പൊലിസില്‍ പരാതി നല്‍കി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനാവാത്തതിനാല്‍ മരിച്ചുവെന്നാണ് ധരിച്ചത്. എങ്കിലും പ്രതീക്ഷ വിടാതെ കാത്തിരുന്നു. എന്നാല്‍ തൊട്ടടുത്തുള്ള വീട്ടില്‍ ഇഷ്ടപ്പെട്ട പുരുഷനൊപ്പം മറ്റാരുമറിയാതെ രണ്ടുമാസം മുന്‍പുവരെ മകള്‍ കഴിയുകയായിരുന്നുവെന്ന് ഇപ്പോഴാണ് ഇവരും അറിയുന്നത്.
മകളെ തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് ഇവരിപ്പോള്‍. അച്ഛനും അമ്മയും കാണാന്‍ വന്നതിലുള്ള സന്തോഷത്തില്‍ സജിതയും. കൊവിഡ് ലോക്ക്ഡൗണ്‍ മാറിയാല്‍ ജോലിക്ക് പോകാനുള്ള തയാറെടുപ്പിലാണ് റഹ്മാന്‍. ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തിയശേഷം എന്തെങ്കിലും ജോലിയ്ക്ക് പോകണമെന്നാണ് സജിതയുടെ ആഗ്രഹം. സ്വന്തമായൊരു വീട് എന്നതാണ് രണ്ടുപേരുടെയും ആഗ്രഹം.
റഹ്മാനുമായി പ്രണയത്തിലായ സജിത സ്വന്തം വീടുവിട്ടിറങ്ങി വന്ന് 10 വര്‍ഷം അയിലൂര്‍ കാരക്കാട്ട് പറമ്പിലെ റഹ്മാന്റെ വീട്ടില്‍ വീട്ടുകാരറിയായെ ഒരു മുറിയില്‍ ഒളിച്ചു കഴിയുകയായിരുന്നു. ഒരാള്‍ക്കുള്ള ഭക്ഷണം മുറിയിലെത്തിച്ച് രണ്ടുപേരും ചേര്‍ന്ന് കഴിക്കും. റഹ്മാന്‍ പുറത്തുപോകുമ്പോള്‍ വാതില്‍ പ്രത്യേക ഓടാമ്പല്‍ കൊണ്ട് പുറത്തുനിന്നും പൂട്ടും.
ഹെഡ്‌സെറ്റ് ഘടിപ്പിച്ച് സജിത പകല്‍നേരങ്ങളില്‍ ടി.വി കാണും. രാത്രിയിലാണ് ആരും കാണാതെ ജനല്‍വഴി പുറത്തിറങ്ങി കുളിക്കുകയും മറ്റും ചെയ്യുക. സ്വതന്ത്രമായി കഴിണമെന്ന ചിന്തയില്‍ നിന്നാണ് ഇരുവരും കഴിഞ്ഞ മാര്‍ച്ചില്‍ വീടുവിട്ടിറങ്ങി വിത്തനശ്ശേരിയില്‍ വാടകവീട്ടില്‍ താമസം തുടങ്ങിയത്. നെമ്മാറയില്‍ വച്ച് അവിചാരിതമായി റഹ്മാന്റെ സഹോദരന്‍ കണ്ടതോടെയാണ് പത്ത് വര്‍ഷത്തെ പ്രണയകഥ ലോകം അറിഞ്ഞതും അവിശ്വസനീയമായ കാര്യങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചതും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."