മോദിയുമായും നദ്ദയുമായും യോഗി ചര്‍ച്ചനടത്തി ; യു.പി: തെരഞ്ഞെടുപ്പില്‍ ആര് നയിക്കുമെന്നതും തര്‍ക്കവിഷയം
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് എട്ടുമാസം മാത്രം ബാക്കിനില്‍ക്കെ ഡല്‍ഹിയും ലഖ്‌നൗവും കേന്ദ്രീകരിച്ച് സംഘ്പരിവാര്‍ നടത്തിവന്ന ചര്‍ച്ചയുടെ കാതല്‍ ഒന്നിലധികം വിഷയങ്ങള്‍. 2014ന് ശേഷമുള്ള എല്ലാ നിയമസഭാ തെരഞ്ഞെടുപ്പുകളിലും ബി.ജെ.പി പക്ഷത്തെ താരവും പ്രധാനിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു. എന്നാല്‍, യു.പി തെരഞ്ഞെടുപ്പില്‍ ആരാവും താരം എന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല. നിലവിലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നയിക്കുമോ അതോ ഇതുവരെയുള്ള കീഴ്‌വഴക്കം അനുസരിച്ച് നരേന്ദ്ര മോദി തന്നെ താരമാവുമോ എന്നതിനെചൊല്ലിയുള്ള തര്‍ക്കമാണ് യു.പിയിലെ പുതിയ സംഭവവികാസങ്ങള്‍ക്ക് പിന്നിലെന്നാണ് റിപ്പോര്‍ട്ട്.
ബംഗാളില്‍ ആരെയും ഉയര്‍ത്തിക്കാട്ടാതെ നരേന്ദ്ര മോദിയാണ് പ്രചാരണത്തിന് നേതൃത്വം നല്‍കിയത്. തെരഞ്ഞെടുപ്പില്‍ മമത വന്‍ഭൂരിപക്ഷത്തില്‍ വിജയിച്ചത് മോദിയുടെ പ്രതിച്ഛായയെ ബാധിച്ചു. ഇപ്പോഴത്തെ സാഹചര്യത്തില്‍ യു.പിയിലും മോദിയെ മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിട്ട് പരാജയപ്പെടുന്നത് കൂടുതല്‍ ദോഷംചെയ്യുമെന്ന ആലോചനയും ഉണ്ട്. ഇതുള്‍പ്പെടെയുള്ള തര്‍ക്കങ്ങള്‍ക്കൊടുവിലാണ് യോഗി ആദിത്യനാഥ് ഡല്‍ഹിയിലെത്തി വ്യാഴാഴ്ച ആഭ്യന്തരമന്ത്രി അമിത്ഷായെയും ഇന്നലെ ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദയെയും നരേന്ദ്ര മോദിയെയും കണ്ടത്. അമിത്ഷായും നദ്ദയുമായുള്ള യോഗിയുടെ കൂടിക്കാഴ്ച ഒന്നരമണിക്കൂറോളമാണ് നീണ്ടുനിന്നത്. മോദിയുമായുള്ള കൂടിക്കാഴ്ച ഒരുമണിക്കൂറും നീണ്ടുനിന്നു. യോഗിയുടെ ഭരണത്തില്‍ മോദിയടക്കമുള്ള ബി.ജെ.പി നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. കൂടാതെ, യു.പിയിലെ ബി.ജെ.പി എം.എല്‍.എമാര്‍ ഉള്‍പ്പെടെയുള്ളവരും യോഗിക്കെതിരേ വിമര്‍ശനമുന്നയിച്ച സാഹചര്യത്തിലാണ് ആഴ്ചകളായി നടന്ന ചര്‍ച്ചകളുടെ വിരാമമായി രണ്ടുദിവസത്തെ ഡല്‍ഹി കൂടിക്കാഴ്ചകള്‍.
യോഗിയെ നിയന്ത്രിക്കാനായി നരേന്ദ്രമോദിയുടെ വിശ്വസ്തനായ എ.കെ ശര്‍മയെ ഇറക്കിയതിലും അദ്ദേഹത്തിന് കടുത്ത പ്രതിഷേധമുണ്ട്. വരാന്‍ പോവുന്ന പുന:സംഘടനയില്‍ ശര്‍മക്ക് ഉപമുഖ്യമന്ത്രി പദവിയോ അല്ലെങ്കില്‍ സുപ്രധാനവകുപ്പോ നല്‍കും. അതോടെ അദ്ദേഹം യു.പിയിലെ ശക്തമായ അധികാരകേന്ദ്രമായി മാറും. ഒപ്പം യു.പി മോദിയുടെ കരങ്ങളിലും ഒതുങ്ങും. കഴിഞ്ഞദിവസം കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയ യു.പിയിലെ പ്രബല ബ്രാഹ്മണ കുടുംബത്തിലെ അംഗമായ ജിതിന്‍ പ്രസാദക്കും പുന:സംഘടനയില്‍ കാര്യമായ ഉത്തരവാദിത്വം ലഭിക്കും. ഇതെല്ലാം തന്നെ ലക്ഷ്യംവച്ചാണെന്ന ബോധ്യം യോഗിക്കുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."