മണിപ്പൂര്‍ നിയന്ത്രണ വിധേയമെന്ന് സൈന്യം; ട്രെയിന്‍ സര്‍വ്വിസുകള്‍ നിര്‍ത്തി
മണിപ്പൂര്‍ നിയന്ത്രണ വിധേയമെന്ന് സൈന്യം
ഇംഫാല്‍: മണിപ്പൂരില്‍ വിവധ ജില്ലകളില്‍ ഏറ്റുമുട്ടലുകള്‍ തുടരുമ്പോഴും കാര്യങ്ങള്‍ നിയന്ത്രണ വിധേയമെന്ന് സൈന്യം. കൂടുതല്‍ സൈനികരെ പ്രദേശത്ത് വിന്ന്യസിച്ചിട്ടുണ്ട്. നിരവധി ജില്ലകളില്‍ നിരോധനാജ്ഞ നിലനില്‍ക്കുകയാണ്. കലാപം തുടരുന്ന സാഹചര്യത്തില്‍ എല്ലാ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആക്രമണം രൂക്ഷമായി നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ നിന്ന് 9,000 പേരെ മാറ്റിപ്പാര്‍പ്പിച്ചു.
സംസ്ഥാനത്ത് കണ്ടാലുടന്‍ വെടിവയ്ക്കാന്‍ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ജില്ലാ മജിസ്‌ട്രേറ്റ്, സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് ഉള്‍പ്പെടെയുള്ളവര്‍ക്ക് ആവശ്യമെങ്കില്‍ അക്രമികളെ വെടിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയാണ് ഗവര്‍ണര്‍ ഉത്തരവിറക്കിയത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഗോത്രവര്‍ഗ വിഭാഗങ്ങള്‍ക്ക് സ്വാധീനമുള്ള മേഖലകളില്‍ അര്‍ധസൈനിക വിഭാഗത്തെയും അധിക പൊലിസിനെയും വിന്യസിച്ചു.
7,500ലേറെ പേരെ അഭയാര്‍ഥി ക്യാംപിലേക്ക് മാറ്റി. സൈന്യവും പൊലിസും ചേര്‍ന്നാണ് അഭയാര്‍ഥി ക്യാംപുകള്‍ സജ്ജീകരിച്ചിരിക്കുന്നത്. അഞ്ചുദിവസത്തേക്ക് സംസ്ഥാനത്തുടനീളം മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഗോത്രവര്‍ഗ മേഖലകളില്‍ നിരോധനാജ്ഞ നിലനില്‍ക്കുകയാണ്. രണ്ടുമൂന്നു ദിവസമായി തുടരുന്ന സംഘര്‍ഷത്തിന് ഇന്നലെ അയവുവന്നതായാണ് റിപ്പോര്‍ട്ടുകള്‍. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ സൈന്യം ഫ്‌ളാഗ് മാര്‍ച്ച് നടത്തി. രാവിലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മുഖ്യമന്ത്രി ബിരന്‍ സിങ്ങുമായി ടെലിഫോണില്‍ സംസാരിച്ചു.
സംഘര്‍ഷത്തിനിടെ ബി.ജെ.പി എം.എല്‍.എ വുങ്‌സാഗിന്‍ വാല്‍തെ ആക്രമിക്കപ്പെട്ടു. എം.എല്‍.എ സഞ്ചരിക്കുകയായിരുന്ന വാഹനം പ്രക്ഷോഭകര്‍ തടയുകയും എം.എല്‍.എയെയും ഡ്രൈവറെയും ആക്രമിക്കുകയുമായിരുന്നു. മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തില്‍ പങ്കെടുത്ത് മടങ്ങവെയാണ് സംഭവം. എം.എല്‍.എ പിന്നീട് ആശുപത്രിയില്‍ ചികിത്സ തേടി.
അതേസമയം പ്രക്ഷോഭ പരിപാടികള്‍ ഇന്നലെയും നടന്നു. ഓള്‍ ട്രൈബല്‍ സ്റ്റുഡന്റ്‌സ് യൂനിയന്‍ മണിപ്പൂര്‍ (എ.ടി.എസ്.യു.എം) ആണ് പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. തെറ്റിദ്ധാരണമൂലമാണ് സമരമെന്നും ജനങ്ങള്‍ ശാന്തരായിരിക്കണമെന്നും മുഖ്യമന്ത്രി വിഡിയോ സന്ദേശത്തില്‍ അഭ്യര്‍ഥിച്ചു. പ്രത്യേക കലാപനിയന്ത്രണസേനയെ വിന്യസിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു. ബി.ജെ.പിയുടെ വിഭാഗീയ അജണ്ടകളാണ് സംസ്ഥാനത്തെ സംഘര്‍ഷങ്ങള്‍ക്ക് കാരണമെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
ഫുട്‌ബോള്‍ താരമടക്കം മൂന്നുപേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
ഇംഫാല്‍: മണിപ്പൂരില്‍ പൊലിസ് നടത്തിയ വെടിവയ്പില്‍ ഫുട്‌ബോള്‍ താരം ഉള്‍പ്പെടെ മൂന്നുയുവാക്കള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. കാങ്‌പൊക്പി ജില്ലയിലാണ് മരണം റിപ്പോര്‍ട്ട്‌ചെയ്തത്. സുബ്രതോ കപ്പില്‍ സംസ്ഥാന ടീമിന് വേണ്ടി കളിച്ച മാങ്മിന്‍ജോയ് ഹവൊകിപ് (20) ഉള്‍പ്പെടെ ആണ് കൊല്ലപ്പെട്ടത്. സൈകുള്‍ ഗ്രാമത്തില്‍നിന്നുള്ള ഹവൊകിപിന്റെ തലയ്ക്കാണ് വെടിയേറ്റത്.
വളര്‍ന്നുവരുന്ന താരമായ ഹവൊകിപിന് ദാരിദ്ര്യംമൂലം പരിശീലനത്തിന് പോകാന്‍ കഴിഞ്ഞില്ലെന്ന് സുഹൃത്തുക്കളെ ഉദ്ധരിച്ച് വടക്കുകിഴക്കന്‍ മേഖലകളിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തു. രണ്ടുപേര്‍ക്ക് വെടിവയ്പ്പില്‍ പരുക്കുള്ളതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, മരണം ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."