HOME
DETAILS

മിണ്ടാതിരിക്കുക എന്നത് മറുപടിയല്ല

  
backup
May 06 2023 | 02:05 AM

the-true-beauty-of-democracy-is-healthy-debate

യു കെ കുമാരൻ

The true beauty of democracy is healthy debate


ജനാധിപത്യത്തിന്റെ യഥാർഥ സൗന്ദര്യം ആരോഗ്യകരമായ സംവാദമാണ്. 'വാദിക്കാനും, ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ്' എന്നതാണ് സംവാദത്തെക്കുറിച്ചുള്ള ഏറ്റവും നല്ല നിർവചനം. ഭൂരിപക്ഷവും ന്യൂനപക്ഷവുമെന്നത് ജനാധിപത്യത്തെ ക്രിയാത്മകമാക്കുന്ന ഘടകങ്ങളാണ്. ആശയതലത്തിൽ അഗാധമായ വൈരുദ്ധ്യങ്ങൾ നിലനിൽക്കുമ്പോഴും പരസ്പരം കേൾക്കുക എന്നതാണ് ജനാധിപത്യത്തിന്റെ പ്രാഥമിക ധർമം. ആ അവസ്ഥ ദുർബലമാകുന്ന ഇടങ്ങളിൽ പ്രച്ഛന്ന രൂപത്തിൽ ഫാസിസം കടന്നുവരുമെന്നതും ചരിത്രം തെളിയിച്ചിട്ടുള്ളതാണ്. അങ്ങനെ സംഭവിക്കാതിരിക്കാൻ വേണ്ടിയാണ് വിശാലമായ ഒരു ജനാധിപത്യ പരിസരത്തിന് ഇന്ത്യ പാകമായിട്ടുണ്ടോ എന്ന സന്ദേഹം പ്രബലമായ സന്ദർഭത്തിലും ജനാധിപത്യത്തിൻ്റേതു തന്നെയാണ് ഇന്ത്യയുടെ ഭാവിയെന്ന് അന്നത്തെ ഭരണാധിപന്മാർ തീരുമാനിച്ചത്.


ജനാധിപത്യ ജീവിതരീതിയെ ഇന്ത്യയിൽ വേരുറപ്പിക്കാനുള്ള തീവ്ര ശ്രമത്തിന്റെ കാലമായിരുന്നു പിന്നീട്. പാർലമെന്റിൽ മൃഗീയഭൂരിപക്ഷമുണ്ടായിരുന്ന കാലത്തും ഏറ്റവും ദുർബലമായ പ്രതിപക്ഷത്തിന്റെ ശബ്ദത്തിന് വേണ്ടി ശ്രദ്ധയോടെ കാതോർക്കുന്ന അന്നത്തെ പ്രധാനമന്ത്രിയുടെ ചിത്രം നമ്മുടെ മുമ്പിലുണ്ട്. പ്രതിപക്ഷ നേതാവിന്റെ പ്രസംഗം മോശമായ ഇംഗ്ലീഷിലായിരുന്നിട്ടുപോലും ഉന്നയിച്ച എല്ലാ കാര്യങ്ങൾക്കും കൃത്യമായ മറുപടി നൽകിയിരുന്ന പ്രധാനമന്ത്രിയേയും നമുക്കറിയാം. ഭൂരിപക്ഷത്തിന്റെ ശക്തിയിൽ പ്രതിപക്ഷത്തിന്റെ ദുർബല ശബ്ദത്തെ നിരാകരിക്കുന്ന ശ്രമം ഒരിക്കലും ഉണ്ടായിട്ടില്ല. ഇതാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം. ക്രിയാത്മകമായ സംവാദങ്ങളിലൂടെ മാത്രമേ ഫാസിസത്തെ ദുർബലപ്പെടുത്താൻ കഴിയൂ. എന്നാൽ ഇത്തരം കാഴ്ചകളൊക്കെ ഇന്ന് ഇന്ത്യയിലും കേരളത്തിലും ഭൂതകാല ഒാർമ മാത്രമായി മാറിക്കൊണ്ടിരിക്കുകയാണ്. ഭരണാധികാരികളുടെ അർഥഗർഭ മൗനത്തിന്റെ ഫലമായി ജനാധിപത്യത്തിന്റെ സംവാദ മണ്ഡലങ്ങൾ ദുർബലമായിക്കൊണ്ടിരിക്കുന്നു.


ഇന്ത്യയുടെ പാർലമെന്റിന്റെ ചരിത്രത്തിൽ മുമ്പുണ്ടായിട്ടില്ലാത്ത സംഭവങ്ങളാണ് കഴിഞ്ഞ ലോക്‌സഭാ സമ്മേളനത്തിൽ അരങ്ങേറിയത്. ഭരണകക്ഷിതന്നെ ബഹളംവച്ചു പ്രതിപക്ഷത്തിന്റെ വായടപ്പിക്കുന്ന സംഭവം കഴിഞ്ഞ സമ്മേളനത്തിലാണ് ഉണ്ടായത്. അദാനിയെക്കുറിച്ചുള്ള വാർത്തകൾ വന്ന പശ്ചാത്തലത്തിലായിരുന്നു അസാധാരണ സംഭവങ്ങൾ അരങ്ങേറിയത്. ലോക സമ്പന്നരിൽ നൂറ്റി അറുപത്തിനാലാം സ്ഥാനത്തായിരുന്ന അദാനി എന്ന സമ്പന്നൻ മോദി അധികാരത്തിൽ വന്നു ഏതാനും വർഷങ്ങൾക്കിടയിൽ രണ്ടാം സ്ഥാനക്കാരനായി വളരുന്നു. ഇരുപതിനായിരം കോടി രൂപ ഷെൽ കമ്പനികളിൽ നിക്ഷേപിച്ചതായ വാർത്ത വരുന്നു. ഇത്രയും വലിയ തുക എവിടെ നിന്നാണ് സമാഹരിക്കപ്പെട്ടത്? പ്രധാനമന്ത്രിയും അദാനിയും തമ്മിലുള്ള സൗഹൃദത്തിന്റെ മറവിൽ ധാരാളം വിദേശരാജ്യങ്ങളിൽ മൂലധനം മുടക്കാൻ അദാനിക്ക് അവസരമുണ്ടാകുന്നു. വിറ്റഴിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളിലധികവും അദാനിയുടെ കൈകളിലെത്തിച്ചേരുന്നു. ഇത്രയും സമകാലീനപ്രസക്തമായ ഒട്ടേറെ വസ്തുതകൾ പ്രതിപക്ഷം ലോക്‌സഭയിൽ ഉന്നയിച്ചിട്ടും പ്രധാനമന്ത്രിയുടെ ഒന്നരമണിക്കൂർ നീണ്ട മറുപടി പ്രസംഗത്തിലൊരിടത്തും ഇതിനെക്കുറിച്ചൊരു പരാമർശവും ഉണ്ടായില്ല. മാത്രവുമല്ല, അദാനിയെക്കുറിച്ചുള്ള എല്ലാ പരാമർശങ്ങളും പാർലമെന്റ് രേഖകളിൽനിന്ന് നീക്കം ചെയ്യുകയും ചെയ്തു. ഇത്തരം സംഭവം ലോക്‌സഭ ചരിത്രത്തിൽ ആദ്യമാണ്. രാഹുൽഗാന്ധി വിദേശത്ത് പോയപ്പോൾ ഇന്ത്യൻ ജനാധിപത്യത്തെക്കുറിച്ച് നടത്തിയെന്ന് പറയപ്പെടുന്ന ഒരു പരാമർശത്തെ ചൊല്ലിയാണ് പിന്നീട് ഭരണകക്ഷികൾ ഒന്നടങ്കം ബഹളംവയ്ക്കാൻ തുടങ്ങിയത്. ഇത് സംബന്ധിച്ച് വിശദീകരണം നൽകാൻ അവസരം നൽകണമെന്ന് രണ്ടുവട്ടം സ്പീക്കർക്ക് എഴുതിക്കൊടുത്തിട്ടും രാഹുൽഗാന്ധിക്ക് അതിനുള്ള അവസരവും നൽകിയില്ല. ഇതും ചരിത്രത്തിൽ ആദ്യത്തെ സംഭവമാണ്. പിന്നീട് രാഹുൽഗാന്ധിക്കെതിരേയുള്ള ഒരു കോടതിവിധിയെ തുടർന്ന് അഭൂതപൂർവ സംഭവങ്ങൾ ഉണ്ടായി. ഇവയൊക്കെ ഇന്ത്യൻ പാർലമെന്റ് ചരിത്രത്തിലെ ആദ്യത്തെ സംഭവങ്ങളാണ്.


ഇന്ത്യൻ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ സൗന്ദര്യമെന്ന നിലയിൽ കേന്ദ്രം ഉയർത്തിക്കാട്ടുന്നതാണ് പ്രധാനമന്ത്രിയുടെ പ്രതിമാസം നടത്താറുള്ള 'മൻകീബാത്ത്'. അതിന്റെ നൂറാം മാസത്തിൽ പ്രധാനമന്ത്രി വിശേഷിപ്പിച്ചത് 'ഇന്ത്യൻ ജനതയുടെ മനസിലേക്ക് ഇറങ്ങിച്ചെല്ലാൻ കഴിഞ്ഞ പരിപാടി' എന്ന നിലയിലാണ്. ഏകപക്ഷീയ പ്രഭാഷണം എന്ന നിലക്കാണ് മൻകീബാത്ത് സ്വീകരിക്കപ്പെട്ടത്. അതല്ലാതെ മുൻ പ്രധാനമന്ത്രിമാർ നടത്തിയ പത്രസമ്മേളനങ്ങളുമായി ഒരിക്കലും അതിനെ താരതമ്യപ്പെടുത്താൻ കഴിയില്ല. അധികാരത്തിലേറി ഇന്നുവരെ ഒരു പത്രസമ്മേളനവും നടത്താത്ത ഭരണാധികാരിയാണ് നരേന്ദ്രമോദി. പ്രധാനമന്ത്രിമാർ ഏറ്റവും നന്നായി സംവദിക്കപ്പെട്ടിരുന്നത് അവർ നടത്തിയ പത്രസമ്മേളനങ്ങളിലൂടെയായിരുന്നു. മുൻ പ്രധാനമന്ത്രിമാർ അതിനുള്ള അവസരവും സൃഷ്ടിച്ചിരുന്നു. എന്നാൽ സമീപകാലത്തെ പല ഭരണാധികാരികളും ഇത്തരം ജനാധിപത്യരീതി സ്വീകരിക്കാൻ വിമുഖത കാട്ടുന്നവരാണ്. മാധ്യമങ്ങളുമായുള്ള ആശയവിനിമയം കുറഞ്ഞുവരുന്നത് ഇന്ത്യൻ ജനാധിപത്യത്തെ ദുർബലപ്പെടുത്തിക്കൊണ്ടിരിക്കുകയുമാണ്. ലോകത്ത് ഏറ്റവുമധികം മാധ്യമസ്വാതന്ത്ര്യമുള്ള രാജ്യങ്ങളിലൊന്നായി ഇന്ത്യ വാഴ്ത്തപ്പെട്ടിരുന്നു. എന്നാൽ ഇന്ന് ഇന്ത്യയുടെ മാധ്യമസ്വാതന്ത്ര്യത്തിന്റെ നിലവാരം നൂറ്റി അറുപത്തഞ്ചാം സ്ഥാനത്താണെന്ന് പുതിയ കണക്കുകൾ തെളിയിക്കുന്നു. ഇത് ജനാധിപത്യവിശ്വാസികളെ ആശങ്കയിലാഴ്ത്തും.


ഇന്ത്യൻ ദേശീയതയുടെ ചെറുകിട പതിപ്പായി കേരളവും മാറിക്കൊണ്ടിരിക്കുകയാണോ എന്ന് സമീപകാല സംഭവങ്ങളെ മുൻനിർത്തി ചോദിക്കേണ്ടിയിരിക്കുന്നു. കേരള നിയമസഭയിൽ ഭരണകക്ഷിയും പ്രതിപക്ഷവും തമ്മിൽ അംഗസംഖ്യയിൽ ഏറെ അന്തരമുണ്ട്. അതുകൊണ്ടുതന്നെ ഭൂരിപക്ഷമുള്ള ഭരണകക്ഷി പ്രതിപക്ഷശബ്ദത്തെ പല സന്ദർഭങ്ങളിലും അവഗണിക്കാറുമുണ്ട്. കാലികപ്രസക്തിയുള്ള പല വിഷയങ്ങളെക്കുറിച്ചും പ്രതിപക്ഷം ചോദ്യങ്ങൾ ഉന്നയിക്കുമ്പോൾ അതിനെ അവഗണിക്കുക എന്നത് അടുത്തകാലത്തുണ്ടായ തെറ്റായ രീതിയാണ്. ജനാധിപത്യത്തിന് ഒട്ടും ചേർന്നതുമല്ല അത്. പ്രതിപക്ഷം ഉന്നയിച്ചുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങൾ പ്രസക്തമാണെങ്കിൽ അതിനെ ആ രീതിയിൽ തന്നെയാണ് ഭരണാധികാരി കൈകാര്യം ചെയ്യേണ്ടത്. അഥവാ കാതലില്ലാത്തതാണെന്ന് തോന്നുകയാണെങ്കിൽ ആ രീതിയിൽ അതിന് മറുപടി നൽകുകയും ചെയ്യാം. അതല്ലാതെ ഔദാര്യം കലർന്ന ശരീരഭാഷയോടെ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങളെ അവഗണിക്കുകയല്ല വേണ്ടത്. മുൻകാലങ്ങളിൽ ഏതവസരത്തിലും മാധ്യമപ്രവർത്തകർക്ക് മുഖ്യമന്ത്രിയെ സമീപിച്ചു ചോദ്യങ്ങൾ ചോദിക്കാമായിരുന്നു. മാധ്യമസ്വാതന്ത്ര്യത്തിന്റെ ഏറ്റവും നല്ല മാതൃകയായിരുന്നു അത്. എന്നാൽ കേരളത്തിൽ ആ മാതൃക ഇല്ലാതായിട്ട് കുറേക്കാലമായി. കേരളത്തിലെ മാധ്യമസ്വാതന്ത്ര്യം ചോദ്യം ചെയ്യുന്ന ധാരാളം സന്ദർഭങ്ങളുണ്ടാവുകയും ചെയ്തു.
അടുത്തകാലത്ത് കേരള നിയമസഭയിലുണ്ടായ അസുഖകരമായ സംഭവങ്ങൾ ഇതിനോട് ചേർത്തു വായിക്കേണ്ടതാണ്. അടിയന്തര പ്രമേയങ്ങൾ അവതരിപ്പിക്കുക എന്നത് പ്രതിപക്ഷത്തിന്റെ പ്രധാന ചുമതലകളിലാണ്. അവർക്ക് ബോധ്യപ്പെട്ട സാമൂഹികപ്രശ്‌നങ്ങൾ സഭയിൽ ചർച്ചക്കായി പ്രതിപക്ഷം അവതരിപ്പിക്കും. ഭരണകക്ഷിക്കുകൂടി സ്വീകാര്യമാണെങ്കിൽ അവതരണാനുമതി ലഭിക്കുകയും ചെയ്യും. എന്നാൽ വൈരനിര്യാതനബുദ്ധിയോടെ ഇത്രയേറെ അടിയന്തരപ്രമേയങ്ങൾക്ക് അനുമതി ലഭിക്കാത്ത നിയമസഭയുടെ ചരിത്രത്തിൽ മുമ്പൊരിക്കലും ഉണ്ടായിട്ടില്ല. അതിനെ തുടർന്നുണ്ടായ ചില സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഒരു വനിതാ എം.എൽ.എക്ക് സാരമായ പരുക്കേൽക്കുകയും ചെയ്തു. ആ എം.എൽ.എയുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന രീതിയിലാണ് പിന്നീട് ഭരണകക്ഷി എം.എൽ.എമാർ പെരുമാറിയത്. നിയമസഭയിലുണ്ടായ സംഘർഷത്തിന് ഭരണകക്ഷി പ്രതിപക്ഷ എം.എൽ.എമാർ ഒരുപോലെ ഉത്തരവാദികളാണെങ്കിലും പ്രതിപക്ഷ എം.എൽ.എമാരെ പ്രത്യേക കുറ്റക്കാരാക്കി കേസെടുക്കുകയാണ് ചെയ്തത്.
ട്രാഫിക് പരിഷ്‌കരണത്തിന്റെ ഭാഗമായി റോഡുകളിൽ സ്ഥാപിക്കുന്ന കാമറകളെ സംബന്ധിച്ച ചില വിവാദങ്ങൾ അടുത്ത കാലത്ത് ഉണ്ടായിരിക്കുകയാണ്. പ്രതിപക്ഷം ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് ഭരണകക്ഷി മറുപടി നൽകാൻ ബാധ്യസ്ഥരാണ്. മുഖ്യമന്ത്രിയെ മുൻനിർത്തിയാണ് ചോദ്യങ്ങൾ അധികവും ഉയർന്നുവന്നിട്ടുള്ളത്. അതുകൊണ്ടു അദ്ദേഹം തന്നെ അവയ്ക്ക് മറുപടി കൊടുക്കുക എന്നതാണ് ജനാധിപത്യ രീതി. ജനാധിപത്യസംവിധാനത്തിൽ ഇത്തരം ചോദ്യങ്ങൾ സ്വഭാവികമാണ്. പാർലമെന്റിൽ ഉന്നയിക്കുന്ന പല ചോദ്യങ്ങൾക്ക് ഉത്തരം പറയാതെ ഒഴിഞ്ഞുമാറുന്ന പ്രധാനമന്ത്രിയെ അപലപിക്കുന്ന ഇടതുപക്ഷം തന്നെ കേരളത്തിലെത്തുമ്പോൾ മൗനം പാലിക്കുന്നുവെന്നതാണ് ഏറെ രസകരം. പ്രതിപക്ഷം ഉയർത്തിക്കൊണ്ടുവന്നിരിക്കുന്ന ഈ പ്രശ്‌നപരിസരത്തിന് എന്തെങ്കിലും പ്രസക്തിയുണ്ടോ എന്നറിയാനുള്ള അവകാശം പൊതുസമൂഹത്തിനുമുണ്ട്. പ്രശ്‌നങ്ങളോട് മുഖം തിരിഞ്ഞുനിൽക്കുന്നതോ മിണ്ടാതിരിക്കുന്നതോ ഒരു മറുപടിയാകുന്നില്ലല്ലോ.

The true beauty of democracy is healthy debate


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദേശീയ ചിഹ്‌നങ്ങള്‍ വാണിജ്യപരമായി ഉപയോഗിക്കുന്നത് തടയാന്‍ ഉത്തരവിറക്കി സഊദി

Saudi-arabia
  •  25 days ago
No Image

ബംഗാളി നടിയുടെ പീഡന പരാതി സംവിധായകന്‍ രഞ്ജിത്തിനെതിരെ പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചു

Kerala
  •  25 days ago
No Image

ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ സംഘര്‍ഷം; കോഴിക്കോട് നാളെ കോണ്‍ഗ്രസ് ഹര്‍ത്താല്‍

Kerala
  •  25 days ago
No Image

സഹകരണം വര്‍ധിപ്പിക്കും; ഒമാന്‍ സുല്‍ത്താനുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി

oman
  •  25 days ago
No Image

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തോടെ ബിജെപി കോണ്‍ഗ്രസ് ഡീല്‍ കൂടുതല്‍ വ്യക്തമായെന്ന് ഇ.പി ജയരാജന്‍

Kerala
  •  a month ago
No Image

'ആര്‍.എസ്.എസ് ശാഖക്ക് കാവല്‍ നില്‍ക്കണം എന്ന് തോന്നിയാല്‍ കെ.പി.സി.സി പ്രസിഡന്റ് ഉണ്ട്'; പരിഹസിച്ച് മുഹമ്മദ് റിയാസ്

Kerala
  •  a month ago
No Image

ഇത്രയും കാലം ഛര്‍ദ്ദിച്ചതൊക്കെ വിഴുങ്ങണ്ടേ..?; സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തെ പരിഹസിച്ച് പത്മജ

Kerala
  •  a month ago
No Image

ആറ് ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടെ; പരിഹസിച്ച് കെ സുരേന്ദ്രന്‍

Kerala
  •  a month ago
No Image

സന്തോഷ് ട്രോഫി: കേരളം സുസജ്ജം

Kerala
  •  a month ago