HOME
DETAILS

കോണ്‍ഗ്രസിനെ സ്‌നേഹിക്കുന്ന ശത്രുക്കള്‍

  
backup
June 12 2021 | 20:06 PM

654121984

വി അബ്ദുല്‍ മജീദ്

9846159481


മറ്റു പല പാര്‍ട്ടികളിലുമെന്നപോലെ കോണ്‍ഗ്രസിലും കുറേക്കാലമായി നേതാക്കളെ തെരഞ്ഞെടുക്കാറില്ല. അവസാനമായി ഒരു കെ.പി.സി.സി പ്രസിഡന്റിനെ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുത്തത് മൂന്നു പതിറ്റാണ്ടു മുന്‍പാണ്. അതിനുശേഷം 'നിയമന'മാണ് പതിവ്. സാധാരണ ഏതെങ്കിലും തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി തോല്‍ക്കുമ്പോഴാണ് കെ.പി.സി.സി പ്രസിഡന്റിനെ മാറ്റി ആ തസ്തികയില്‍ നിയമനം നടക്കുന്നത്. ഇത്തവണ ആ പദവിയില്‍ നിയമിതനായത് കെ. സുധാകരനാണ്. നേതൃപദവിയില്‍ ആരെങ്കിലും നിയമിക്കപ്പെടുമ്പോള്‍ പതിവുള്ള വലിയ പൊട്ടലും ചീറ്റലുമൊന്നും ഇത്തവണ പാര്‍ട്ടിയില്‍ കണ്ടില്ല. ഉണ്ടായത് ചെറിയ മുറുമുറുപ്പ് മാത്രമാണ്. അതെങ്കിലും ഉണ്ടായില്ലെങ്കില്‍ പിന്നെന്ത് കോണ്‍ഗ്രസ്.


എന്നാല്‍ കോണ്‍ഗ്രസില്‍ വലിയ പ്രശ്‌നങ്ങളൊന്നുമില്ലെങ്കിലും ഇതില്‍ ആര്‍ക്കും ഒരെതിര്‍പ്പുമില്ലെന്നൊന്നും കരുതരുത്. കോണ്‍ഗ്രസിന്റെ ചില ശത്രുക്കള്‍ക്ക് ഇക്കാര്യത്തില്‍ വലിയ സങ്കടമുണ്ട്. തെരഞ്ഞെടുപ്പില്ലാതെ കെ.പി.സി.സിക്ക് ഒരു പ്രസിഡന്റുണ്ടായതോര്‍ത്ത് ശത്രുക്കളില്‍ പലരും കുറച്ചുദിവസമായി ഉറങ്ങുന്നില്ലെന്നാണ് കേള്‍ക്കുന്നുണ്ട്. അവര്‍ക്ക് വേറെയുമുണ്ട് പരാതികള്‍. സുധാകരന്‍ അക്രമരാഷ്ട്രീയക്കാരനാണ്, ധാര്‍ഷ്ട്യക്കാരനാണ്, എതിരാളികള്‍ക്കെതിരേ മാന്യമല്ലാത്ത പരാമര്‍ശങ്ങള്‍ നടത്തുന്നയാളാണ് എന്നിങ്ങനെ പലതും. ഇങ്ങനെയൊക്കെയുള്ളൊരു നേതാവുണ്ടായാല്‍ കേരളത്തിലെ കോണ്‍ഗ്രസ് തകര്‍ന്നുപോകുമോ എന്നോര്‍ത്താണ് അവര്‍ക്ക് ഉറക്കം നഷ്ടപ്പെടുന്നത്.


ഇതുപോലൊരു നേതാവുണ്ടാകുന്നതു കാരണം കോണ്‍ഗ്രസ് വേഗം തകര്‍ന്നുകിട്ടുമല്ലോ എന്നോര്‍ത്ത് ശത്രുക്കള്‍ സന്തോഷിക്കുകയല്ലേ വേണ്ടതെന്ന ന്യായമായ സംശയം ചിലര്‍ക്കെങ്കിലും ഉണ്ടായേക്കം. കേരളത്തിലെ ഭരണവര്‍ഗ രാഷ്ട്രീയകക്ഷികളുടെ പത്തരമാറ്റ് തങ്കം പോലുള്ള മനസ് അറിയാത്തതുകൊണ്ടാണ് അവരങ്ങനെ ചിന്തിക്കുന്നത്. ഗാന്ധിയന്‍ പാരമ്പര്യമുള്ളവരാണ് അവരെല്ലാം. സ്വന്തം പാര്‍ട്ടി തകര്‍ന്നാലും ശത്രുക്കള്‍ക്ക് ഒരു ദോഷവും വരരുതെന്ന് അവര്‍ ആത്മാര്‍ഥമായി തന്നെ ആഗ്രഹിക്കുന്നു.
സുധാകരനില്‍ ആരോപിക്കപ്പെടുന്ന ദോഷങ്ങള്‍ ആരോപിക്കാവുന്ന നേതാക്കള്‍ സ്വന്തം പാര്‍ട്ടിക്കും ഉണ്ടെന്നറിഞ്ഞുകൊണ്ടു തന്നെയാണ് കോണ്‍ഗ്രസിനെക്കുറിച്ച് അവര്‍ ഏറെ ആശങ്കപ്പെടുന്നത് എന്നുകൂടി ഓര്‍ത്താല്‍ അവരുടെ ഹൃദയവിശാലത ബോധ്യപ്പെടും. കേരളത്തില്‍ കോണ്‍ഗ്രസിന്റെ ശത്രുചേരിയുടെ മുന്‍നിരയിലുള്ള പാര്‍ട്ടികള്‍ നിശ്ചിത കാലയളവില്‍ സമ്മേളനങ്ങളും പാര്‍ട്ടി കോണ്‍ഗ്രസുമൊക്കെ ചേരാറുണ്ട്. ഈ സമ്മേളനങ്ങളില്‍ അതാതു ഘടകങ്ങളെ നയിക്കാനുള്ള സെക്രട്ടറിമാരെ തെരഞ്ഞെടുക്കുന്നു എന്നും പറയാറുണ്ട്. എന്നാല്‍ കീഴ്ഘടകങ്ങളുടെ നേതാക്കളെ മേല്‍ഘടകങ്ങളോ കേന്ദ്ര നേതാവിനെ ആ കമ്മിറ്റിയുടെ പരമോന്നത സമിതിയോ തീരുമാനിച്ച് സമ്മേളനത്തില്‍ അവതരിപ്പിക്കുകയും സമ്മേളന പ്രതിനിധികള്‍ അത് കൈയടിച്ച് അംഗീകരിക്കുകയുമാണ് പതിവ്. അല്ലാതെ അവിടെ തെരഞ്ഞെടുപ്പ് നടന്നെങ്കില്‍ എതിര്‍ സ്ഥാനാര്‍ഥി ആര്, തെരഞ്ഞെടുപ്പ് ആരു നിയന്ത്രിച്ചു, ഓരോരുത്തര്‍ക്കും എത്ര വോട്ട് കിട്ടി എന്നൊന്നും ആരും അറിയാറില്ല. ഇനി ആരെങ്കിലും എതിര്‍ക്കുകയോ എതിരായി മത്സരിക്കുകയോ ചെയ്താല്‍ അവരുടെ രാഷ്ട്രീയഭാവി കട്ടപ്പൊകയാകും. ഇടക്കാലത്ത് നേതാവിനെ മാറ്റണമെങ്കില്‍ ബന്ധപ്പെട്ട ഘടകത്തിന്റെ നിര്‍ദേശം കൂടി കണക്കിലെടുത്ത് മേല്‍ഘടകം ഏതെങ്കിലും വിജയരാഘവന്‍മാരെ നിയമിക്കാറുമുണ്ട്. ഇതിനെയൊക്കെ തെരഞ്ഞെടുപ്പെന്ന് ഏതെങ്കിലും ഭാഷയില്‍ പറയുന്നുണ്ടാവാം. മലയാള ഭാഷയില്‍ അങ്ങനെ പറയാറില്ല.


പിന്നെ അക്രമരാഷ്ട്രീയം, ധാര്‍ഷ്ട്യം, ശത്രുക്കള്‍ക്കെതിരേ മാന്യതയില്ലാത്ത പദപ്രയോഗങ്ങള്‍ തുടങ്ങി സുധാകരനെതിരേ ആരോപിക്കപ്പെടുന്ന ദോഷങ്ങളെല്ലാം അതേ അളവിലോ അതില്‍ കൂടുതലായോ ആരോപിക്കപ്പെട്ട നേതാക്കള്‍ മറുചേരിയെയും ദീര്‍ഘകാലം നയിച്ചിട്ടുണ്ട്. അധികമാരും അതു മറന്നുകാണില്ല. മറന്നവര്‍ പഴയ പത്രത്താളുകള്‍ പരതിയാല്‍ മതി. അതിനു സമയമില്ലാത്തവര്‍ ഗൂഗിളില്‍ തിരഞ്ഞാലും മതി. സ്വന്തം പാര്‍ട്ടിയുടെ നേതാക്കള്‍ എങ്ങനെയായാലും ശത്രുകക്ഷിയുടെ നേതാവ് ശുദ്ധരില്‍ ശുദ്ധരായിരിക്കണമെന്ന മഹാമനസ്‌കത പ്രശംസിക്കപ്പെടുക തന്നെ വേണം. ഇത്രയേറെ ഹൃദയനൈര്‍മല്യമുള്ള രാഷ്ട്രീയപ്രവര്‍ത്തകരെ കേരളത്തിനു പുറത്ത് ഈ രാജ്യത്തെന്നല്ല ലോകത്തു തന്നെ വേറെ കാണാനാവില്ല.
പിന്നെ ഇതിന് ചിലര്‍ പറയുന്ന മറ്റൊരു കാരണമുണ്ട്. പുറമെ പരസ്പരം വലിയ ശത്രുത കാണുമെങ്കിലും കേരളത്തിലെ അധികാരരാഷ്ട്രീയ രംഗം ഒരു പരസ്പരസഹായ സഹകരണ സംഘമാണ്. ഒരു ചേരി അധികാരത്തിലിരിക്കുമ്പോള്‍ അവരുടെ പേരില്‍ വലിയ കേസുകളും ആരോപണങ്ങളുമൊക്കെ ഉയരാറുണ്ട്. ആ സമയത്തെ പ്രതിപക്ഷം അതുയര്‍ത്തി വലിയ രാഷ്ട്രീയക്കൊടുങ്കാറ്റ് സൃഷ്ടിക്കും. എന്നാല്‍ അതിന്റെയൊക്കെ പേരിലുള്ള പ്രതിപക്ഷ സമരങ്ങള്‍ നിര്‍ണായക ഘട്ടങ്ങളിലെത്തുമ്പോള്‍ സിച്ച് ഓഫ് ചെയ്തതുപോലെ നിലയ്ക്കും. ആ പ്രതിപക്ഷം പിന്നീട് ഭരണപക്ഷമായി മാറുമ്പോള്‍ ഇത്തരം കേസുകള്‍ അധികം മുന്നോട്ടുപോകുകയോ കേസിലകപ്പെട്ട നേതാക്കള്‍ ശിക്ഷിക്കപ്പെടുകയോ ചെയ്യാറുമില്ല. അതെല്ലാം പൊലിസ് അന്വേഷിച്ച് കഴമ്പില്ലെന്നുപറഞ്ഞ് ഫയല്‍ ക്ലോസ് ചെയ്യുകയാണ് പതിവ്. അതുപോലെ പ്രതിപക്ഷത്തുള്ളവര്‍ ഉള്‍പ്പെടുന്ന വലിയ കേസുകളില്‍ ഭരണപക്ഷം അന്വേഷണ കോലാഹലങ്ങള്‍ സൃഷ്ടിച്ച് ഒടുവില്‍ അത് തുമ്പില്ലാതാക്കുന്നതും പതിവാണ്. കൂടിവന്നാല്‍ അതിലുള്‍പ്പെട്ട ചില പ്രാദേശിക കൊടി സുനി, കുഞ്ഞനന്തന്‍മാര്‍ ശിക്ഷിക്കപ്പെട്ടേക്കും. കേസുകളുടെ തുമ്പ് വലിയ നേതാക്കളിലേക്കെത്താറില്ല.


ഇത്തരം സഹകരണങ്ങള്‍ക്ക് നിന്നുകൊടുക്കുന്നയാളല്ല സുധാകരനെന്നും വാശിയും വൈരനിര്യാതനബുദ്ധിയും അദ്ദേഹത്തിന് ഇത്തിരി കൂടുതലാണെന്നുമാണ് പറഞ്ഞുകേള്‍ക്കുന്നത്. അങ്ങനെയൊരാള്‍ നേതൃത്വത്തില്‍ വന്നാലുള്ള ഭവിഷ്യത്തുകളോര്‍ത്താണ് ശത്രുചേരിക്ക് വേവലാതിയെന്ന് ചില പ്രതിവിപ്ലവകാരികളും പ്രതിക്രിയാവാദികളുമൊക്കെ പറഞ്ഞുനടക്കുന്നുണ്ട്. അവരങ്ങനെ പലതും പറയും. നമ്മളതൊന്നും കാര്യമാക്കേണ്ട.

കുഴല്‍പ്പണ ശാപം ഉപകാരം


തെരഞ്ഞെടുപ്പ് തോറ്റാല്‍ സംസ്ഥാന പ്രസിഡന്റിനെ മാറ്റുന്ന രീതി കേരളത്തില്‍ കുറച്ചുകാലമായി ബി.ജെ.പിക്കുമുണ്ട്. ഇത്തവണ കേരളത്തില്‍ ബി.ജെ.പിക്കുണ്ടായ തോല്‍വി ഒട്ടും ചെറുതല്ല. കൈയിലുണ്ടായിരുന്ന ഒരേയൊരു സീറ്റും പോയി. മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പിച്ച് പാര്‍ട്ടിയില്‍ വന്ന മെട്രോ ശ്രീധരന്‍ പോലും ഭംഗിയായി തോറ്റു. തൊട്ടുപിറകെ പാര്‍ട്ടിയെ മൊത്തത്തില്‍ നാണംകെടുത്തിക്കൊണ്ട് കുഴല്‍പ്പണക്കേസും കോഴക്കേസും. കോഴക്കേസില്‍ സംസ്ഥാന പ്രസിഡന്റ് തന്നെ ആരോപണവിധേയന്‍. അങ്ങനെ നോക്കുമ്പോള്‍ പ്രസിഡന്റിനെ വേണമെങ്കില്‍ മാറ്റാനുള്ള കാരണങ്ങള്‍ ആവശ്യത്തിലധികമുണ്ട്.


എന്നാല്‍ പ്രസിഡന്റിനെ ഉടനെയൊന്നും മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് ഇന്ദ്രപ്രസ്ഥത്തില്‍നിന്നുള്ള വാര്‍ത്തകള്‍. കെ. സുരേന്ദ്രനെ അവിടേക്ക് വിളിപ്പിച്ച കേന്ദ്ര നേതാക്കള്‍ തോല്‍വിയിലും ആരോപണങ്ങളിലും അതൃപ്തി അറിയിച്ച ശേഷം സുരേന്ദ്രനോട് തല്‍ക്കാലം തുടരാന്‍ പറഞ്ഞെന്നാണ് കേള്‍ക്കുന്നത്.


ബി.ജെ.പിക്ക് കേന്ദ്രത്തില്‍ അധികാരമുള്ളതിനാല്‍ കോണ്‍ഗ്രസിനെപ്പോലെ വെറുതെയങ്ങ് മാറ്റിനിര്‍ത്തുകയല്ല ചെയ്യുന്നത്. ഇതിനു മുന്‍പ് മാറ്റിയ രണ്ടുപേരെ മിസോറാം ഗവര്‍ണറാക്കുകയായിരുന്നു. അങ്ങനെയൊരു കീഴ്‌വഴക്കമുള്ളതിനാല്‍ പ്രസിഡന്റിനെ മാറ്റണമെങ്കില്‍ പകരം അതുപോലെ പറ്റിയൊരു പദവി കണ്ടെത്തണമല്ലോ. തല്‍ക്കാലം എവിടെയും ഗവര്‍ണര്‍ പദവിയില്‍ ഒഴിവു കാണില്ല. ഈ സാഹചര്യത്തില്‍ തത്തുല്യമായൊരു തസ്തിക കണ്ടെത്തണം. അതിനു കാത്തിരിക്കുകയായിരിക്കണം.
അങ്ങനെ എന്തെങ്കിലുമൊരു പണി കൊടുക്കാതെ വെറുതെ മാറ്റിനിര്‍ത്തിയാല്‍ തിരിച്ചു പണികിട്ടിയേക്കും. തെരഞ്ഞെടുപ്പ് ചെലവിനായി എത്തി എന്നു പറയുന്ന കോടികള്‍ കേരളത്തില്‍ നിന്ന് ഒപ്പിച്ചതാവില്ലെന്ന് ഉറപ്പാണ്. ഇപ്പോള്‍ ഏതെങ്കിലും സംസ്ഥാന നേതാവിനെ പകരം പദവിയില്ലാതെ മാറ്റിനിര്‍ത്തി പിണക്കിയാല്‍ കുഴല്‍പ്പണ ഉറവിടം ചാനലുകള്‍ക്കു മുന്നില്‍ വിളിച്ചുപറയാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അങ്ങനെ സംഭവിച്ചാല്‍ കേസ് ദേശ് കീ നേതാജിമാരില്‍ വരെ എത്തിയേക്കും. ഉര്‍വശീശാപം ഉപകാരമെന്നൊക്കെ പറയുന്നതുപോലെ അധികാര രാഷ്ട്രീയത്തില്‍ കുഴല്‍പ്പണക്കേസ് പോലും ചിലര്‍ക്ക് ഉപകാരമായേക്കുമെന്ന് കരുതിയാല്‍ മതി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദേശീയ ചിഹ്‌നങ്ങള്‍ വാണിജ്യപരമായി ഉപയോഗിക്കുന്നത് തടയാന്‍ ഉത്തരവിറക്കി സഊദി

Saudi-arabia
  •  a month ago
No Image

ബംഗാളി നടിയുടെ പീഡന പരാതി സംവിധായകന്‍ രഞ്ജിത്തിനെതിരെ പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചു

Kerala
  •  a month ago
No Image

ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ സംഘര്‍ഷം; കോഴിക്കോട് നാളെ കോണ്‍ഗ്രസ് ഹര്‍ത്താല്‍

Kerala
  •  a month ago
No Image

സഹകരണം വര്‍ധിപ്പിക്കും; ഒമാന്‍ സുല്‍ത്താനുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി

oman
  •  a month ago
No Image

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തോടെ ബിജെപി കോണ്‍ഗ്രസ് ഡീല്‍ കൂടുതല്‍ വ്യക്തമായെന്ന് ഇ.പി ജയരാജന്‍

Kerala
  •  a month ago
No Image

'ആര്‍.എസ്.എസ് ശാഖക്ക് കാവല്‍ നില്‍ക്കണം എന്ന് തോന്നിയാല്‍ കെ.പി.സി.സി പ്രസിഡന്റ് ഉണ്ട്'; പരിഹസിച്ച് മുഹമ്മദ് റിയാസ്

Kerala
  •  a month ago
No Image

ഇത്രയും കാലം ഛര്‍ദ്ദിച്ചതൊക്കെ വിഴുങ്ങണ്ടേ..?; സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തെ പരിഹസിച്ച് പത്മജ

Kerala
  •  a month ago
No Image

ആറ് ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടെ; പരിഹസിച്ച് കെ സുരേന്ദ്രന്‍

Kerala
  •  a month ago
No Image

സന്തോഷ് ട്രോഫി: കേരളം സുസജ്ജം

Kerala
  •  a month ago