രാത്രി യൂറോകപ്പ്, പുലര്‍ച്ചെ കോപാ അമേരിക്ക, മച്ചാനേ, അതുപോരളിയാ...
തിങ്കളാഴ്ച പുലര്‍ച്ചെ കോപാ അമേരിക്ക ടൂര്ണമെന്റിനുകൂടി വിസില്‍ മുഴങ്ങുന്നതോടെ കായിക ലോകത്തിന്റെ ശ്രദ്ധമുഴുവനും ഫുട്ബോളിലേക്ക് ചുരുങ്ങുകയാണ്. ഫുട്ബോള്‍ ലോകത്തെ വമ്പന്മാരെല്ലാം കളത്തിലിറങ്ങുന്നത് കാണാന്‍ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുകയാണ് ഫുട്ബോള്‍ ലോകം. വൈകിട്ട് 6.30ന് തുടങ്ങിയാല്‍ പുലര്‍ച്ചെ 5.30 വരെ വിവിധ മത്സരങ്ങളാണ്. യൂറോയില്‍ മിക്ക ദിവസങ്ങളിലും മൂന്ന് മത്സരങ്ങളുണ്ട്. വൈകിട്ട് 6.30, രാത്രി 9.30, രാത്രി 12.30 എന്നിങ്ങനെയാണ് യൂറോ കപ്പിന്റെ മത്സരക്രമം. പുലര്‍ച്ചെ 2.30, 5.30 എന്നീ സമയത്താണ് കോപാ അമേരിക്കന്‍ ടൂര്‍ണമെന്റ് നടക്കുന്നത്. അതിനാല്‍ ഒരു രാത്രി മുഴുവന്‍ ഫുട്ബോള്‍ പ്രേമികള്‍ക്ക് ഉറക്കമിളച്ചിരിക്കേണ്ടി വരും.
യൂറോയിലും കോപയിലുമായി ലോകത്തെ എല്ലാ പ്രധാന താരങ്ങളും കളത്തിലിറങ്ങുന്നുണ്ട്. യൂറോ കപ്പില്‍ ഫ്രാന്‍സ്, ജര്‍മനി, പോര്‍ച്ചുഗല്‍, സ്പെയിന്, ഇംഗ്ലണ്ട്, ഇറ്റലി, ബെല്‍ജിയം തുടങ്ങിയവയ്ക്കു പുറമേ, കോപാ അമേരിക്കയില്‍ കേരളത്തില്‍ ഏറെ ആരാധകരുള്ള അര്‍ജന്റീന, ബ്രസീല്‍ എന്നീ ടീമുകളും കളത്തിലിറങ്ങുന്നതോടെ കായിക പ്രേമിക്ക് തീര്‍ച്ചയായും ഉറക്കമില്ലാത്ത രാത്രിയായിരിക്കും. കൊവിഡ് ഭീതിയെല്ലാം മാറിയതിനാല്‍ യൂറോകപ്പ് മത്സരങ്ങള്‍ക്ക് കാണികള്‍ക്ക് പ്രവേശനമുണ്ട്. വിവിധ രാജ്യങ്ങള്‍ അവിടെയുള്ള കൊവിഡ് കണക്കിന് അനുസരിച്ച് മാത്രമാണ് കാണികള്‍ക്ക് പ്രവേശനം നല്‍കുന്നത്. അസര്‍ബൈജാനിലെ ബാകു സ്റ്റേഡിയത്തില്‍ 50 ശതമാനം കാണികളെ പ്രവേശിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം. എന്നാല്‍ 90,000 കാണികളെ പ്രവേശിപ്പിക്കാവുന്ന ഇംഗ്ലണ്ടിലെ വെംബ്ലി സ്റ്റേഡിയത്തില്‍ 25 ശതമാനം കാണികളെയാവും പ്രവേശിപ്പിക്കുക. ഡെന്മാര്ക്ക്, ഹോളണ്ട് എന്നീ രാജ്യങ്ങളിലെ വേദികളില്‍ 25 ശതമാനം കാണികളെ പ്രവേശിപ്പിക്കും. ജര്‍മനിയിലെ വേദിയില്‍ 20 ശതമാനവും ചെക്ക് റിപ്പബ്ലിക്കിലെ ഗ്ലാസ്കോ സ്റ്റേഡിയത്തില്‍ 25 ശതമാനം കാണികളെയും അനുവദിക്കും. ഫൈനല്‍ മത്സരം നടക്കുന്ന ദിവസം വെംബ്ലി സ്റ്റേഡിയത്തില്‍ പകുതി കാണികളെ അനുവദിക്കുന്നതിനെകുറിച്ചും ആലോച്ചിക്കുന്നുണ്ട്. അതേസമയം കോപാ അമേരിക്കയില്‍ കാണികളുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. കാണികളെ പ്രവേശിപ്പിക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമൊന്നുമായിട്ടില്ലെന്ന് കോന്‍മിബോള്‍ പ്രസിഡന്റ് അലയാന്ദ്രോ ഡൊമിംഗസ് വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."