ഒരേ ഒരു ഉഷയല്ല
പീറ്റർ പ്രിൻസിപ്പൽ എന്നൊരു മാനേജ്‌മെന്റ് തിയറിയുണ്ട്. ഏതെങ്കിലും മേഖലയിൽ കഴിവു തെളിയിച്ച ഒരാളെ കമ്പനി വ്യത്യസ്ത കഴിവുകൾ ആവശ്യമുള്ള മറ്റൊരു സ്ഥാനത്തേക്ക് ജോലിക്കയറ്റം നൽകുന്നു. അയാൾക്ക് പുതിയ പദവി വഹിക്കാൻ വൈദഗ്ധ്യമുണ്ടാകില്ലെന്ന് മാത്രമല്ല, അത് നല്ലൊരു തോൽവിയാവുകയും ചെയ്യുമെന്നതാണ് തിയറി. ഡൽഹിയിലെത്തിയശേഷം പീറ്റർ പ്രിൻസിപ്പലിന്റെ പിടിയിൽപ്പെട്ടവർ നിരവധിയുണ്ട്. അല്ലെങ്കിലും ഡൽഹി പുറത്തുനിന്നെത്തുന്നവർക്ക് ആദ്യമൊരു ചുഴിയാണ്. പിടികിട്ടാതെ കുറേക്കാലം അതിൽക്കിടന്ന് കറങ്ങിക്കൊണ്ടിരിക്കും. പിലാവുള്ളക്കണ്ടി തെക്കേ പറമ്പിൽ ഉഷയെന്ന പി.ടി ഉഷയെ നമ്മളറിയുന്നത് മികച്ച ഓട്ടക്കാരിയായിട്ടാണ്. എന്നാൽ, ട്രപ്പീസു കളിയിൽ ഉഷയ്ക്കുള്ള വൈദഗ്ധ്യത്തെക്കുറിച്ച് മുമ്പ് നമ്മളറിഞ്ഞിട്ടില്ല. ഗുസ്തിയും ട്രപ്പീസുമെല്ലാം ഒരുപാട് ആവശ്യമുള്ളതാണ് ദേശീയരാഷ്ട്രീയം. പക്ഷേ, സ്‌പോർട്‌സ് അങ്ങനെയല്ല. അതൊരു നേരെപ്പോക്കാണ്. അവിടെ അധ്വാനത്തിനാണ് അംഗീകാരം.
നിങ്ങൾ സർക്കാർ നിയമനത്തിൽ രാജ്യത്തെ വലിയ കായിക സംഘടനയുടെ അധ്യക്ഷയാകുമ്പോൾ നിങ്ങളിതിൽ ഏതു തെരഞ്ഞെടുക്കുന്നു എന്നതാണ് ചോദ്യം. ഗുസ്തി താരങ്ങൾക്കെതിരേ ലൈംഗികാതിക്രമം കാട്ടിയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ്ഭൂഷൺ ശരൺ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്ന ഗുസ്തി താരങ്ങളുടെ ആവശ്യത്തേക്കാൾ വാർത്താപ്രാധാന്യം കിട്ടിയത് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് കൂടിയായ പി.ടി ഉഷയുടെ, അതിനോടുള്ള നിഷേധാത്മക സമീപനത്തിനാണ്. ജന്തർമന്ദറിൽ സമരം നടത്തുന്ന ഗുസ്തി താരങ്ങൾ അച്ചടക്കമില്ലാത്തവരും സമരം രാജ്യത്തിന്റെ പ്രതിച്ഛായ മോശമാക്കുന്നതുമാണെന്ന ഉഷയുടെ നിലപാട് അൽപം ഞെട്ടലോടെയാണ് രാജ്യം കേട്ടത്. എന്നാൽ, രണ്ടുദിവസംകൊണ്ട് കാര്യങ്ങളാകെ മാറി. രാഷ്ട്രീയക്കാർ മാത്രമല്ല, പഴയ താരങ്ങളും ഉഷയ്‌ക്കെതിരായി. ഇതോടെയാണ് ഉഷയുടെ ട്രപ്പീസിലുള്ള വൈദ്യഗ്ധ്യം കൂടി രാജ്യത്തിന് കാണേണ്ടി വരുന്നത്.
ഒന്ന് മലക്കം മറിഞ്ഞ ഉഷ, തൊട്ടുപിന്നാലെ ജന്തർ മന്ദറിലെത്തി. സമരക്കാരെ കണ്ടു, കെട്ടിപ്പിടിച്ചു, പിന്തുണ വാഗ്ദാനം ചെയ്തു. പരിഹാരമുണ്ടാക്കാൻ ഇടപെടുമെന്ന് പറഞ്ഞു. രാജ്യത്തിന്റെ പ്രതിച്ഛായക്ക് ഒന്നും സംഭവിച്ചില്ല. സമരം നടത്തുന്നതിന്റെ അച്ചടക്കമില്ലായ്മ ചർച്ചയോ വിഷയമോ ആയില്ല. കെട്ടുകാഴ്ചകളുടെ പുതിയ ഇന്ത്യയിൽ മാധ്യമങ്ങൾക്ക് കാഴ്ചയുടെ മഹോത്സവം തന്നെയുണ്ടായിരുന്നു ഉഷയുടെ സന്ദർശനത്തിൽ. ഉഷ, സമരത്തിന് നേതൃത്വം നൽകുന്ന വിനേഷ് ഫൊഗടിനെ കെട്ടിപ്പിടിക്കുന്ന ചിത്രമായിരുന്നു അന്നത്തെ ചിത്രം. അത്‌ലെറ്റെന്ന നിലയിൽ ഉഷയുടെ യോഗ്യതയെക്കുറിച്ച് ആർക്കും സംശയമുണ്ടാവില്ല. ഇന്ത്യൻ കായികരംഗം കണ്ട എക്കാലത്തെയും മികച്ച അത്ലറ്റുകളിൽ ഒരാളാണ് പി.ടി ഉഷ. 1977ലെ ദേശീയ കായിക മേളയിൽ നൂറു മീറ്ററിൽ ദേശീയ റെക്കോർഡ് തകർത്ത് രാജ്യത്തിന്റെ ശ്രദ്ധപിടിച്ച പയ്യോളിക്കാരി. 1980ൽ 16ാം വയസിൽ ആദ്യ ഒളിംപിക്സിൽ മത്സരിച്ച് ഏറ്റവും പ്രായംകുറഞ്ഞ സ്പ്രിന്റർ റെക്കോഡ് നേടിയ ആൾ.
1984ലെ ലോസ് ആഞ്ജലസ് ഒളിംപിക്സിൽ 400 മീറ്റർ ഹർഡിൽസിൽ സെക്കൻഡിന്റെ നൂറിലൊരംശത്തിൽ മെഡൽ നഷ്ടപ്പെട്ടൊരാൾ. 1985ലും 1986ലും 400 മീറ്റർ ഹർഡിൽസിൽ ലോകത്തിലെ മികച്ച എട്ട് അത്‌ലറ്റുകളിൽ ഒരാളായി രാജ്യാന്തര അത്‌ലറ്റിക് സംഘടന തെരഞ്ഞെടുത്തൊരാൾ. 1983ൽ അർജുന പുരസ്‌കാരവും 1985ൽ പത്മശ്രീയും നേടി. പയ്യോളിയിലെ കഷ്ടതകൾ നിറഞ്ഞ ബാല്യകാലത്ത് നിന്ന് 1976ൽ കേരള സർക്കാരിന്റെ 250 രൂപയുടെ സ്‌കോളർഷിപ്പിന്റെ ബലത്തിൽ കരിയറിന്റെ പടവുകൾ കയറിപ്പോയ ഉഷയ്ക്ക് സഹജീവികളുടെ പ്രയാസങ്ങൾ മനസ്സിലാകുമെന്നാണ് നമ്മൾ കരുതിയത്. ബ്യൂറോക്രസിയോടും അധികാര ദുഷ്പ്രഭുത്വത്തോടും പൊരുതിയാണ് ഉഷയും വളർന്നത്. എന്നാൽ, നമ്മൾ കണ്ടതും കേട്ടതും അതായിരുന്നില്ല. ആരോപണങ്ങളിൽ ഒട്ടും മുക്തമായ സംഘടനയല്ല ഉഷ നേതൃത്വം കൊടുക്കുന്ന ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ.
ബ്രിജ്ഭൂഷനെതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ, കഴിഞ്ഞ ജനുവരിയിൽ ഒളിംപിക് അസോസിയേഷൻ രൂപം കൊടുത്ത മേരി കോം അധ്യക്ഷയായ സമിതിയുടെ റിപ്പോർട്ട് എവിടെപ്പോയെന്ന് ആർക്കും ഒരു പിടിയില്ല. റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചെന്ന് സമിതിയിലെ ചിലർ പറയുമ്പോൾ മൊഴിയെടുക്കൽ പൂർത്തിയാകാത്തതിനാൽ എങ്ങുമെത്തിയില്ലെന്നാണ് മറ്റു ചിലർ പറയുന്നത്. ഒരു അന്വേഷണ റിപ്പോർട്ടിന് കൂടുതലൊന്നും ചെയ്യാനുണ്ടായിട്ടല്ല. അല്ലെങ്കിലും സമൂഹത്തിലെ പ്രബലർക്കെതിരായി ഏത് അന്വേഷണ കമ്മിഷനാണ് റിപ്പോർട്ട് തയാറാക്കാൻ ഇന്നാട്ടിൽ ധൈര്യം കാട്ടിയിട്ടുള്ളത്. അത്തരത്തിൽ തയാറാക്കപ്പെട്ട ചുരുക്കം റിപ്പോർട്ടുകളിൽ എന്തു നടപടിയാണുണ്ടായിട്ടുള്ളത്. എങ്കിലും ബ്രിജ്ഭൂഷന്റെ കുറ്റത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് തെളിയിക്കാനുള്ള ബാധ്യതയെങ്കിലും ഇന്ത്യൻ ഒളിംപിക് അസോസിയേഷനുണ്ടായിരുന്നു.
സൗജന്യമായി ലോകത്തൊന്നുമില്ലെന്നാണ് പ്രമുഖ ഇംഗ്ലീഷ് കവിയായ എഡ്വാഡ് ജയിംസ് ഹ്യൂസ് പറഞ്ഞത്. എല്ലാത്തിനും വിലയുണ്ട്. പദവികളും സൗജന്യമല്ല. ഇന്നല്ലെങ്കിൽ നാളെ അതിനും ഒരു വിലയുണ്ട്. ചിലപ്പോൾ നിശബ്ദത, ചിലപ്പോൾ അതിനുമപ്പുറത്തുള്ള സഹായങ്ങൾ. ഒരു പാലമിട്ടാൽ അത് ഒരു വഴിക്കുള്ള സഞ്ചാരം മാത്രമാവില്ലെന്ന തിരിച്ചറിവ് എല്ലാവർക്കുമുള്ളത് പോലെ ഉഷയ്ക്കുമുണ്ട്. അതുകൊണ്ടാണ് ഒന്നിലധികം പി.ടി ഉഷമാരെ നമുക്ക് കാണേണ്ടി വരുന്നത്. ട്രാക്കിൽ ഒരു ഉഷ. കേരളത്തിൽ മറ്റൊരു ഉഷ. ഡൽഹിയിൽ വേറൊരു ഉഷ. ഇത്രയും കാലം നമ്മൾ കണ്ട ഉഷയേയല്ല രാജ്യസഭാംഗമായ ഉഷയിൽ കാണേണ്ടി വരുന്നത്. ബ്രിട്ടിഷ് പ്രധാനമന്ത്രി പദവിയേറ്റെടുക്കാൻ പോകുന്ന വിൻസ്റ്റൻ ചർച്ചിലിനെ ഭാര്യ ഉപദേശിക്കുന്നുണ്ട്: നിങ്ങൾ നിങ്ങളായിരിക്കുക. ചർച്ചിലിന്റെ മറുപടിയായിരുന്നു രസകരം: എന്നിലെ ഏതു ഞാനാണ് ഇനി മുതൽ ഞാനായിരിക്കേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."