കൊവിഡ് വാക്‌സിന്‍ സൂക്ഷിപ്പില്ല; ഹജ്ജ് അപേക്ഷകര്‍ ആശങ്കയില്‍
കൊവിഡ് വാക്‌സിന്‍ സൂക്ഷിപ്പില്ല
പാലക്കാട്: പരിശുദ്ധ ഹജ്ജ് കര്‍മത്തിനായി യാത്രപുറപ്പെടാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഹാജിമാരെ പ്രതിസന്ധിയിലാക്കി കൊവിഡ് വാക്‌സിന്‍ ദൗര്‍ലഭ്യത. സര്‍ക്കാര്‍ മേഖലയിലും സ്വകാര്യമേഖലയിലും ആവശ്യത്തിന് കൊവിഡ് വാക്‌സിന്‍ സ്റ്റോക്കില്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം.
ഹാജിമാര്‍ രണ്ട് ഡോസ് വാക്‌സിന്‍ എടുത്തതായി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും പാസ്‌പോര്‍ട്ടിനൊപ്പം സമര്‍പ്പിക്കണമെന്ന നിര്‍ദേശം സംസ്ഥാന ഹജ്ജ് കമ്മിറ്റി കഴിഞ്ഞ ദിവസം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് ഹജ്ജ് അപേക്ഷകരില്‍ വാക്‌സിനെടുക്കാത്തവര്‍ വിവിധ ആശുപത്രികളെ സമീപിച്ചപ്പോഴാണ് വാക്‌സിന്‍ സ്‌റ്റോക്കില്ലെന്ന് അറിയുന്നത്.
നേരത്തെ ആരോഗ്യപ്രശ്‌നങ്ങളൊ മറ്റു കാരണങ്ങളോ കൊണ്ട് വാക്‌സിന്‍ എടുക്കാത്തവരാണ് പുതിയ നിര്‍ദേശത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായിരിക്കുന്നത്. സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലും ആവശ്യത്തിന് വാക്‌സിന്‍ സ്റ്റോക്കില്ലെന്നാണ് അറിയുന്നത്. ഇവര്‍ക്കും സംസ്ഥാന ആരോഗ്യവകുപ്പ് മുഖേന വാക്‌സിന്‍ വിതരണം ചെയ്യേണ്ടത് കേന്ദ്രസര്‍ക്കാരാണ്.
ചുരുക്കം ആളുകള്‍ക്കുമാത്രമായി വാക്‌സിന്‍ നല്‍കുമ്പോഴുണ്ടാകുന്ന നഷ്ടം കണക്കിലെടുത്താണ് പല സ്വകാര്യ സര്‍ക്കാര്‍ ആശുപത്രികളും വാക്‌സിന്‍ സ്‌റ്റോക്കു ചെയ്യാത്തത്. ഒരു യൂണിറ്റ് ഓപ്പണ്‍ ചെയ്താല്‍ കൊവിഷീല്‍ഡാണെങ്കില്‍ 20 പേര്‍ക്കും കോ വാക്‌സിനാണെങ്കില്‍ 10 പേര്‍ക്കും നല്‍കണം. അതത് ദിവസം തന്നെ ഉപയോഗിച്ചില്ലെങ്കില്‍ ശേഷിക്കുന്ന അളവ് ഉപയോഗശൂന്യമാകുകയും ചെയ്യും. അതിനാല്‍ വാക്‌സിന്‍ ആവശ്യക്കാരുടെ എണ്ണത്തില്‍ കുറവുള്ള സ്ഥലങ്ങളില്‍ വാക്‌സിനേഷന്‍ സാധ്യമല്ലെന്ന സാഹചര്യവും നിലവിലുണ്ട്. അതേസമയം വാക്‌സിന്‍ സ്റ്റോക്കുള്ള ചില ചിലയിടങ്ങളില്‍ വാക്‌സിനേഷനുള്ള സൗകര്യമൊരുക്കാനുള്ള നീക്കം തുടങ്ങിയിട്ടുണ്ട്.
യാത്രയെ ബാധിച്ചേക്കും
വാക്‌സിന്‍ എത്തിക്കുന്നത് വൈകിയാല്‍ നിരവധി പേരുടെ യാത്ര മുടങ്ങുന്ന സാഹചര്യമുണ്ടാകുമെന്നാണ് വിലയിരുത്തുന്നത്. ഹാജിമാരുടെ ആദ്യസംഘം ജൂണ്‍ ആറുമുതല്‍ യാത്ര തിരിക്കുന്ന തരത്തിലാണ് ഇപ്പോള്‍ തയാറാക്കിയിട്ടുള്ള ഷെഡ്യൂള്‍. ഇത്തരത്തില്‍ യാത്ര പോകണമെങ്കില്‍ രണ്ടുദിവസത്തിനുള്ളില്‍ ആവശ്യമായത്ര വാക്‌സിന്‍ സംസ്ഥാനത്ത് എത്തിക്കണം.
ഇക്കാര്യത്തില്‍ ക്രിയാത്മകമായി ഇടപെടാനാകുക സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കാണെന്ന് ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍ സുപ്രഭാതത്തോട് വ്യക്തമാക്കി. ഓരോ ജില്ലയിലേയും ഹജ്ജ് അപേക്ഷകരെ ഒരു സ്ഥലത്ത് എത്തിച്ച് വാക്‌സിന്‍ നല്‍കാന്‍ പ്രയാസമുണ്ടാകില്ലെന്നതിനാലാണിത്. അതേസമയം സംസ്ഥാന ഹജ്ജ് കമ്മിറ്റി ഇക്കാര്യത്തില്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റിയുമായി ആശയവിനിമയം നടത്തിയിട്ടില്ലെന്നാണ് അറിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."