ഉക്രൈന്‍ യുദ്ധാനന്തര ലോകം: പ്രശ്‌നങ്ങളും സാധ്യതകളും
2008ലെ ധനകാര്യ പ്രതിസന്ധിക്കും 2011 സെപ്റ്റംബര്‍ ഒമ്പതിന് അമേരിക്കക്കെതിരായ തീവ്രവാദി ആക്രമണത്തിനും ശേഷം, ആഗോള ഭൗമരാഷ്ട്രീയ മേഖലയില്‍ നടന്ന ഏറ്റവും ഗൗരവതരമായ സംഭവം, ഉക്രൈനെതിരായി റഷ്യ നടത്തിയ സൈനികാക്രമണമായിരുന്നു. ലോകരാഷ്ട്രീയം ഏതു ദിശയിലേക്കാണ് നീങ്ങുന്നത് എന്നതിനെ കുറിച്ച് കൃത്യമായൊരു ചിത്രം ഇനിയും ലഭ്യമാകാനിരിക്കുന്നേയുള്ളൂ. ഒരുപക്ഷേ, ആഗോള രാഷ്ട്രീയ സാമ്പത്തിക ചരിത്രത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഏതൊരു സംഭവത്തെപ്പറ്റിയും നിരീക്ഷകര്‍ക്ക് കൃത്യമായ വിശദീകരണം നല്‍കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും റഷ്യ ഉക്രൈന്‍ യുദ്ധം ഇവിടെയും ഒറ്റപ്പെട്ടൊരു ദുരന്തമായി ആര്‍ക്കും പിടികൊടുക്കാത്ത വിധത്തില്‍ തുടരുകയാണിന്നും.
വിഷയത്തില്‍ മാധ്യമവൃത്തങ്ങള്‍ നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ഒന്നാമത്തേത്, റഷ്യ ഇപ്പോള്‍ ചൈനയുടെ ക്യാംപില്‍ ചെന്നെത്തിയിരിക്കുകയാണോ, അല്ലെയോ എന്നതാണ്. ഇവിടെയാണ് ഇന്ത്യന്‍ നയതന്ത്ര സമീപനത്തിന്റെ പ്രസക്തി. ന്യൂഡല്‍ഹിയിലെ അധികാര കേന്ദ്രങ്ങളില്‍ ഇന്നും നിലനില്‍ക്കുന്നത് മോസ്‌കോവിനെ തീര്‍ത്തും ഒറ്റപ്പെടുത്താന്‍ കഴിയില്ലെന്ന ചിന്തയാണ്. അതിനുള്ള സമയം ഇനിയും ആയിട്ടില്ലെന്നുമാണ്. ഇക്കാര്യത്തില്‍ പൊടുന്നനെയൊരു തീരുമാനമെടുക്കുന്ന പക്ഷം റഷ്യ, ചൈനയുടെ സ്വാധീനവലയത്തില്‍ ഉറച്ചുനില്‍ക്കുമെന്നുമാണ് കണക്കുകൂട്ടിയിരിക്കുന്നത്. ഇന്ത്യയിലെ വിദേശകാര്യ നയരൂപീകരണ വിദഗ്ധര്‍ പറയുന്നത്, ചൈനറഷ്യാ ബന്ധങ്ങളില്‍ നിരവധി പ്രശ്‌നങ്ങളും പ്രതിസന്ധികളും ഉണ്ടെന്നാണ്. ഇക്കൂട്ടത്തില്‍ സെന്‍ട്രല്‍ ഏഷ്യയിലെ നേതൃത്വം, സൈബീരിയക്കുമേലുള്ള സമ്മര്‍ദങ്ങള്‍, ഊര്‍ജവിഭവങ്ങളുടെ വിലനിര്‍ണയം തുടങ്ങിയവയുമുണ്ട്. പ്രധാനമായും നിലവിലുള്ള ഇത്തരം കാര്യങ്ങളില്‍ തീരുമാനങ്ങളെടുക്കുന്നതില്‍ അനാവശ്യമായ കാലതാമസം ഒഴിവാക്കുക എന്നതാണ് റഷ്യ ഉന്നംവയ്ക്കുന്നത്. ഇത്തരം തന്ത്രപ്രധാനമായ മേഖലകളില്‍ ചൈനയുടെ ഒരു ജൂനിയര്‍ പങ്കാളിയായി തുടരുന്നതിന് പുടിന്‍ ഭരണകൂടം ഒട്ടും താല്‍പര്യപ്പെടുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. സ്വാഭാവികമായും റഷ്യന്‍ വിദേശനയത്തിന്റെ ദീര്‍ഘകാല ലക്ഷ്യം ചൈനീസ് ആധിപത്യത്തെ നിലക്കുനിര്‍ത്തുക എന്നതുതന്നെയാണ്.
ഒന്നുകില്‍ ചൈനയുമായി പങ്കാളിത്തത്തിലെത്തുക. അല്ലെങ്കില്‍ ബെയ്ജിങ്ങിനെ നിഷ്പക്ഷമായൊരു നയസമീപനത്തിന് നിര്‍ബന്ധിതരാക്കുക. ഇത്തരമൊരു പശ്ചാത്തലത്തില്‍ പരിശോധിക്കുമ്പോള്‍, റഷ്യഉക്രൈന്‍ യുദ്ധം റഷ്യയെ കൊണ്ടുചെന്നെത്തിക്കുക പാശ്ചാത്യലോകവുമായൊരു ഏറ്റുമുട്ടലിലേക്കായിരിക്കും, നാറ്റോ സഖ്യത്തിനെതിരായ നിലപാടെടുക്കുന്നതിനായിരിക്കും. ഇന്ത്യന്‍ വിദേശനയ രൂപീകരണ വിദഗ്ധരുടെ യഥാര്‍ഥ വെല്ലുവിളിയും ഇത്തരമൊരു സ്ഥതിവിശേഷം തന്നെയാണ്.
രണ്ടാമത്തെ ചോദ്യം, ധനകാര്യവുമായി ബന്ധപ്പെട്ട ആഗോളീകരണ പ്രക്രിയക്ക് അന്ത്യമോ എന്നതാണ്. വ്യാപാരം കേന്ദ്രീകൃത ആഗോളീകരണത്തിന് അന്ത്യം കുറിച്ചുകഴിഞ്ഞിരിക്കുന്നു. അതേയവസരത്തില്‍ വ്യാപാരവും ധനകാര്യവും വികസിത, വികസ്വര രാജ്യങ്ങള്‍ക്കിടയില്‍ നടക്കുന്ന സാമ്പത്തിക ബന്ധങ്ങളും കൈമാറ്റ ഇടപാടുകളും സമാന സ്വഭാവമുള്ളവയായി കാണാന്‍ കഴിയുമോ എന്നതില്‍ വ്യക്തതയില്ല.
കാരണം, ധനകാര്യബന്ധങ്ങള്‍ വഴിയാണ് വിവിധ രാജ്യ സമ്പദ്‌വ്യവസ്ഥകളില്‍ നിക്ഷേപം നടക്കുന്നത് എന്നതാണ്. ധനകാര്യ മൂലധന പ്രവാഹമുണ്ടായാല്‍ മാത്രമേ നിക്ഷേപം വര്‍ധിപ്പിക്കാനും സാമ്പത്തിക പുരോഗതി നേടാനും കഴിയൂ. ഈ വസ്തുത കണക്കിലെടുത്തായിരിക്കണം റഷ്യക്കെതിരായി ഉപരോധം ഏര്‍പ്പെടുത്തിയപ്പോള്‍, വിദേശവിനിമയ കറന്‍സി ശേഖരത്തിന്റെ ലഭ്യത പരമാവധി കുറക്കാന്‍ പാശ്ചാത്യരാജ്യങ്ങള്‍ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിച്ചത്.
മൂന്നാമത്തേത്, യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനും ശേഷം ചൈനക്കു സ്വന്തം ശക്തി വര്‍ധിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ എന്നതാണ്. പാശ്ചാത്യലോകം, ഉക്രൈനെ ശക്തമായി പിന്തുണക്കുന്നതില്‍ വേണ്ടത്ര താല്‍പര്യം കാണിക്കുന്നില്ലെന്ന് ചൈനീസ് ഭരണകൂടം തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ സമീപനം തായ്‌വാന്റെ കാര്യത്തിലും ആവര്‍ത്തിക്കപ്പെടുമോ എന്നതാണ് ചൈനയെ അലട്ടുന്നത്. ദേശീയതാ വികാരം കൂടുതല്‍ ശക്തവും വ്യാപകവുമാകുന്നപക്ഷം ചൈനക്ക് അതൊരു വെല്ലുവിളിയായിരിക്കും. റഷ്യയെ സംബന്ധിച്ചിടത്തോളം നേരിട്ടുള്ള സൈനിക ഇടപെടലിനു മുമ്പും ഉക്രൈന്‍ ജനതയ്ക്കിടയില്‍ ദേശീയത അതിവേഗം ബലപ്പെട്ടു വരുന്നതായിട്ടാണ് അനുഭവപ്പെട്ടത്. ഒരവസരത്തില്‍ ഈ ദേശീയതാ വികാരം, റഷ്യന്‍വിരുദ്ധ വികാരമെന്ന നിലയില്‍ ആളിപ്പടരുന്നതായും തിരിച്ചറിയാന്‍ കഴിഞ്ഞു. ഇവിടെ റഷ്യയുടെ നേരിട്ടുള്ള ഇടപെടലിനുള്ള മറ്റൊരു ശക്തമായ സാഹചര്യംകൂടി സൃഷ്ടിക്കപ്പെട്ടത്, നാറ്റോ അംഗത്വത്തിനുള്ള ഉക്രൈന്‍ ഭരണകൂടത്തിന്റെ അപേക്ഷയും അതിനോട് ഏറെക്കുറെ അനുഭാവപൂര്‍വമായ സമീപനം പുലര്‍ത്തിയ നാറ്റോ സഖ്യരാജ്യമായ അമേരിക്കയുടെ നിലപാടും കൂടിയായിരുന്നു.
നാലാമത്തെ ചോദ്യം, സമാധാനത്തോടെയും ഐക്യത്തോടെയുമൊരു, സൈനികേതര ജനാധിപത്യ നേതൃത്വത്തിലുള്ള ഭരണവ്യവസ്ഥ യൂറോപ്യന്‍ ജനതയെ സംബന്ധിച്ചിടത്തോളം വെറുമൊരു സ്വപ്‌നമായി അവശേഷിക്കുമോ എന്നതാണ്. ഒട്ടേറെ പ്രതീക്ഷകളോടെ നിലവില്‍വന്ന യൂറോപ്യന്‍ യൂനിയന്‍ ഇപ്പോള്‍ നിരാശ പടര്‍ത്തിയിരിക്കുകയാണ്. യുദ്ധങ്ങള്‍ക്ക് വിരാമമിടുക എന്നതിനു മാത്രമല്ല, ഏറ്റുമുട്ടലുകള്‍ കൂടെക്കൂടെ ആവര്‍ത്തിക്കപ്പെടുകയും ചെയ്തുവരുന്ന പ്രവണത തടഞ്ഞുനിര്‍ത്താന്‍ പോലും ഈ കൂട്ടായ്മക്കു കഴിയുന്നില്ല. അഭയാര്‍ഥി പ്രവാഹം ഈ മേഖലയില്‍ സ്ഥിരം കാഴ്ചയായി. ഏകീകൃതമായ യൂറോപ്യന്‍ യൂനിയന്‍ സൈനികശക്തിയും വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലെ സൈനികഘടകങ്ങള്‍ തമ്മിലുള്ള യോജിച്ച നിലപാടും നാറ്റോസഖ്യത്തിന്റെ സൈനികശാക്തീകരണത്തിനു തടയിടാന്‍ സഹായിക്കുമോ എന്നതിനും ഉറപ്പില്ല. സമീപകാലത്ത് സംഭവിച്ചിരിക്കുന്ന ഒരു മാറ്റം, ഫ്രാന്‍സും ജര്‍മ്മനിയും നടത്തിയ ശ്രമങ്ങളെ തുടര്‍ന്ന് താല്‍ക്കാലികമായെങ്കിലും റഷ്യയെ സമാധാനത്തിന്റെ പാതയിലേക്ക് എത്തിക്കുന്നതില്‍ വിജയിച്ചിട്ടുണ്ടെന്നതാണ്. ഈ പരിശ്രമവും ഇപ്പോള്‍ പാഴായിപ്പോയിരിക്കുകയാണല്ലോ.
അഞ്ച്, പിന്നിട്ട രണ്ടു ദശകക്കാലത്തിനിടയില്‍, ഇന്ത്യന്‍ ഭരണകൂടങ്ങള്‍ (യു.പി.എ/എന്‍.ഡി.എ) പാശ്ചാത്യരാജ്യങ്ങളുമായുള്ള അടുത്ത ചങ്ങാത്തത്തിന് വിരാമമിട്ടിരിക്കുകയാണോ എന്ന ചോദ്യത്തിനും വിശദീകരണം തേടേണ്ടതുണ്ട്. ഈ വിഷയത്തില്‍ ഔദ്യോഗിക പ്രതികരണമൊന്നും ലഭ്യമായിട്ടില്ലെങ്കിലും അധികാരത്തിന്റെ ഇടനാഴികകളുമായി സമ്പര്‍ക്കം പുലര്‍ത്തിവരുന്ന കേന്ദ്രങ്ങളും നിഷ്പക്ഷ മാധ്യമനിരീക്ഷകരും 'റസോഫോബിയ' പ്രതിഫലിപ്പിക്കുന്ന പാശ്ചാത്യ നയതന്ത്രത്തിനെതിരായ വിമര്‍ശനവുമായി രംഗത്തുവന്നിട്ടുണ്ട്. ഇത്തരം പ്രതികരണങ്ങള്‍ക്ക് ഔദ്യോഗിക അംഗീകാരമുണ്ടോ എന്നു വ്യക്തവുമല്ല.
ഏതായാലും ഉക്രൈന്റഷ്യാ സൈനിക ഏറ്റുമുട്ടല്‍ ഇന്ത്യന്‍ വിദേശനയത്തെ സംബന്ധിച്ചിടത്തോളം, നെഹ്‌റൂവിയന്‍ കാലഘട്ടത്തില്‍ വി.കെ കൃഷ്ണമേനോനെ പോലെയുള്ള പരിണിതപ്രജ്ഞരായ നേതാക്കളും കെ.പി.എസ് മേനോനെപ്പോലുള്ള പ്രഗത്ഭമതികളായ ഐ.എഫ്.എസ് ഉദ്യോഗസ്ഥരും കൂടിയാലോചിച്ചതിനു ശേഷം രൂപംനല്‍കപ്പെട്ട ചേരിചേരാ വിദേശനയത്തിന് ഒരു പുതുജീവന്‍ വരുന്നതിലേക്കാണ് പുതിയ ജിയോപൊളിറ്റിക്കല്‍സൈനിക സാഹചര്യങ്ങള്‍ കൊണ്ടെത്തിച്ചിരിക്കുന്നത് എന്നു പറയേണ്ടിവരുന്നു.
ഇതിനെല്ലാമുപരിയായി, ഉക്രൈന്‍ അധിനിവേശാനന്തരം ഉയരുന്ന മറ്റൊരു ചോദ്യം, റഷ്യ ഇപ്പോഴെങ്കിലും ഒരു ആഗോളശക്തിയെന്ന സ്ഥാനത്തിന് അര്‍ഹത നേടിയിട്ടുണ്ടോ എന്നതാണ്. ഉദ്ദേശം രണ്ടു മാസത്തോളമായി നടത്തിവരുന്ന സൈനികാക്രമണത്തിനു ശേഷവും ചെറിയൊരു രാജ്യമായ ഉക്രൈനിന്റെ തലസ്ഥാന നഗരം പിടിച്ചടക്കാന്‍ റഷ്യയെ പോലൊരു വന്‍ശക്തിക്ക് കഴിഞ്ഞിട്ടില്ല. യാതൊരുവിധ മുന്നറിയിപ്പുമില്ലാതെ, വേണ്ടത്ര സമയമെടുത്ത് തികഞ്ഞ തയാറെടുപ്പിനു ശേഷമല്ലേ റഷ്യയുടെ സൈനികവൃന്ദം അധിനിവേശത്തിനായി ഒരുങ്ങിപ്പുറപ്പെട്ടത്? നിര്‍ദിഷ്ട ലക്ഷ്യത്തിലെത്തുന്നതില്‍ എന്തെങ്കിലും വീഴ്ച സംഭവിച്ചാല്‍ റഷ്യയെ സംബന്ധിച്ചുമാത്രമല്ല, പുടിനെ സംബന്ധിച്ചും അത് വലിയൊരു ദുരന്തം തന്നെയായിരിക്കും.
ആഗോളശക്തികളുടെ ശാക്തികചേരിയില്‍ നിര്‍ണായക സ്ഥാനം വഹിച്ചൊരു രാജ്യവും അതിന്റെ നെടുനായകത്വം വഹിക്കുന്ന പുടിനും ഇതിലേറെയൊരു നാണക്കേടും പ്രതിച്ഛായ തകര്‍ച്ചയും ഒരുതരത്തിലും ചിന്തിക്കാന്‍ കഴിയില്ല. ഇതൊക്കെ തിരിച്ചറിയാനുള്ള വൈദഗ്ധ്യമോ, താല്‍പര്യമോ മോദി ഭരണകൂടത്തിനില്ലെന്നതും ഒരു യാഥാര്‍ഥ്യമാണ്. മോദി സര്‍ക്കാരിന് ഏറെ താല്‍പര്യം തീവ്രഹിന്ദുദേശീയത ഊട്ടിവളര്‍ത്തുന്നതിനുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."