പയ്യന്നൂരില്‍ പഴിയെല്ലാം മാധ്യമങ്ങള്‍ക്ക്; സി.പി.എമ്മിന്റെ കൈകള്‍ പരിശുദ്ധം: പാര്‍ട്ടിയെ തകര്‍ക്കാനുള്ള ശ്രമം ജനം ചെറുത്ത് തോല്‍പ്പിക്കും, മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ നല്‍കുന്നുവെന്ന് എ.വിജയരാഘവന്
കണ്ണൂര്‍: പയ്യന്നൂരിലെ പ്രതിസന്ധി സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയതിനുശേഷമുള്ള വിശദീകരണയോഗത്തില്‍ പാര്‍ട്ടിയെ ന്യായീകരിച്ചും കുറ്റങ്ങളെല്ലാം മാധ്യമങ്ങളുടെ മേലില്‍ പഴിചാരിയും സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവന്.
ജനങ്ങള്‍ക്ക് നിരക്കാത്ത ഒരു പ്രവൃത്തിക്കും പാര്‍ട്ടി കൂട്ടുനില്‍ക്കില്ലെന്നു പറഞ്ഞ വിജയരാഘവന് എല്ലാ കണക്കും തെരഞ്ഞെടുപ്പ് കമ്മിഷന് നല്കുന്ന പാര്‍ട്ടിയാണ് സി.പി.എമ്മെന്നും കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടിയെ തകര്‍ക്കാനുള്ള ശ്രമം ജനം ചെറുത്ത് തോല്‍പ്പിക്കുമെന്നും മാധ്യമങ്ങള്‍ നിരന്തരം തെറ്റായ വാര്‍ത്തകള്‍ നല്‍കുകയാണെന്നും വിജയരാഘവന് കുറ്റപ്പെടുത്തി.
പയ്യന്നൂരില്‍ ധനരാജ് രക്തസാക്ഷി ഫണ്ട് വകമാറ്റിയതിലും പാര്‍ട്ടി ഫണ്ട് തട്ടിപ്പ് നടത്തിയതിനും സി.പി.എമ്മില്‍ കൂട്ടനടപടിയുണ്ടായിരുന്നു. ടി.ഐ.മധുസൂദനന് എം.എല്‍.എയെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്ന് ജില്ലാ കമ്മിറ്റിയിലക്ക് തരംതാഴ്ത്തിയിരുന്നു. തട്ടിപ്പുകള്‍ പുറത്തുകൊണ്ട് വന്ന ഏരിയാ സെക്രട്ടറി വി. കുഞ്ഞികൃഷ്ണനേ സ്ഥാനത്തുനിന്നു മാറ്റുകയും ചെയ്തു. ഈ വിചിത്ര നടപടിയാണ് വിവാദമായത്. എന്നാല്‍ ഇന്നത്തെ യോഗത്തിലേക്ക് വി. കുഞ്ഞികൃഷ്ണനും എത്തിയിരുന്നു. അദ്ദേഹം വേദിയില്‍ കയറിയില്ല. വേദിക്കു മുമ്പില്‍ ഇരുന്ന് എല്ലാം കേള്‍ക്കുക മാത്രം ചെയ്തു.
കൊല്ലപ്പെട്ട ധനരാജിന്റെ കുടുംബത്തെ സഹായിക്കാന്‍ പിരിച്ച ഒരുകോടിയോളം രൂപയിലും നേതാക്കള്‍ കയ്യിട്ടുവാരിയെന്നായിരുന്നു ആരോപണം. വീടുനിര്‍മാണത്തിനും കുടുംബാംഗങ്ങള്‍ക്കു നല്കിയ ഫണ്ടിന്റെയും ബാക്കി രണ്ടുനേതാക്കളുടെ പേരില്‍ സ്ഥിരനിക്ഷേപമായി മാറ്റിയെന്നും പരാതിയുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."