തെക്കുകിഴക്കൻ അഫ്ഗാനെ തരിപ്പണമാക്കി ഭൂചലനം; 1000 മരണം
കാബൂൾ
6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ തകർന്നടിഞ്ഞ് തെക്കുകിഴക്കൻ അഫ്ഗാനിസ്ഥാൻ. ഇന്നലെ പുലർച്ചെ പ്രാദേശിക സമയം 1.30നാണ് തെക്കുകിഴക്കൻ നഗരമായ ഖോസ്റ്റിൽ നിന്ന് 44 കിലോമീറ്റർ അകലെ രണ്ടു ദശാബ്ദത്തിലെതന്നെ കനത്ത ഭൂചലനം ഉണ്ടായത്. 1,000 പേർ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. 1500ലധികം പേർക്ക് പരുക്കേറ്റു. തിരച്ചിൽ തുടരുന്നതിനാൽ മരണനിരക്ക് ഇനിയും ഉയരുമെന്ന് താലിബാൻ ഭരണകൂട വക്താവ് അറിയിച്ചു. തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധിപേർ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകൾ. റോഡുകളും മറ്റും തകർന്നടിഞ്ഞതോടെ വാഹനങ്ങൾക്ക് എത്താൻ സാധിക്കാത്തതിനാൽ രക്ഷാപ്രവർത്തനം പലേടത്തും തടസപ്പെട്ടു. ഇത്തരം സ്ഥലങ്ങളിൽ രക്ഷാപ്രവർത്തനത്തിന് ഹെലികോപ്ടർ ഉപയോഗക്കുന്നുമുണ്ട്. പക്തിക നഗരത്തിൽ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ ഹെലികോപ്ടറുകളിൽ രക്ഷിക്കുന്നതിന്റെ ദൃശ്യങ്ങൾ സർക്കാർ വകുപ്പുകളുടെ സമൂഹമാധ്യമപേജുകൾ പുറത്തുവിട്ടു. പക്തിക പ്രവിശ്യയിലാണ് കനത്ത നാശനഷ്ടം റിപ്പോർട്ട് ചെയ്തത്. ഇവിടെ നിരവധിയാളുകൾ കെട്ടിട അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സൂചന. കിഴക്കൻ പ്രവിശ്യകളായ നംഗർഹാർ, ഖോസ്റ്റ് എന്നിവിടങ്ങളിലും നിരവധി മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പക്തിക നഗരത്തിൽ നൂറിലധികം പേർ മരിക്കുകയും 250ലേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്തു. പക്തിക, ഖോസ്റ്റ് പ്രവിശ്യകളിൽ നിരവധി വീടുകളും വാണിജ്യ, വ്യാപാര, ഓഫിസ് കെട്ടിടങ്ങളും തകർന്നടിഞ്ഞു.
അഫ്ഗാൻ തലസ്ഥാനമായ കാബൂളിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. പാകിസ്താനിലെ ഖൈബർ പഖ്തൂൺക്വയിൽ ഒരാൾ മരിച്ചു. ഏതാനും പേർക്ക് പരുക്കേറ്റു. ഇവിടെ പത്തിലധികം വീടുകൾ തകർന്നതായും പാക് ദുരന്തനിവാരണസേന അറിയിച്ചു. പാക് തലസ്ഥാനമായ ഇസ്‌ലാമാബാദ്, മുൽത്താൻ, ക്വറ്റ തുടങ്ങിയ പ്രദേശങ്ങളിലും പ്രകമ്പനം ഉണ്ടായി. ഈ പ്രദേശങ്ങളിലെ വീടുകൾക്കും കെട്ടിടങ്ങൾക്കും നാശമുണ്ടായതാണ് റിപ്പോർട്ട്. ഇറാനിലും പ്രകമ്പനം അനുഭവപ്പെട്ടു. ദുരന്തത്തിൽ ദുഃഖം രേഖപ്പെടുത്തിയ പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്, ആവശ്യമായ സഹായം വാഗ്ദാനംചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."