സാധാരണക്കാർക്കുമേൽ സർക്കാരിന്റെ നികുതി ചാട്ടവാർ
കെട്ടിട നികുതിയുടെ പരിധിയിൽ ചെറിയ വീടുകളെക്കൂടി ഉൾപ്പെടുത്താൻ മന്ത്രിസഭായോഗം തീരുമാനിച്ചത് സാധാരണക്കാരോട് ചെയ്യുന്ന കൊടുംക്രൂരതയായി മാത്രമേ കാണാനാകൂ. നിലവിൽ 660 ചതുരശ്ര അടിക്ക് മുകളിലുള്ള വീടുകൾക്കായിരുന്നു നികുതി നൽകേണ്ടിയിരുന്നത്. അതിപ്പോൾ 50 ചതുരശ്ര മീറ്ററിന് (538 ചതുരശ്ര അടി) മുകളിലുള്ള വീടുകൾക്ക് ബാധകമാക്കുമ്പോൾ സാധാരണക്കാരെ അതു ഗുരുതരമായി ബാധിക്കും. ഏതൊരു കൊച്ചുവീടും 538 ചതുരശ്ര അടിക്ക് മുകളിലായിരിക്കും.
ആറാം ധനകാര്യ കമ്മിഷന്റെ രണ്ടാം റിപ്പോർട്ടിലെ ശുപാർശകൾ മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു. ധനകാര്യ കമ്മിഷൻ്റെ ശുപാർശ പാവപ്പെട്ടവരെ എങ്ങനെ ബാധിക്കുമെന്ന് പരിശോധിക്കേണ്ട ബാധ്യത സർക്കാരിനുണ്ട്. വരുമാനം വർധിപ്പിക്കാൻ ദരിദ്രരുടെ വയറ്റിനടിച്ചുകൊണ്ടായാലും ശരി എന്ന മനോഭാവമാണ് സർക്കാരിന്റെ ഇത്തരം തീരുമാനങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. അടുത്ത സാമ്പത്തികവർഷം മുതൽ കെട്ടിട നികുതി പരിഷ്കരിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. പരിഷ്കരണം എന്നതുകൊണ്ട് അർഥമാക്കുന്നത് വർധിപ്പിക്കുക എന്നത് തന്നെയാണ്. വലിയ വീടുകൾക്ക് അടിസ്ഥാനനികുതിയുടെ 15 ശതമാനം അധികം നൽകണമെന്നതും സർക്കാർ തീരുമാനമാണ്. പ്രവാസികളെയായിരിക്കും ഇത് കൂടുതലായും ബാധിക്കുക. വീടെന്ന സ്വപ്നം സഫലമായാൽ പിന്നെ പ്രവാസിയുടെ കൈയിൽ കാര്യമായിട്ടൊന്നും ഉണ്ടാവില്ല. കടം ഏറെ ഉണ്ടാവുകയും ചെയ്യും. ഭാരിച്ച ഈ ബാധ്യത തീർക്കുന്നതിനായി കഠിനാധ്വാനം ചെയ്യേണ്ടിവരുന്ന പ്രവാസിയുടെയും അതുപോലുള്ള ഇടത്തരക്കാരുടെയും ശിരസിലേക്കാണ് അടിസ്ഥാനനികുതിയുടെ 15 ശതമാനം അധികം നൽകേണ്ടിവരുമെന്ന സർക്കാർ തീരുമാനം ഇടിത്തീ പോലെ പതിച്ചിരിക്കുന്നത്.
സമൂഹത്തിലെ ഭൂരിപക്ഷംപേരും സാധാരണക്കാരാണ്. കൊവിഡിന്റെ ആഘാതത്തിൽ നിന്ന് അവർ ഇനിയും പൂർണമായും മുക്തരായിട്ടില്ല. സർക്കാരിന്റെ സൗജന്യ കിറ്റുകളൊന്നും അവർക്ക് വലിയ ഗുണം ചെയ്തിട്ടില്ല. അരി വേവിച്ചുതിന്നാനും വേണമല്ലോ കൈയിൽ കാശ്. വേലയും കൂലിയുമില്ലാതെ നട്ടംതിരിയുകയായിരുന്നു കഴിഞ്ഞ രണ്ട് വർഷവും സാധാരണക്കാർ. അവരുടെ നിശബ്ദ നിലവിളി ആരും കേൾക്കുന്നില്ല.
കൊവിഡ് പൂർണമായും വിട്ടകന്നിട്ടില്ല. കൊവിഡ് ബാധിതർ പെരുകിക്കൊണ്ടിരിക്കുകയാണെന്നാണ് ആരോഗ്യ വകുപ്പും പറയുന്നത്.ഇന്ത്യയിൽ ഇപ്പോൾ കൊവിഡ് വർധിച്ചുകൊണ്ടിരിക്കുന്ന രണ്ട് സംസ്ഥാനങ്ങൾ മഹാരാഷ്ട്രയും കേരളവുമാണ്. ജാഗ്രത വേണമെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് സംസ്ഥാനത്തിന് ഇടയ്ക്കിടെ നിർദേശം നൽകിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ഇതിനിടയിലാണ് കൊവിഡുകാലത്തെ എല്ലാ ഇളവുകളും പിൻവലിച്ചും നികുതി വർധനവ് നടത്തിയും സർക്കാർ സാധാരണക്കാരൻ്റെ കഴുത്തിന് പിടിച്ചുകൊണ്ടിരിക്കുന്നത്.
വീട്ടുനികുതി വർധനവിന് സമാന്തരമായി വൈദ്യുതി ചാർജ് കൂട്ടാനുള്ള ഗവേഷണത്തിലാണ് വൈദ്യുതി വകുപ്പ്. അഡിഷനൽ ഡെപ്പോസിറ്റ് എന്ന മാരകായുധമാണ് ഇതിനുവേണ്ടി പുറത്തെടുത്തിരിക്കുന്നത്. ധൂർത്തും അനാസ്ഥയും കൊടികുത്തിവാഴുന്ന ഇടമാണ് വൈദ്യുതി വകുപ്പ്. ഈയിടെ വൈദ്യുതി ബോർഡ് നടപ്പാക്കിയ പരിഷ്കാരം അവരുടെ ശമ്പളവും മറ്റു ആനുകൂല്യങ്ങളും സ്വയമങ്ങ് വർധിപ്പിക്കുക എന്നതായിരുന്നു. ബോർഡിന്റെ നടപടിക്കെതിരേ സർക്കാരിൽനിന്ന് രൂക്ഷ വിമർശനമുണ്ടായി എന്നതല്ലാതെ വർധിപ്പിച്ച ശമ്പളം മരവിപ്പിക്കാൻ തയാറായിട്ടില്ല. അധികശമ്പളം എഴുതിയെടുത്തതിന്റെ ബാധ്യത എങ്ങനെ നികത്തുമെന്ന ഗവേഷണത്തിനൊടുവിലായിരിക്കണം ഉപയോക്താവിന്റെമേൽ അഡിഷനൽ ഡെപ്പോസിറ്റ് അടിച്ചേൽപ്പിക്കുകയെന്ന ആശയം വൈദ്യുതി ബോർഡ് കണ്ടെത്തിയിട്ടുണ്ടാവുക.
സർക്കാരിൻ്റെയും വിവിധ വകുപ്പുകളുടെയും കെടുകാര്യസ്ഥതയും ധൂർത്തും കാരണം സംസ്ഥാനം ഗുരുതര സാമ്പത്തിക തകർച്ചയിലാണെന്ന് അംഗീകരിക്കപ്പെട്ട യാഥാർഥ്യമാണ്. ഇതിനുള്ള പരിഹാരം സാധാരണക്കാരനെ പിഴിയുകയല്ല. നികുതി വെട്ടിപ്പുകാരെയും കള്ളപ്പണക്കാരെയും കണ്ടെത്തി അവരുടെ ആസ്തി സർക്കാരിലേക്ക് കണ്ടുകെട്ടുകയാണ് വേണ്ടത്. പാവങ്ങൾക്കുവേണ്ടി ശബ്ദിക്കുകയും പണക്കാർക്കൊപ്പം നിലയുറപ്പിക്കുകയും ചെയ്യുന്ന നിലപാട് സർക്കാരിൻ്റെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ല. കോടികളുടെ വൈദ്യുതി കുടിശിക ബോർഡിന് പിരിഞ്ഞുകിട്ടാനുണ്ട്. അത് പിരിച്ചെടുക്കാൻ എന്ത് നടപടിയാണ് ബോർഡ് സ്വീകരിച്ചത്. അത് ഈടാക്കിയിട്ടുപോരെ അഡിഷനൽ ഡെപ്പോസിറ്റ് എന്ന കുതന്ത്രം സാധാരണക്കാരന്റെമേൽ പ്രയോഗിക്കാൻ. നിയമ വിരുദ്ധമായി കൂറ്റൻ കെട്ടിടങ്ങളും മാളുകളും പണിയുന്നത് പൊളിച്ചുകളയാൻ സുപ്രിംകോടതി ഇടപെടേണ്ടിവരുന്ന ഒരു കാലവും കൂടിയാണിത്. ഇത്തരം നിർമാണങ്ങൾ നടത്തുന്നവരിൽ നിന്ന് കനത്ത പിഴ ഈടാക്കുന്നതിനുപകരം അവർക്കൊപ്പം നിൽക്കുകയല്ലേ സംസ്ഥാനത്തെ പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും. സാധാരണക്കാരന്റെ കൊച്ചു കൂരയ്ക്ക് കനത്ത നികുതി ഏർപ്പെടുത്തിയാൽ ചോദിക്കാനും പറയാനും ആരും ഉണ്ടാവില്ലെന്ന ഹുങ്കാണ് അവരുടെമേൽ പലവിധ നികുതിഭാരം അടിച്ചേൽപ്പിക്കാൻ സർക്കാരിനെ പ്രേരിപ്പിക്കുന്നത്.
കഴിഞ്ഞവർഷം നഗരസഭകളിലെയും കോർപറേഷനുകളിലെയും കെട്ടിട നികുതി കുത്തനെ വർധിപ്പിക്കാൻ സർക്കാർ തീരുമാനമെടുത്തതായിരുന്നു. ഫെബ്രുവരിയിൽ എടുത്ത തീരുമാനം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന് ഭയന്ന് സർക്കാർ പിൻവാങ്ങുകയായിരുന്നു. വീടുകളുടെ അടിസ്ഥാന നികുതിയിൽ ചതുരശ്ര മീറ്ററിന് 6 മുതൽ 14 വരെ രൂപയായിരുന്നു അന്ന് വർധിപ്പിക്കാൻ തീരുമാനിച്ചത്. ഓരോ വർഷവും അഞ്ചുശതമാനം വരെ നികുതി വർധിപ്പിക്കാനും തീരുമാനമെടുത്തിരുന്നു. ഭൂമിയുടെ ന്യായവിലയുടെ നിശ്ചിത ശതമാനംകൂടി മാനദണ്ഡത്തിൽ ഉൾപ്പെടുത്തി കെട്ടിട നികുതി നിശ്ചയിക്കാനായിരുന്നു തദ്ദേശവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ അന്നത്തെ ഉത്തരവിലുണ്ടായിരുന്നത്.
ഇപ്പോൾ നിയമസഭാ തെരഞ്ഞെടുപ്പ് മുമ്പിൽ ഇല്ല. പ്രജാ താൽപര്യമല്ല ഭരണാധികാരികളെ നയിക്കുന്നതെന്നും രാഷ്ട്രീയ താൽപര്യങ്ങളാണെന്നും ഇപ്പോഴത്തെ നിലപാടിൽനിന്ന് വ്യക്തമാണ്. ധൂർത്തും അമിതവ്യയവും വരുത്തിയ സാമ്പത്തികമാന്ദ്യം പരിഹരിക്കാൻ ദരിദ്രരുടെ നിശബ്ദ നിലവിളിക്കുമേലാണ് സർക്കാർ അധികനികുതിയെന്ന ചാട്ടവാർ വീശുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."