ഇൻലാൻഡ് വെസൽസ് റൂൾസ്പ്രഖ്യാപനത്തിൽ ഒതുങ്ങി
ഉൾനാടൻ ജലയാന നിയമവും തുറമുഖ വകുപ്പിന്റെ നിയമങ്ങളും കാറ്റിൽപ്പറത്തിയാണ് കായൽപ്പരപ്പിലും ആറിലും വിനോദയാത്രകൾ പൊടിപൊടിക്കുന്നത്. പരിശീലനം ലഭിച്ച സ്രാങ്കുകളോ സഹായികളോ സുരക്ഷാ ഉപകരണങ്ങളോ ഇല്ലാതെയാണ് കുട്ടികൾ ഉൾപ്പെടെയുള്ള സഞ്ചാരികളുമായി ജലയാനങ്ങൾ കുതിപ്പ് നടത്തുന്നത്.
തേക്കടി ദുരന്തത്തിനുശേഷം സർക്കാർ തയാറാക്കിയ ഇൻലാൻഡ് വെസൽസ് റൂൾസ് സംസ്ഥാനത്ത് നടപ്പാക്കുന്നില്ലെന്നാണ് ആക്ഷേപം. ഇതിനെതിരേ നിരവധി പരാതികൾ ഉയരുന്നുണ്ടെങ്കിലും പരിശോധനകൾ ഇല്ലാത്ത അവസ്ഥയാണ്. ജലയാത്രക്കിടയിലെ അപകടങ്ങൾ കുറയ്ക്കാൻ കർശന നിർദേശങ്ങളാണ് നിയമത്തിലുള്ളത്. ഇതാണ് അധികൃതരുടെ അനാസ്ഥ മൂലം നടപ്പാക്കാതെ പോകുന്നത്. വിനോദസഞ്ചാര ബോട്ടുകളിൽ യാത്രചെയ്യുന്ന മുഴുവൻ യാത്രക്കാർക്കും ലൈഫ്‌റിങ്(ലൈഫ്‌ബോയ്) ഉണ്ടാക്കിയിരിക്കണം എന്നതാണ് പ്രധാന വ്യവസ്ഥ. എന്നാൽ കേവലം നാല് ലൈഫ് റിങ്ങുകളുമായാണ് വലിയ യാനങ്ങൾപോലും ജലയാത്രക്കിറങ്ങുന്നത്.
അപകടങ്ങളിൽപ്പെടുന്ന യാത്രക്കാർക്ക് അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കാൻ തേഡ് പാർട്ടി ഇൻഷുറൻസ്, ജലയാത്രികരുടെയും ഉടമസ്ഥരുടെയും താൽപര്യങ്ങൾ സംരക്ഷിക്കാൻ ഉപദേശകസമിതി രൂപവത്കരണം തുടങ്ങിയ നിരവധി കാര്യങ്ങളാണ് നിയമത്തിലുള്ളത്. ജലയാനങ്ങളെ തരംതിരിച്ച് ലൈസൻസ് നൽകണമെന്ന തീരുമാനവും ചുവപ്പുനാടയിലാണ്.
ലൈസൻസില്ലാതെ സർവിസ്
1500 ഓളം ചെറുതും വലുതുമായ ഹൗസ്‌ബോട്ടുകൾ സർവിസ് നടത്തുന്നുണ്ട് വേമ്പനാട്ട് കായലിൽ. ലൈസൻസ് ഉള്ളത് 700 ഹൗസ് ബോട്ടുകൾക്ക് മാത്രമാണ്. ഇതിൽ തന്നെ ലൈസൻസ് പുതുക്കാത്തവയുമുണ്ട്. ഏകദേശം 800ഓളം ഹൗസ് ബോട്ടുകളാണ് ലൈസൻസും സുരക്ഷയുമില്ലാതെ സർവിസ് നടത്തുന്നത്. എന്നാൽ കോടികളുടെ നികുതി വരുമാനം സർക്കാരിന് നേടികൊടുത്തിട്ടും അതിനനുസരിച്ച് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നില്ലെന്നാണ് ഹൗസ്‌ബോട്ട് ഉടമകളുടെ പ്രധാന ആക്ഷേപം.
വേമ്പനാട്ട് കായലിന് ഹൗസ് ബോട്ടുകൾ ഗുരുതര ഭീഷണിയെന്ന് കൺട്രോളർ ആന്റ് ഓഡിറ്റർ ജനറൽ റിപ്പോർട്ട് നൽകിയിട്ടും ഒരു നടപടിയുമുണ്ടായില്ല. മതിയായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് മിക്ക ഹൗസ് ബോട്ടുകളും സർവിസ് നടത്തുന്നത്. നിയമലംഘനം തടയാൻ തുറമുഖ വകുപ്പ് ശ്രമിക്കുന്നില്ലെന്ന് സി.എ.ജി റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു.
ആലപ്പുഴയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 69 ശതമാനം ഹൗസ് ബോട്ടുകളും ഇൻഷുർ ചെയ്തിട്ടില്ല. ജീവൻ രക്ഷാ ഉപകരണങ്ങളും അഗ്‌നിശമന സംവിധാനങ്ങളും പല ബോട്ടുകളുമില്ല തുടങ്ങിയവയാണ് പ്രധാന നിയമലംഘനങ്ങൾ.
( അവസാനിച്ചു)
തയാറാക്കിയത്
ഗിരീഷ് കെ. നായർ
എം.റഫീഖ്
The Inland Vessels Rules are limited to Promulgation
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."