പേപ്പർ ഫ്രീ ആവാൻ എമിറേറ്റ്സ്; മൊബൈൽ ബോർഡിംഗ് പാസ് എങ്ങിനെ ലഭിക്കും?
ദുബായ്: പേപ്പർ ഫ്രീ ആകാനുള്ളതിന്റെ ശ്രമത്തിലാണ് എമിറേറ്റ്സ് എയർലൈൻ. സാധ്യമാകുന്നിടത്ത് എല്ലാം കടലാസ് ഒഴിവാക്കുകയാണ് ലോകത്തിലെ തന്നെ മികച്ച എയർലൈൻ കമ്പനി. ഇതിന്റെ ഭാഗമായി ബോർഡിംഗ് പാസ് നൽകുന്നതിൽ നിന്നും കടലാസിനെ മാറ്റിനിർത്തുകയാണ് എമിറേറ്റ്സ്. മെയ് 15 മുതൽ, ദുബായിൽ നിന്ന് പുറപ്പെടുന്ന മിക്ക യാത്രക്കാരും പേപ്പർ പതിപ്പിന് പകരം മൊബൈൽ ബോർഡിംഗ് പാസ് ഉപയോഗിക്കണമെന്ന് എയർലൈൻ അറിയിച്ചു.
പേപ്പർ ഫ്രീ ആവാൻ എമിറേറ്റ്സ്; മൊബൈൽ ബോർഡിംഗ് പാസ് എങ്ങിനെ ലഭിക്കും?
ടെർമിനൽ 3 ൽ ചെക്ക് ഇൻ ചെയ്യുന്ന യാത്രക്കാർക്ക് അവരുടെ മൊബൈൽ ബോർഡിംഗ് പാസ് ഇമെയിൽ അല്ലെങ്കിൽ എസ്എംഎസ് വഴി ലഭിക്കും. ഓൺലൈനിൽ ചെക്ക് ഇൻ ചെയ്യുമ്പോൾ, അവർക്ക് അവരുടെ ആപ്പിൾ വാലറ്റ് (Apple Wallet) ലേക്കോ ഗൂഗിൾ വാലറ്റ് (Google Wallet) ലേക്കോ അവരുടെ ബോർഡിംഗ് പാസ് ലോഡ് ചെയ്യാം, അല്ലെങ്കിൽ എമിറേറ്റ്സ് ആപ്പ് (Emirates App) അവരുടെ ബോർഡിംഗ് പാസ് വീണ്ടെടുക്കാം.
ചെക്ക്-ഇൻ ബാഗേജ് രസീത് യാത്രക്കാർക്ക് നേരിട്ട് ഇമെയിൽ ലഭിക്കും. അല്ലെങ്കിൽ എമിറേറ്റ്സ് ആപ്പിൽ രസീത് ലഭ്യമാണ്.
എന്നാൽ ചില യാത്രക്കാർക്ക് ഇപ്പോഴും ഫിസിക്കൽ ബോർഡിംഗ് പാസ് പ്രിന്റ് ചെയ്യേണ്ടതായി വന്നേക്കാം. നവജാതശിശുക്കൾ, കൂടെ ആളില്ലാതെ യാത്രചെയ്യുന്ന പ്രായപൂർത്തിയാകാത്തവർ, പ്രത്യേക സഹായം ആവശ്യമുള്ള യാത്രക്കാർ, മറ്റ് കണക്റ്റിംഗ് എയർലൈനുകളിൽ മുന്നോട്ടുള്ള യാത്രചെയ്യുന്ന യാത്രക്കാർ എന്നിവർക്കെല്ലാം ഫിസിക്കൽ ബോർഡിംഗ് നിർബന്ധമാണ്. അതുപോലെ, യുഎസിലേക്കുള്ള വിമാനങ്ങളിൽ യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാർക്കും ഇത് നിർബന്ധമാണ്.
ദുബായിൽ നിന്ന് പുറപ്പെടുന്ന യാത്രക്കാർക്ക് സൗകര്യപ്രദവും വേഗത്തിലുള്ളതുമായ ഡിജിറ്റൈസ്ഡ് ചെക്ക് ഇൻ അനുഭവം വാഗ്ദാനം ചെയ്യുന്നതോടൊപ്പം ഇത് പേപ്പർ പാഴാക്കുന്നത് ഗണ്യമായി കുറയ്ക്കുമെന്ന് എയർലൈൻ പ്രസ്താവനയിൽ പറഞ്ഞു. കൂടാതെ, ബോർഡിങ് പാസ് നഷ്ടപ്പെടുന്നതിനും മറന്നുവെക്കുന്നതിനുമുള്ള സാധ്യത ഇത് കുറക്കുകയും ചെയ്യുന്നു.
യാത്രയിലുടനീളം മൊബൈൽ ബോർഡിംഗ് പാസ് ഉപയോഗിക്കാവുന്നതാണ്. ദുബായ് ഡ്യൂട്ടി ഫ്രീയിലും ബോർഡിംഗിനും സെക്യൂരിറ്റി ചെക്കിങ്ങിനും ഫോണിൽ ബോർഡിംഗ് പാസ് കാണിച്ചാൽ മതി. എമിറേറ്റ്‌സ് ഏജന്റുമാരും എയർപോർട്ട് സ്റ്റാഫും മൊബൈൽ ബോർഡിംഗ് പാസിലെ ക്യുആർ കോഡ് ആവശ്യാനുസരണം സ്കാൻ ചെയ്യും.
അതേസമയം, യാത്രക്കാർക്ക് മൊബൈൽ ഇല്ലെങ്കിലോ ബാറ്ററി തീർന്നു തുടങ്ങിയ കാരണങ്ങളാൽ അവരുടെ ഉപകരണങ്ങളിൽ വിവരങ്ങൾ ആക്‌സസ് ചെയ്യാൻ കഴിയുന്നില്ലെങ്കിലോ ചെക്ക്-ഇൻ കൗണ്ടറുകളിൽ ബോർഡിംഗ് പാസ് പ്രിന്റ് ചെയ്യാനുള്ള ഓപ്ഷൻ ലഭ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."