മരം മുറിക്കാന്‍ പ്രത്യേക ഉത്തരവിറക്കണമെന്ന സി.കെ ശശീന്ദ്രന്റെ കത്ത് പുറത്ത്; ഉദ്യോഗസ്ഥരുടെയും മരം മുറിച്ചവരുടെയും തലയിലിട്ട് മുഖം രക്ഷിക്കാന്‍ നീക്കം
കല്‍പ്പറ്റ: കോടികളുടെ മരങ്ങള്‍ കൊള്ളയടിക്കാനിടയാക്കിയ വിവാദ ഉത്തരവ് മുന്‍ റവന്യൂ-വനം മന്ത്രിമാരുടെ അറിവോടെയെന്ന് രേഖകള്‍ പറയുമ്പോഴും ഉദ്യോഗസ്ഥരുടെയും മരം മുറിച്ചവരുടേയും തലയിലിട്ട് മുഖംരക്ഷിക്കാന്‍ അണിയറ നീക്കം. റവന്യൂവകുപ്പിലെ വില്ലേജ് ഓഫിസര്‍മാര്‍, വനംവകുപ്പിലെ ഡി.എഫ്.ഒ ഓഫിസ് വരെയുള്ള ഉദ്യോഗസ്ഥര്‍ എന്നിവരില്‍ പഴിചാരി തടിയൂരാനാണ് നീക്കംനടക്കുന്നത്. ഇതിനനുസരിച്ചാണ് നിലവിലെ അന്വേഷണം.
മരം കൊള്ളയില്‍ മുന്‍ റവന്യൂ-വനം മന്ത്രിമാരെ സംരക്ഷിക്കാനാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന സി.പി.ഐ നേതൃത്വത്തിന്റെ തീരുമാനമെന്നാണ് സൂചനകള്‍. സര്‍ക്കാരിനെയും മന്ത്രിമാരെയും വെള്ളപൂശുന്ന തരത്തിലുള്ള മുഖ്യമന്ത്രിയുടെ പ്രതികരണങ്ങളും ശ്രദ്ധേയമാണ്.അതിനിടെ വയനാട്ടിലെ റവന്യൂ പട്ടയ ഭൂമിയിലെ റിസര്‍വ് ചെയ്ത വീട്ടി മരങ്ങള്‍ മുറിക്കുന്നതിന് പൊതുഫയലില്‍ അല്ലാതെ പ്രത്യേക ഉത്തരവിറക്കണമെന്ന് ആവശ്യപ്പെട്ട് കല്‍പ്പറ്റ മുന്‍ എം.എല്‍.എ സി.കെ ശശീന്ദ്രന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ കത്ത് പുറത്തായി. ഇക്കാര്യം പരിശോധിക്കാനാവശ്യപ്പെട്ട് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി, വനം വന്യജീവി വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി എന്നിവര്‍ക്ക് മുഖ്യമന്ത്രി ഒപ്പുവച്ച കത്ത് കൈമാറുകയും ചെയ്തിട്ടുണ്ട്. ഇതോടെ വിവാദ ഉത്തരവിന് പിന്നില്‍ രാഷ്ട്രീയസമ്മര്‍ദങ്ങളിലെന്ന വാദമുഖവും പൊളിയുകയാണ്.ഉത്തരവ് വ്യാപകമായ മരംമുറിക്ക് ഇടയാക്കുമെന്നുള്ള വനം-റവന്യൂ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ് അവഗണിച്ചും, ഉത്തരവിറക്കി മരം കൊള്ളക്ക് വഴിയൊരുക്കിയതിലുള്ള സര്‍ക്കാര്‍ പങ്കും വ്യക്തമാക്കുന്നതാണ് കത്തും മറുപടിയും. 2020 ഫെബ്രുവരി 12നാണ് ശശീന്ദ്രന്‍ കത്തുനല്‍കിയത്.
കഴിഞ്ഞ ഒക്ടോബറിലിറക്കിയ ഉത്തരവിന്റെ മറവിലാണ് വയനാട് അടക്കമുള്ള പ്രദേശങ്ങളിലെ കോടികളുടെ മരം കൊള്ള നടന്നിരിക്കുന്നത്. ഈ സാഹചര്യത്തില്‍ കൂടിയാണ് ഫെബ്രുവരിയില്‍ ഈട്ടി മരം മുറിക്കുന്നതിനായുള്ള പ്രത്യേക പാക്കേജ് തന്നെ ആവശ്യപ്പെട്ടുള്ള കത്തിന് പ്രസക്തിയേറുന്നത്.അതേസമയം സംരക്ഷിത മരങ്ങളുടെ അവകാശങ്ങള്‍ കര്‍ഷകന് നല്‍കണമെന്ന് ആവശ്യപ്പെട്ടുെകൊണ്ട് തനിക്ക് കിട്ടിയ ഒരു നിവേദനം മുഖ്യമന്ത്രിക്ക് കൈമാറുകയാണ് ചെയ്തതെന്നാണ് സി.കെ ശശീന്ദ്രന്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."