'കൈ' പിടിയിലൊതുങ്ങാന്‍ കര്‍ണാടക, ആറില്‍ അഞ്ച് മേഖലകളിലും ഭൂരിപക്ഷം; കോണ്‍ഗ്രസ് ക്യാംപുകളില്‍ ആഘോഷം
'കൈ' പിടിയിലൊതുങ്ങാന്‍ കര്‍ണാടക, ആറില്‍ അഞ്ച് മേഖലകളിലും ഭൂരിപക്ഷം; കോണ്‍ഗ്രസ് ക്യാംപുകളില്‍ ആഘോഷം
ബംഗളൂരു: കര്‍ണാടകയില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കോണ്‍ഗ്രസിന് വ്യക്തമായ മുന്നേറ്റം. കേവല ഭൂരിപക്ഷം കടന്നാണ് കോണ്‍ഗ്രസിന്റെ മുന്നേറ്റം. രണ്ടാം സ്ഥാനത്താണ് ബി.ജെ.പി. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണിയത്. പോസ്റ്റല്‍ വെട്ടുകളില്‍ നിരാശയാണ് ഭരണകക്ഷിക്കെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 36 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍. റെക്കോഡ് പോളിങ് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പാണിത് 73.19 ശതമാനം.
ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന പ്രതീക്ഷയില്‍ ബി.ജെ.പിയും ഭരണം പിടിച്ചെടുക്കുമെന്ന ആത്മവിശ്വാസത്തില്‍ കോണ്‍ഗ്രസും നില്‍ക്കുമ്പോള്‍ കിങ്‌മേക്കറാവുമെന്ന വാദത്തിലാണ് ജെ.ഡിഎസ്. എന്നാല്‍ പ്രതീക്ഷിച്ച നേട്ടം കൈവരിക്കാന്‍ ജെ.ഡി.എസിനായിട്ടില്ല. 224 സീറ്റുകളുള്ള നിയമസഭയിലേക്ക് 113 സീറ്റ് ലഭിച്ചാല്‍ കേവല ഭൂരിപക്ഷം നേടാനാകും. കേവല ഭൂരിപക്ഷമായ 113 സീറ്റ് ആര്‍ക്കും നേടാനായില്ലെങ്കില്‍ തൂക്കുമന്ത്രിസഭയാകും ഫലം. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ കോണ്‍ഗ്രസിന് അനുകൂലമാണ്.
73.19 ശതമാനം വോട്ടെടുപ്പ് നടന്ന ഇത്തവണ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് മിക്ക എക്‌സിറ്റ്‌പോള്‍ സര്‍വെകളും പ്രവചിക്കുന്നു. 140 സീറ്റുകള്‍ വരെ ലഭിച്ച് കോണ്‍ഗ്രസ് ഭരണത്തിലെത്തുമെന്ന് ഇന്ത്യാ ടുഡേ ആക്‌സിസ് മൈ ഇന്ത്യ സര്‍വെ പറയുന്നു. കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നും എന്നാല്‍ ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കില്ലെന്നും മറ്റു ചില സര്‍വെകള്‍ പറയുന്നു. അങ്ങനെയൊരു സാഹചര്യം ഉണ്ടായാല്‍ ജെ.ഡി.എസ് കിങ് മേക്കറാകും.
പാര്‍ട്ടികള്‍ ഇതിനകം തങ്ങളെ സമീപിച്ചതായും ആരുമായി കൂട്ടുകൂടണമെന്ന് ഇതിനകം തീരുമാനിച്ചു കഴിഞ്ഞെന്നും കഴിഞ്ഞ ദിവസം ജെ.ഡി.എസ് നേതാക്കള്‍ അവകാശപ്പെട്ടിരുന്നു. എന്നാലിത് ബി.ജെ.പിയും കോണ്‍ഗ്രസും നിഷേധിച്ചു. 140 സീറ്റുകള്‍ നേടുമെന്നും ആരുമായും കൂട്ടുകൂടില്ലെന്നും കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍ പറഞ്ഞു. തങ്ങള്‍ ആരെയും സമീപിച്ചിട്ടില്ലെന്നും 120 മുതല്‍ 125 വരെ സീറ്റുകള്‍ നേടി അധികാരത്തില്‍ വരുമെന്നും ബി.ജെ.പി നേതാവ് ശോഭ കരന്തലജെ അവകാശപ്പെട്ടു.
2018 മേയില്‍ 222 മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 78, ബി.ജെ.പി 104, ജെ.ഡിഎസ് 37, മറ്റുള്ളവര്‍മൂന്ന് എന്നിങ്ങനെയായിരുന്നു സീറ്റ്‌നില. തെരഞ്ഞെടുപ്പ് നീട്ടിവെച്ച രണ്ടു സീറ്റുകളില്‍ 2018 നവംബറില്‍ നടന്ന വോട്ടെടുപ്പില്‍ ജയിച്ചതോടെ കോണ്‍ഗ്രസിന്റെ സീറ്റ് നില 80 ആയി ഉയര്‍ന്നു. എന്നാല്‍, കലങ്ങിമറിഞ്ഞ രാഷ്ട്രീയത്തിനൊടുവില്‍ ബി.ജെ.പി 120, കോണ്‍ഗ്രസ് 69, ജെ.ഡിഎസ് 32, സ്വതന്ത്രന്‍ ഒന്ന്, ഒഴിഞ്ഞുകിടക്കുന്നത് രണ്ട് എന്നിങ്ങനെയായി സീറ്റ് നില.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."