70 ശതമാനം വരെ വിമാനടിക്കറ്റിന് വിലക്കുറവ്! - പരസ്യങ്ങളിൽ വഞ്ചിതരാകരുതെന്ന് ഷാർജ പൊലിസ്, പിന്നിൽ നടക്കുന്നത് വൻതട്ടിപ്പ്
ഷാർജ: വിലക്കുറവ് പരസ്യങ്ങളിൽ വഞ്ചിതരാകരുതെന്ന് ഷാർജ പൊലിസിന്റെ മുന്നറിയിപ്പ്. വിവിധ വസ്തുക്കൾക്ക് വമ്പൻ വിലക്കുറവ് പ്രഖ്യാപിച്ച് സമൂഹമാധ്യമങ്ങൾ വഴി വരുന്ന പരസ്യങ്ങൾ വഴി നടക്കുന്നത് വൻ തട്ടിപ്പാണെന്ന് പൊലിസ് മുന്നറിയിപ്പ് നൽകുന്നു. വിമാന ടിക്കറ്റ് മുതൽ ഇലക്ട്രോണിക് വസ്തുക്കൾ വരെയാണ് ഇത്തരത്തിൽ വിലക്കുറവിൽ പരസ്യങ്ങളായെത്തുന്നത്.
പരസ്യങ്ങൾക്കൊപ്പമുള്ള ലിങ്കിൽ കയറി പണമടക്കാൻ ബാങ്ക് വിവരങ്ങൾ കൈമാറുന്നതോടെ തട്ടിപ്പിന് ഇരയാകുന്ന അവസ്ഥയാണുള്ളത്. കുറഞ്ഞ നിരക്കു പ്രതീക്ഷിച്ചു ബാങ്ക്, വ്യക്തി വിവരങ്ങൾ നൽകുന്നതോടെ തട്ടിപ്പ് സംഘത്തിന് മുന്നിൽ ബാങ്ക് തുറന്നു വെക്കുന്നത് പോലെയാണ്. ഇതോടെ ബാങ്കിലെ പണവും മറ്റു വ്യക്തിഗത തട്ടിപ്പും നടക്കുന്നു. വ്യാജമായ ഓഫറുകളാണ് ഇതിനായി നൽകുന്നത്.
പ്രധാനമായും വിമാന ടിക്കറ്റിന്റെ പേരിലാണ് തട്ടിപ്പ് നടക്കുന്നത്. അവധിക്കാല സീസൺ ആയതും വിമാന ടിക്കറ്റ് കിട്ടാനില്ലാത്തതും മുതലെടുത്ത് കുറഞ്ഞ നിരക്കിൽ വിമാന ടിക്കറ്റ് വാഗ്ദാനം ചെയ്തുള്ള പരസ്യം വ്യാപകമാണ്. സമൂഹ മാധ്യമങ്ങളിൽ പരസ്യങ്ങളാണ് വന്നും വാട്സാപ്പിൽ സന്ദേശങ്ങളയച്ചും തട്ടിപ്പ് വ്യാപകമാണ്. ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ വഴിയുള്ള തട്ടിപ്പും നടക്കുന്നുണ്ട്.
പ്രമുഖ വ്യാപാര സ്ഥാപനത്തിന്റെ ആകർഷക സമ്മാനം വാഗ്ദാനം ചെയ്തും തട്ടിപ്പ് സന്ദേശങ്ങൾ വ്യാപകമാണ്. ഇതിൽ വിശ്വസിച്ച് മൊബൈലിൽ എത്തിയ ഒടിപി നമ്പർ കൈമാറിയവർക്കും പണം നഷ്ടമായതായി പൊലിസ് പറയുന്നു. സംഭവത്തിൽ ജാഗ്രത പുലർത്തണമെന്നും ഷാർജ പൊലിസ് അറിയിച്ചു.
70 ശതമാനം വരെ വിമാനടിക്കറ്റിന് വിലക്കുറവ്! - പരസ്യങ്ങളിൽ വഞ്ചിതരാകരുതെന്ന്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."