പ്രതിഷേധം രാജ്യദ്രോഹമോ?
എ.പി കുഞ്ഞാമു
പൗരത്വ നിയമ ഭേദഗതിക്കെതിരായുള്ള സമരത്തിന്റെ പേരില്‍ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി ജയിലിലടച്ച നടാഷാ നര്‍വാള്‍, ദേവാംഗന കലിത, ആസിഫ് ഇഖ്ബാല്‍ തന്‍ഹ എന്നീ മൂന്നു വിദ്യാര്‍ഥികള്‍ക്ക് ജാമ്യം നല്‍കാന്‍ വേണ്ടിയുള്ള അപേക്ഷ പരിഗണിക്കവെ ഡല്‍ഹി ഹൈക്കോടതി ഉന്നയിച്ച ഏറ്റവും മര്‍മപ്രധാനമായ ചോദ്യം ഇതാണ്: പ്രതിഷേധിക്കാനുള്ള അവകാശം ഉപയോഗപ്പെടുത്തുന്നത് നിയമവിരുദ്ധവും യു.എ.പി.എ വിഭാവനം ചെയ്യുന്ന അര്‍ഥത്തിലുള്ള ഒരു ഭീകരവാദ പ്രവൃത്തിയും ആണോ? അതിനുള്ള ഉത്തരവും കോടതി തന്നെ പറഞ്ഞു. യു.എ.പി.എയുടെ 15, 17, 18 എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റകൃത്യങ്ങളില്‍ അടങ്ങിയിട്ടുള്ള ഘടകങ്ങള്‍ കുറ്റപത്രത്തില്‍ പറഞ്ഞിട്ടുള്ള വസ്തുതാപരമായ ആരോപണങ്ങളില്‍നിന്ന് വ്യക്തമായി കണ്ടെടുക്കാനാവാത്ത കാലത്തോളം പ്രതിഷേധം നിയമവിരുദ്ധമല്ല, അതിനെ ഭീകരപ്രവര്‍ത്തനമായി കാണാനാവുകയില്ല. കോടതി ഇതുകൂടി പറഞ്ഞു. അതിശയോക്തി കലര്‍ത്തി പെരുപ്പിച്ചുണ്ടാക്കിയതാണ് ഡല്‍ഹി പൊലിസിന്റെ കുറ്റപത്രം. ഈ വിദ്യാര്‍ഥികള്‍ ചെയ്ത കുറ്റങ്ങളെ സി.എ.എ വിരുദ്ധ പ്രക്ഷോഭങ്ങളെന്ന നിലയില്‍ മാത്രമേ കാണാനാവൂ. അവയെ അടിച്ചമര്‍ത്താനുള്ള ആവേശത്തിനിടയില്‍ ഭരണഘടനാപരമായ അവകാശവും തീവ്രവാദപ്രവര്‍ത്തനവും തമ്മിലുള്ള അതിര്‍വരമ്പ് മാഞ്ഞു പോകുന്നു. ഇത് തുടര്‍ന്നാല്‍ ജനാധിപത്യം അപകടത്തിലാവും. ഈ നിഗമനത്തിന്റെ വെളിച്ചത്തിലാണ് കോടതി മൂന്നു പേര്‍ക്കും ജാമ്യം നല്‍കിയത്.
പച്ച മലയാളത്തില്‍ പറഞ്ഞാല്‍ ഈ വിധിയുടെ അര്‍ഥം പ്രതിഷേധസ്വരങ്ങളെ അടിച്ചമര്‍ത്താന്‍ വേണ്ടി ഭരണകൂടം ഉപയോഗിക്കുന്ന നിയമനടപടികള്‍ ശരിയല്ല. അത് ജനാധിപത്യവിരുദ്ധവും മനുഷ്യാവകാശങ്ങള്‍ക്ക് ഹാനികരവുമാണ്. ഒരുകാര്യംകൂടി കോടതി ഉറപ്പിച്ചുപറയുകയുണ്ടായി. ഡല്‍ഹിയില്‍ സ്ഥിതി ചെയ്യുന്ന ഒരു സര്‍വകലാശാലയിലെ ഏതാനും വിദ്യാര്‍ഥികള്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചതുകൊണ്ട് ജനാധിപത്യം ഇടിഞ്ഞുവീഴാന്‍ പോകുന്നൊന്നുമില്ല, നമ്മുടെ രാഷ്ട്രത്തിന്റെ അടിത്തറ വളരെ ഭദ്രമാണ്. അതിനാല്‍ ഇത്തരം പ്രതിഷേധങ്ങളെ ജനാധിപത്യ പ്രക്രിയയുടെ ഭാഗമായി മാത്രം കണ്ടാല്‍ മതിയെന്നാണ് കോടതിയുടെ നിരീക്ഷണം. തീര്‍ച്ചയായും ഈ മൂന്നുപേര്‍ക്കും ജാമ്യം നല്‍കിക്കൊണ്ടുള്ള ഡല്‍ഹി ഹൈക്കോടതി വിധി അവരെ മാത്രം ബാധിക്കുന്ന ഒന്നല്ല. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാവിയെ സംബന്ധിച്ചുള്ള നിര്‍ണായകമായ ഒരു തീര്‍പ്പാണത്. അതുകൊണ്ടുതന്നെ ഡല്‍ഹി പൊലിസ് അതിനെതിരായി സുപ്രിംകോടതിയില്‍ അപ്പീല്‍ പോകാനാണ് സാധ്യത. അക്കാര്യം പൊലിസിന്റെ വക്താവ് വ്യക്തമാക്കുകയുണ്ടായി. ഡല്‍ഹി പൊലിസ് എന്ന് പറഞ്ഞാല്‍ കേന്ദ്ര ആഭ്യന്തര വകുപ്പാണ്. കുറച്ചുകൂടി തെളിച്ചു പറഞ്ഞാല്‍ അമിത് ഷായും നരേന്ദ്ര മോദിയും തന്നെയാണ്. എല്ലാ എതിര്‍പ്പുകളെയും രാജ്യദ്രോഹമായി ചിത്രീകരിക്കുകയും ദേശാഭിമാനവുമായി കൂട്ടിക്കെട്ടുകയുമാണ് നരേന്ദ്ര മോദി ചെയ്യാറുള്ളത്. രാഹുല്‍ ഗാന്ധി കേന്ദ്രത്തിന്റെ വാക്‌സിന്‍ നയത്തിലെ വീഴ്ചകളെ വിമര്‍ശിച്ചപ്പോള്‍ അതിനെ രാജ്യസ്‌നേഹവുമായി കൂട്ടിക്കെട്ടിയാണ് നരേന്ദ്ര മോദി മറുപടി പറഞ്ഞത്. സര്‍ക്കാരിനെതിരായ എല്ലാ എതിര്‍പ്പുകളേയും ഇങ്ങനെ ബ്രാന്‍ഡ് ചെയ്യാന്‍ മോദിക്കും സംഘ്പരിവാര്‍ രാഷ്ട്രീയത്തിനും സാധിക്കുന്നു എന്നതാണ് ഇന്ത്യന്‍ അവസ്ഥ. ഈ അവസ്ഥയെ ആണ് കോടതി ചോദ്യം ചെയ്തിട്ടുള്ളത്.
എന്താണ് കുറ്റം?
കഴിഞ്ഞ ഒരു കൊല്ലത്തിലേറെക്കാലമായി ജെ.എന്‍.യു വിദ്യാര്‍ഥിനികളായ നടാഷ നര്‍വാള്‍, ദേവാംഗനാ കലിത എന്നിവരും ജാമിഅ മില്ലിയ്യ വിദ്യാര്‍ഥിയായ ആസിഫ് ഇഖ്ബാല്‍ തന്‍ഹയും ജയിലിലാണ്, കൃത്യമായി പറഞ്ഞാല്‍ 2020 മെയ് 20 മുതല്‍. ജാമ്യം കൊടുക്കാതെ ഇത്രയും കാലം ജയിലില്‍ പാര്‍പ്പിക്കാന്‍ അവര്‍ ചെയ്ത കുറ്റമെന്താണ്? 2020 ഫെബ്രുവരി 23 മുതല്‍ 27 വരെ വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന പൗരത്വ നിയമവിരുദ്ധ പ്രക്ഷോഭത്തിനു നേതൃത്വം നല്‍കി. ഒരു പ്രത്യേക മതവിഭാഗത്തില്‍ പെട്ട ആളുകളെ പറഞ്ഞിളക്കുകയും അക്രമത്തിനു പ്രേരിപ്പിക്കുകയും ചെയ്തു. തന്മൂലമുണ്ടായ സംഘര്‍ഷങ്ങളില്‍ പെട്ട് 53 പേര്‍ മരിക്കുകയും 500ല്‍ പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. ഈ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ നിരത്തു തടഞ്ഞതിനാല്‍ ഗതാഗത സ്തംഭനമുണ്ടായി. ഇതൊക്കെ പെരുപ്പിച്ചു കാട്ടിയ കുറ്റകൃത്യങ്ങളാണെന്നാണ് കോടതിയുടെ നിഗമനങ്ങള്‍. ഈ ആരോപണങ്ങള്‍ക്കൊന്നും വസ്തുതകളുടെ പ്രകടമായ പിന്തുണയില്ല, അതിനാല്‍ രാജ്യദ്രോഹം എന്ന കുറ്റം നിലനില്‍ക്കുകയില്ല. യു.എ.പി.എ പ്രകാരം രാജ്യദ്രോഹക്കുറ്റം ചുമത്തിയ ഒരു കേസില്‍ ആദ്യമായാണ് കോടതിയില്‍നിന്ന് ജാമ്യം ലഭിക്കുന്ന സംഭവമാണിത്. ഇതിന് മുന്‍പ് സഫൂറാ സര്‍ഗാറിന് 2020 ജൂണ്‍ 20നു ജാമ്യം ലഭിച്ചിരുന്നു. പക്ഷേ അത് മാനുഷിക പരിഗണന വച്ചായിരുന്നു. എന്നാല്‍ നിയമപരമായ ഒരു വാദഗതി ഉന്നയിച്ചുകൊണ്ട് ഈ പ്രശ്‌നത്ത സമീപിച്ചത് ആദ്യമായാണ്. അതിനാല്‍ത്തന്നെ ജഡ്ജിമാരായ സിദ്ധാര്‍ഥ് മൃദുലും എ.ജെ ഭംഭാനിയും ഇന്ത്യയിലെ നീതിന്യായ സംവിധാനത്തെ പുതിയ ചില ചോദ്യങ്ങളുടെ അഭിമുഖീകരണങ്ങളിലേക്കാണ് നയിച്ചിട്ടുള്ളത്. സുപ്രിംകോടതിയെ സമീപിക്കാനുള്ള ഡല്‍ഹി പൊലിസിന്റെ ആവേശത്തെ ഈ പശ്ചാത്തലത്തില്‍ വേണം വായിക്കേണ്ടത്.
ഈ കേസില്‍ ജയിലിലായ നടാഷ നര്‍വാളിന്റെ പിതാവും സര്‍ക്കാര്‍ സര്‍വിസില്‍നിന്നു വിരമിച്ച ശാസ്ത്രജ്ഞനുമായ മഹാവീര്‍ നര്‍വാള്‍ ഈയിടെ കൊവിഡ് ബാധിച്ചു മരിക്കുകയുണ്ടായി. അദ്ദേഹത്തിന് അന്ത്യകര്‍മങ്ങള്‍ ചെയ്യാന്‍ വേണ്ടി നടാഷക്ക് മൂന്നാഴ്ചത്തെ ജാമ്യം നല്‍കുകയും അവര്‍ അന്ത്യകര്‍മങ്ങള്‍ക്കുശേഷം തിരിച്ചു ജയിലില്‍ എത്തിയതുമൊക്കെ വാര്‍ത്തയായിരുന്നു. ഈ പെണ്‍കുട്ടികള്‍ക്ക് ലഭിക്കുന്ന വാര്‍ത്താപ്രാധാന്യവും കേന്ദ്ര സര്‍ക്കാരിനെ ചൊടിപ്പിക്കുന്നു. നടാഷ 2015ല്‍ ആരംഭിച്ച പിഞ്ചി രാതോഡ് (കൂട് പൊളിക്കുക) എന്ന വനിതാ ആക്ടിവിസ്റ്റ് കൂട്ടായ്മയുടെ നേതാവാണ്. ഹോസ്റ്റലുകളിലെ കടുത്ത നിയമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കുമെതിരായി 2015ല്‍ രൂപംകൊണ്ട സംഘമാണിത്. ഇത്തരം യുവജനസംഘങ്ങള്‍, വിശേഷിച്ചും വനിതാ ആക്ടിവിസ്റ്റ് കൂട്ടായ്മകള്‍ രാജ്യത്ത് സജീവമാവുന്നതിനെ മോദി സര്‍ക്കാര്‍ ഭയപ്പെടുന്നു എന്നതാണ് സത്യം. ഈ ഭീതിയിലാണ് രാജ്യദ്രോഹം എന്ന ആശയം ഉയര്‍ത്തിക്കൊണ്ടുവരുന്നത്. യു.എ.പി.എ ചുമത്തി പ്രക്ഷോഭകാരികളെ ജാമ്യമില്ലാക്കേസിലകപ്പെടുത്തുന്ന ഡല്‍ഹി മാതൃകവച്ചു നോക്കിയാല്‍ കേരളത്തിലെ കെ.എസ്.യുക്കാരേയും എസ്.എഫ്.ഐക്കാരേയുംകൊണ്ട് എന്നേ ജയിലുകള്‍ നിറഞ്ഞേനെ.
അവിടുത്തെപ്പോലെ ഇവിടെയും
എന്നുവച്ച് കേരളത്തില്‍ കരിനിയമങ്ങളുടെ ദുരുപയോഗമില്ലെന്നു പറഞ്ഞുകൂടാ. പന്തീരാങ്കാവിലെ രണ്ടു യുവാക്കളെ ജയിലിലാക്കിയ അലന്‍, താഹ കേസ് സമാനമായ ദുരുപയോഗമല്ലെങ്കില്‍ മറ്റെന്താണ്? മാവോവാദികളെന്നു പറഞ്ഞു ഏതാനും ചെറുപ്പക്കാരെ തണ്ടര്‍ബോള്‍ട്ടു വെടിവച്ചുകൊന്നതിന്റെ മനുഷ്യാവകാശ നിഷേധം എങ്ങനെ കാണാതിരിക്കും. കരിനിയമങ്ങളെ ഭരണകൂടങ്ങള്‍ തഞ്ചവും തരവും പോലെ വ്യാഖ്യാനിക്കുകയും ഉപയോഗപ്പെടുത്തുകയും ചെയ്യും എന്നാണ് ഇതില്‍ നിന്ന് വായിച്ചെടുക്കേണ്ടത്.
കരിനിയമങ്ങളുടെ കാര്യമിരിക്കട്ടെ, സാധാരണ നിയമങ്ങള്‍പോലും പലതരത്തിലാണ് ഉപയോഗപ്പെടുത്തുന്നത്. കെ.പി.സി.സി പ്രസിഡന്റായി കെ. സുധാകരന്‍ സ്ഥാനാരോഹണം ചെയ്യുന്നതിനോടനുബന്ധിച്ചുള്ള ചടങ്ങില്‍ പങ്കെടുത്ത കോണ്‍ഗ്രസുകാര്‍ക്കെതിരില്‍ കേരള പൊലിസ് കേസെടുത്തത് നോക്കുക. കൊവിഡ് നിയമങ്ങള്‍ പാലിക്കാതെ സംഘം ചേര്‍ന്നു എന്നാണ് കേസ്. സര്‍ക്കാര്‍ മുന്‍കൈയെടുത്തു എത്ര പ്രാവശ്യം കൊവിഡ്‌നിയമങ്ങള്‍ കാറ്റില്‍പ്പറത്തിക്കൊണ്ടു സംഘം ചേര്‍ന്നു! ഇടതുപക്ഷത്തിന്റെ എത്ര ഒത്തുചേരലുകള്‍ ജനബാഹുല്യത്തോടെ നടന്നു. ഇരട്ടനീതി ആരെയും അലോസരപ്പെടുത്തുന്നില്ല എന്ന് ചുരുക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."