വന്‍ ശ്രദ്ധയാകര്‍ഷിച്ച് ഷാര്‍ജയില്‍ കുട്ടികളുടെ വായനോത്സവത്തിന് നാളെ സമാപനം
വന്‍ ശ്രദ്ധയാകര്‍ഷിച്ച് ഷാര്‍ജയില്‍ കുട്ടികളുടെ വായനോത്സവത്തിന് നാളെ സമാപനം
ഷാര്‍ജ: ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ നടന്നു വരുന്ന കുട്ടികളുടെ വായനോത്സവത്തി(എസ്‌സിആര്‍എഫ് 2023)ന്റെ പതിനാലാം എഡിഷന്‍ 12 ദിവസം പിന്നിട്ട് നാളെ സമാപിക്കും. 'നിങ്ങളുടെ തലച്ചോറിനെ പരിശീലിപ്പിക്കുക' (ട്രെയ്ന്‍ യുവര്‍ ബ്രെയ്ന്‍) എന്ന പ്രമേയത്തില്‍ യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഈ മാസം 3ന് ഉദ്ഘാടനം ചെയ്ത വായനോല്‍സവത്തില്‍ ഇന്ത്യയടക്കം 66 രാജ്യങ്ങളില്‍ നിന്നുളള 141 അന്തര്‍ദേശീയ പ്രസാധകരാണ് സാന്നിധ്യമറിയിക്കുന്നത്. 457 രചയിതാക്കള്‍, കലാകാരന്മാര്‍, പ്രസാധകര്‍, ചിത്രകാരന്മാര്‍, വിദഗ്ധര്‍ നേതൃത്വം നല്‍കിയ എസ്‌സിആര്‍എഫില്‍ കുരുന്നുകളില്‍ അവബോധം പകര്‍ന്നു കൊണ്ടുള്ള 1,752 പരിപാടികള്‍ അരങ്ങേറി. കുട്ടികളിലെ സര്‍ഗാത്മകത ഉത്തേജിപ്പിക്കാനും അവരെ പുസ്തകങ്ങളിലേക്ക് അടുപ്പിക്കാനുമായി സംഘടിപ്പിക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ ഉത്സവമാണ് എസ്‌സിആര്‍എഫ്.
4 രാജ്യങ്ങളില്‍ നിന്നുള്ള 15 സര്‍ഗപ്രതിഭകള്‍ നയിച്ച ശില്‍പശാലകള്‍, പാനല്‍ ചര്‍ച്ചകള്‍, റോമിംഗ് ഷോകള്‍ എന്നിവയുടെ ഒരു പരമ്പര ഉള്‍പ്പെടെ 323 ആക്റ്റിവിറ്റികളും, ലോകമെമ്പാടുമുള്ള ചിത്രകാരന്മാര്‍ പങ്കെടുത്ത കോമിക്‌സ് കോര്‍ണറും ശ്രദ്ധയാകര്‍ഷിച്ചു. ആനിമേഷന്‍ ഹബ്ബും, സ്‌കില്‍സ് ഏരിയയും, റോബോട്ടിക് ഗെയിമുകളും, സംഗീത പരിപാടികളും, കുക്കറി ഷോയും, സോഷ്യല്‍ മീഡിയ സ്‌റ്റേഷനും, ഭാഷാ കേന്ദ്രവും വലിയ താല്‍പര്യത്തോടെയാണ് കുട്ടികള്‍ നോക്കിക്കണ്ടത്. 12 ദിവസങ്ങള്‍ക്കിടെ 93 അറബ്, 48 വിദേശ പ്രസാധകരില്‍ നിന്നും കുട്ടികളുടെ സാഹിത്യത്തിലെ ഏറ്റവും പുതിയ ശീര്‍ഷകങ്ങള്‍ തെരഞ്ഞെടുക്കാന്‍ കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും എസ്‌സിആര്‍എഫ് അവസരം നല്‍കി. യുകെ, സിറിയ, ജോര്‍ദാന്‍, ഈജിപ്ത്, കുവൈത്ത്, സൗദി അറേബ്യ, യുഎസ്, ഓസ്‌ട്രേലിയ, ഇന്ത്യ, പാകിസ്താന്‍, അല്‍ജീരിയ, ഇറാഖ് എന്നിവയാണ് ഈ എഡിഷനില്‍ പങ്കെടുത്ത മുന്‍നിര രാജ്യങ്ങള്‍. ഇക്കൊല്ലം 77 പ്രസാധകരുമായി യുഎഇ ഒന്നാം സ്ഥാനത്തും, 12 പ്രസാധകരുമായി ലബനാന്‍ രണ്ടാം സ്ഥാനത്തുമാണുണ്ടായിരുന്നത്.
കുട്ടികള്‍ക്കായി കല, കായികം, ശാസ്ത്രം, സാങ്കേതികവിദ്യ എന്നിവ ഉള്‍ക്കൊള്ളുന്ന വൈവിധ്യമാര്‍ന്ന ശില്‍പശാലകള്‍ ഉള്‍പ്പെടെ 946 പ്രോഗ്രാമുകളും 136 നാടക പ്രദര്‍ശനങ്ങളും പ്രകടനങ്ങളും അരങ്ങേറി. 16 കലാകാരന്മാര്‍ നയിച്ച 136 നാടക പ്രകടനങ്ങള്‍, റോമിംഗ് ഷോകള്‍, അക്രോബാറ്റ്, സംഗീത കച്ചേരികള്‍ എന്നിവയും ഫെസ്റ്റിവലില്‍ ഉണ്ടായിരുന്നു. ഹിന്ദിയിലും ഉര്‍ദുവിലും 'അക്ബര്‍ ദി ഗ്രേറ്റ് നഹി രഹേ' എന്ന ഹാസ്യ നാടകവും ലോകമെമ്പാടും അവതരിപ്പിച്ച കുട്ടികളുടെ ഷോയായ 'മസാക കിഡ്‌സ് ആഫ്രികാന'യും ഏറ്റവും ആകര്‍ഷിക്കപ്പെട്ട പരിപാടികളില്‍ ഉള്‍പ്പെടുന്നു.
21 രാജ്യങ്ങളില്‍ നിന്നുള്ള കലാകാരന്മാര്‍, എഴുത്തുകാര്‍, ക്രിയേറ്റര്‍മാര്‍ എന്നിവരുള്‍പ്പെടെ 68 അതിഥികള്‍ 14ാമത് എസ്‌സിആര്‍എഫില്‍ കുട്ടികളുമായി സംവദിച്ചു. അവര്‍ പാനല്‍ ചര്‍ച്ചകള്‍ക്കും മറ്റു പരിപാടികള്‍ക്കും നേതൃത്വം നല്‍കി. കുട്ടികളില്‍ ആശയവിനിമയ ശേഷികള്‍ വികസിപ്പിക്കുന്നതിലും അവരുടെ സര്‍ഗാത്മകവും ബൗദ്ധികവുമായ കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ച സെഷനുകളായിരുന്നു ഇവയെല്ലാം. കുക്കറി കോര്‍ണറില്‍ 9 രാജ്യങ്ങളില്‍ നിന്നുള്ള 13 പ്രശസ്ത പാചകക്കാര്‍ നേതൃത്വം നല്‍കി കുട്ടികള്‍ അവതരിപ്പിച്ച പാചക പരിപാടികള്‍ പഠനാര്‍ഹം കൂടയായിരുന്നു.
എല്ലാ പ്രായക്കാരെയും ലക്ഷ്യമിട്ട് സോഷ്യല്‍ മീഡിയ ഇന്‍ഫഌവന്‍സര്‍മാരും ഉള്ളടക്ക സ്രഷ്ടാക്കളും നയിച്ച 72 ആക്റ്റിവിറ്റികള്‍ എടുത്തു പറയേണ്ടതാണ്.
ഇന്ത്യയില്‍ നിന്നും എഴുത്തുകാരിയും മോട്ടിവേഷണല്‍ സ്പീക്കറും ജീവകാരുണ്യ പ്രവര്‍ത്തകയുമായ സുധാ മൂര്‍ത്തി പങ്കെടുത്ത ഡിബേറ്റ് ഏറ്റവും ജനപ്രിയമായ പരിപാടികളിലൊന്നായിരുന്നു. ഇന്റലക്ച്വല്‍ ഹാള്‍ തിങ്ങി നിറഞ്ഞ വന്‍ സദസ്സാണ് സംവാദത്തിന് സാക്ഷ്യം വഹിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."