രാജ്യത്തിന്റെ ആത്മാവ് വീണ്ടെടുക്കാനുള്ള പോരാട്ടത്തിലെ നിർണായക വിജയം
കെ.സി വേണുഗോപാൽ
45 വർഷങ്ങൾക്ക് മുൻപ് കർണാടകത്തിലെ ചിക്കമംഗളൂരുവിൽ ഉയർന്നുകേട്ട മുദ്രാവാക്യത്തിന് ഫീനിക്‌സ് പക്ഷിയുടെ ഉയിർപ്പിനോളം വീര്യവും ഊർജവുമുണ്ടായിരുന്നു. തകർന്നടിഞ്ഞ കോൺഗ്രസും പ്രതീക്ഷയറ്റ അണികളും എന്തുചെയ്യണമെന്നറിയാതെ കുഴഞ്ഞുനിന്ന എഴുപതുകളുടെ കാലം.
1978ൽ ചിക്കമംഗളൂരു ലോക്‌സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ സാക്ഷാൽ ഇന്ദിരാഗാന്ധി മത്സരിക്കാനെത്തുന്നു. അവിടെ ഇന്ദിരാജി നേടിയ വലിയ വിജയത്തിൽ ആരും വലിയ പ്രതീക്ഷയൊന്നും വച്ചില്ല. പക്ഷേ അതൊരു തുടക്കം മാത്രമായിരുന്നുവെന്നും ആഞ്ഞടിക്കുന്ന കൊടുങ്കാറ്റിനു മുൻപുള്ള ശാന്തത മാത്രമായിരുന്നുവെന്നും ആരും കരുതിയിരുന്നുമില്ല. രാജ്യത്തുടനീളം ഇന്ദിരാജിയുടെ നേതൃത്വത്തിൽ കോൺഗ്രസ് അതിശക്തമായി തിരിച്ചുവരുന്ന നാളുകളാണു പിന്നീടങ്ങോട്ടു കണ്ടത്. ഇന്നലെ കർണാടകയിൽ കണ്ടതും അതുതന്നെ.
ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെടുന്ന സർക്കാരിനെ പണവും അധികാരവും ഉപയോഗിച്ചു അട്ടിമറിച്ചു ഭരണം പിടിച്ചെടുക്കാൻ കഴിയുമെന്ന അഹങ്കാരവുമായി ഇറങ്ങിപ്പുറപ്പെട്ട സംഘ്പരിവാർ ഏകാധിപതികളുടെ കരണത്ത് കനത്ത പ്രഹരമേൽപിച്ചാണ് കർണാടകയിൽ എല്ലാ മേഖലകളിലും ത്രിവർണ പതാക പാറിപ്പറന്നത്. വർഗീയത വിളമ്പി ജനങ്ങളെ ഭിന്നിപ്പിച്ച് എക്കാലവും ഭരിക്കാൻ കഴിയുമെന്ന ഫാസിസ്റ്റുകളുടെ കണക്കുകൂട്ടലുകൾ പാടെ തെറ്റി. എണ്ണമറ്റ റാലികൾ നടത്തി ജാതിയുടെയും മതത്തിന്റെയും പേരിൽ വെറുപ്പിന്റെ വിഷം പരത്താൻ ഇറങ്ങിപ്പുറപ്പെട്ട നരേന്ദ്ര മോദിയെയും ബി.ജെ.പിയുടെ മോദി ബ്രാൻഡിനെയും ജനങ്ങൾ തൂത്തെറിഞ്ഞിരിക്കുന്നു. അവിടെ, വെറുപ്പിന്റെ അങ്ങാടിയിൽ കോൺഗ്രസ് സ്‌നേഹത്തിന്റെ കട തുറന്നിരിക്കുന്നു.
അഴിമതിയും കെടുകാര്യസ്ഥതയും കൊടികുത്തിവാണ ബി.ജെ.പി ഭരണത്തിനാണു കർണാടക സാക്ഷ്യം വഹിച്ചത്. എന്തിനും ഏതിനും 40 ശതമാനം കമ്മിഷൻ സർക്കാരിന്റെ മുഖമുദ്രയായി.
ബിറ്റ്‌കോയിൻ കുംഭകോണം, പി.എസ്.ഐ അഴിമതി, കെ.പി.ടി.സി.എൽ അഴിമതി എന്നിങ്ങനെ അഴിമതിയുടെ കൂമ്പാരമായി ബി.ജെ.പി ഭരണം മാറി. ആ ദുർഭരണം അവസാനിപ്പിക്കുക മാത്രമല്ല, ദലിതർക്കും ന്യൂനപക്ഷങ്ങൾക്കുമെതിരേ സംസ്ഥാനത്തെമ്പാടും ആക്രമണം അഴിച്ചുവിട്ട ഫാസിസ്റ്റ് കിരാത ശക്തികളോട് ജനം കണക്കു ചോദിക്കുകയും ചെയ്തിരിക്കുന്നു.
വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരേ സ്‌നേഹത്തിന്റെ ഭാഷയിൽ സംസാരിച്ച രാഹുൽ ഗാന്ധിയോടുള്ള ഐക്യദാർഢ്യവും ഇന്നലെ തെരഞ്ഞെടുപ്പ് ഫലത്തിൽ കണ്ടു. എം.പി സ്ഥാനവും ഔദ്യോഗിക വസതിയുമടക്കം ത്യജിക്കേണ്ട വന്ന രാഹുൽഗാന്ധിയെ ജനങ്ങൾ ഹൃദയത്തോടു ചേർത്തു പിടിക്കുന്നുവെന്നും കർണാടക ഫലം വിളിച്ചുപറയുന്നു. പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും അടക്കമുള്ള ദേശീയ നേതൃത്വം വൻമതിൽ പോലെ നിന്നാണു തെരഞ്ഞെടുപ്പ് പ്രചാരണത്തിനു ചുക്കാൻ പിടിച്ചത്. ദേശീയ നേതൃത്വത്തിൻ്റെ മാർഗനിർദേശങ്ങൾ സിദ്ധാരാമയ്യയും ഡി.കെ ശിവകുമാറും അടക്കമുള്ള സംസ്ഥാന നേതൃത്വം പിഴവുകളേതുമില്ലാതെ നടപ്പാക്കിയപ്പോൾ കോൺഗ്രസിൻ്റെ വിജയം അനായാസമായി. രൺദീപ് സിങ് സുർജേവാലയുടെ നേതൃത്വത്തിലുള്ള എ.ഐ.സി.സി ടീമും പ്രചാരണച്ചുമതല വിജയകരമായി നിറവേറ്റി. അഞ്ച് ഗ്യാരന്റികൾ ഉൾപ്പെടെ കോൺഗ്രസ് പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്ത വികസന കാഴ്ചപ്പാടുകളെ ജനം ഇരുകൈയും നീട്ടി സ്വീകരിച്ചു.
മോദിയുടെ പൊള്ളയായ അച്ഛാ ദിൻ വാഗ്ദാനങ്ങളെ പോലെയല്ല കോൺഗ്രസിന്റെ മുദ്രാവാക്യങ്ങൾ. ജാതിയുടെയും മതത്തിന്റെയും ഭാഷയുടെയും വർഗത്തിന്റെയും വസ്ത്രത്തിന്റെയും ഭക്ഷണത്തിന്റെയും പേരിൽ അതിർവരമ്പുകൾ സൃഷ്ടിക്കാതെ, മനുഷ്യനെ മനുഷ്യനായി കണ്ടു മതസൗഹാർദം മുറുകെപ്പിടിച്ചു മഹത്തായ ഈ രാജ്യത്തിന്റെ ആത്മാവ് വീണ്ടെടുക്കുക തന്നെ ചെയ്യും. ആ പോരാട്ടത്തിനു ഹിമാചൽ പ്രദേശ് തുടക്കമായിരുന്നുവെങ്കിൽ നിർണായകമായ തുടർച്ചയാണ് കർണാടക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."