'ഇനി പറയാതിരിക്കാനാവില്ല, അട്ടപ്പാടിയില്‍ കോടികളുടെ ചന്ദനം മുറിച്ചുകടത്തി' മുന്‍ വനംവകുപ്പ് ജീവനക്കാരന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
ഫൈസല്‍ കോങ്ങാട്
പാലക്കാട്: അട്ടപ്പാടി വനമേഖലയില്‍നിന്ന് കോടികളുടെ ചന്ദനമരങ്ങള്‍ മുറിച്ചുകടത്തിയതായി മുന്‍ വനംവകുപ്പ് ജീവനക്കാരന്റെ വെളിപ്പെടുത്തല്‍. സര്‍വിസില്‍ ഉണ്ടായിരുന്നപ്പോള്‍ ഭയംകാരണം ഇത് പുറത്തുപറയാന്‍ കഴിഞ്ഞില്ലെന്നും ഇനി പറായാതിരിക്കാനാവില്ലെന്നും അദ്ദേഹം സുപ്രഭാതത്തിനോട് വ്യക്തമാക്കി. ജീവനില്‍ പേടിയുള്ളതുകൊണ്ട് പേര് പ്രസിദ്ധീക്കില്ലെന്ന ഉറപ്പിലായിരുന്നു വെളിപ്പെടുത്തല്‍.
ഷോളയൂര്‍, പുതൂര്‍, മൂച്ചിക്കടവ് വനമേഖലയില്‍ വ്യാപകമായിരുന്ന ചന്ദനമോഷണം അട്ടപ്പാടി ഗവ. കോളജിന് സമീപത്തെ അഹാഡ്‌സിന്റെ പല്ലിയറ വനവൃക്ഷത്തോട്ടത്തിലുമുണ്ടായി. കഴിഞ്ഞ ആറുമാസത്തിനിടയില്‍മാത്രം ഇവിടെനിന്ന് 65 മരങ്ങള്‍ മുറിച്ചു. 15 ഏക്കറുള്ള ഇവിടെനിന്ന് വേരോടെ വന്‍മരങ്ങള്‍ പിഴുതുമാറ്റിയിട്ടുമുണ്ട്. ശിരുവാണിപ്പുഴയുടെ സമീപം മലഞ്ചെരുവിലാണ് മരംകൊള്ള കൂടുതല്‍. ചെറുതുള്‍പ്പെടെ 80,000 ചന്ദനച്ചെടികള്‍ പ്രദേശത്തുണ്ടെന്നാണു വനം വകുപ്പിന്റെ കണക്ക്. എന്നാല്‍ ഇപ്പോള്‍ കണക്കെടുത്താല്‍ ഇതിന്റെ 40 ശതമാനം നഷ്ടപ്പെട്ടതായി വ്യക്തമാകുമെന്നാണ് സൂചന. രാത്രിയാണ് മരങ്ങള്‍ മുറിച്ചുകടത്തുന്നത്.
വനംവകുപ്പിന്റെ ഗൂളിക്കടവിലെ അഗളി റെയ്ഞ്ചിന്റെ ക്യാംപ് ഷെഡ് പരിസരത്തുനിന്നുപോലും ചന്ദനമരങ്ങള്‍ മുറിച്ചു. അട്ടപ്പാടിയില്‍ ആകെ 17 ചന്ദനസംരക്ഷണ മേഖലകളാണുള്ളത്. അതില്‍ ഷോളയൂര്‍, മരപ്പാലം, മുള്ളി, മൂലക്കൊമ്പ്, മല്ലികത്തോട്ടം, പുതൂര്‍ എന്നിവിടങ്ങളിലാണ് കൂടുതല്‍ മരങ്ങള്‍. മാവോവാദിഭീഷണിയും വന്യമൃഗങ്ങളുടെ ആക്രമണവും ഭയന്ന് പലപ്പോഴും വനപാലകള്‍ തിരച്ചില്‍ നടത്താറില്ല. ആവശ്യമായ ആയുധങ്ങളോ വാഹനസൗകര്യമോ ഇല്ലാത്തതിനാല്‍ ചന്ദനക്കൊള്ളക്കാരെ നേരിടാനാവില്ലെന്നാണ് വനപാലകരുടെ പക്ഷം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."