കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നവരെ പിടിക്കുന്ന സമീപനം പാടില്ല; അവിഷിത്തിനെ ഒഴിവാക്കിയത് ആക്ഷേപം ഉയര്‍ന്ന ശേഷം: കോടിയേരി
തിരുവനന്തപുരം: വയനാട്ടില്‍ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫിസ് ആക്രമിച്ചത് അത്യന്തം അപലപനീയമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എന്തെല്ലാം പ്രശ്‌നങ്ങളുണ്ടെങ്കിലും അത്തരമൊരു അക്രമം ഉണ്ടാകാന്‍ പാടില്ലായിരുന്നു. അതു ജനങ്ങളില്‍ നിന്ന് നമ്മെ അകറ്റുകയാണു ചെയ്യുക. പാര്‍ട്ടി അംഗങ്ങള്‍ ആരെങ്കിലും എംപിയുടെ ഓഫിസ് ആക്രമിച്ചവരില്‍ ഉണ്ടെങ്കില്‍ ശക്തമായ സംഘടനാ നടപടി സ്വീകരിക്കുമെന്നും കോടിയേരി പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തെ എല്ലാവരും അപലപിക്കുമ്പോള്‍, മുഖ്യമന്ത്രിയെ വിമാനത്തില്‍വെച്ച് ആക്രമിച്ചതിനെ തള്ളിപ്പറയാന്‍ യുഡിഎഫ് ഇതുവരെ തയ്യാറായിട്ടില്ല. ഇക്കാര്യത്തില്‍ രണ്ടു സമീപനമാണ് അവര്‍ക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ ഓഫീസില്‍ എസ്എഫ്ഐക്കാര്‍ അവിടെ കയറുമ്പോള്‍ അവിടെ ഗാന്ധിയുടെ ഫോട്ടോയുണ്ടെന്നും കുറച്ചുകഴിഞ്ഞാണ് അത് കാണാതാകുന്നതെന്നും കോടിയേരി പറഞ്ഞു. ആരാണ് അത് ചെയ്തതെന്ന് പോലീസ് കണ്ടെത്തണം. സാധാരണ രീതിയില്‍ എസ്എഫ്ഐ നടത്തുന്ന ഒരു സമരരീതിയല്ല അവിടെ സ്ഥീകരിച്ചത്. സ്വതന്ത്ര സംഘടനയാണ് എസ്എഫ്ഐ. അവര്‍ അത് പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഓഫിസ് ആക്രമണ കേസില്‍ ഉള്‍പ്പെട്ട അവിഷിത്തിനെആരോഗ്യ മന്ത്രിയുടെ സ്റ്റാഫില്‍ നിന്ന് ഒഴിവാക്കിയത് ആക്ഷേപം ഉയര്‍ന്ന ശേഷമാണന്നും കോടിയേരി പറഞ്ഞു. അവിഷിത്ത് കുറച്ചായി ഓഫീസില്‍ വരാറില്ലെന്നും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് മന്ത്രി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സംഭവത്തില്‍ പങ്കാളിയാണെന്ന് ആക്ഷേപം ഉണ്ടായതിനേത്തുടര്‍ന്ന് അദ്ദേഹത്തെ ഒഴിവാക്കി. ആക്ഷേപം ഉണ്ടായ ശേഷമാണ് ഒഴിവാക്കിയതെന്നും നേരത്തെതന്നെ മാറ്റി നിര്‍ത്തിയിരുന്നുവെന്നും കോടിയേരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."