കറുപ്പണിഞ്ഞ് സഭയിലെത്തി പ്രതിപക്ഷ എം.എല്‍.എമാര്‍; രാഹുലിന്റെ ഓഫിസ് ആക്രമണത്തില്‍ അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കി
തിരുവനന്തപുരം: വിവാദ വിഷയങ്ങള്‍ കത്തിനില്‍ക്കെ പതിനഞ്ചാം നിയമസഭയുടെ അഞ്ചാം സമ്മേളനത്തിന് തുടക്കമായി. നിയമസഭയില്‍ കറുത്ത ഷര്‍ട്ടും കറുത്ത മാസ്‌കും ധരിച്ചാണ് പ്രതിപക്ഷത്തെ യുവ എം.എല്‍.എമാര്‍ എത്തിയത്. ഷാഫി പറമ്പില്‍, അന്‍വര്‍ സാദത്ത്, സനീഷ് കുമാര്‍ എന്നിവരാണ് കറുപ്പണിഞ്ഞെത്തിയത്. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത പരിപാടികളില്‍ കറുത്ത മാസ്‌കിനും വസ്ത്രത്തിനുമുണ്ടായ 'അപ്രഖ്യാപിത വിലക്ക്' വലിയ ചര്‍ച്ചായിരുന്നു.
രാഹുല്‍ ഗാന്ധിയുടെ ഓഫീസിന് നേരെ നടന്ന ആക്രമണം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നോട്ടിസ് നല്‍കി. ടി. സിദ്ദിഖാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടി നോട്ടിസ് നല്‍കിയത്. ഈ വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാണ് ആവശ്യം.
സര്‍ക്കാരിനെതിരേ പ്രതിഷേധിക്കാനുള്ള നിരവധി വിഷയങ്ങള്‍ ഈ സംഭവത്തിനു മുന്നേ നിലവിലുണ്ട്. പ്രതിപക്ഷത്തെ നേരിടാന്‍ ഭരണപക്ഷവും കോപ്പുകൂട്ടിയതോടെ സഭ പ്രക്ഷുബ്ധമാകുമെന്നുറപ്പ്. മുഖ്യമന്ത്രിക്കെതിരായ സ്വര്‍ണക്കടത്ത് ആരോപണങ്ങളില്‍ പ്രതിപക്ഷം നിലപാട് കടുപ്പിക്കാനിരിക്കെയാണ് രാഹുല്‍ ഗാന്ധിയുടെ കല്‍പ്പറ്റയിലെ എം.പി ഓഫിസ് എസ്.എഫ്.ഐ അടിച്ചുതകര്‍ത്തത്. ഇത് മുഖ്യമന്ത്രിയെ പ്രഹരിക്കാനുള്ള മറ്റൊരു വടികൂടിയായി.
സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്നയുടെ വെളിപ്പെടുത്തലാവും പ്രതിപക്ഷത്തിന്റെ മുഖ്യ ആയുധം. ഇന്നത്തെ ചോദ്യോത്തരവേളയില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം നല്‍കിയ ചോദ്യങ്ങളില്‍ അതിന്റെ ധ്വനി പ്രകടമാണ്. ഏഴ് ചോദ്യങ്ങളാണ് ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയോട് ഉന്നയിക്കാന്‍ നല്‍കിയിരിക്കുന്നത്. ഇതിന് മുഖ്യമന്ത്രി മറുപടി പറയുമ്പോള്‍ സര്‍ക്കാരിന് പ്രതിരോധം തീര്‍ക്കാന്‍ ഭരണപക്ഷവും ചോദ്യം കരുതിയിട്ടുണ്ട്.
പയ്യന്നൂരില്‍ സി.പി.എം നേതാക്കള്‍ക്കെതിരായ ഫണ്ട് തട്ടിപ്പും ലോക കേരളസഭ നടക്കുമ്പോള്‍ വിവാദ വനിത അനിത പുല്ലുങ്കല്‍ സഭകെട്ടിടത്തിലെത്തിയതും ചര്‍ച്ചയാകും. ഇതിന് സ്പീക്കര്‍ മറുപടി നല്‍കേണ്ടി വരും. എന്നാല്‍ സ്വര്‍ണക്കടത്ത് വിവാദത്തില്‍ എല്ലാം മുങ്ങിപ്പോയേക്കും.
സമ്പൂര്‍ണ ബജറ്റ് പാസാക്കാന്‍ വിവിധ വകുപ്പുകളുടെ ധനാഭ്യര്‍ഥന ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കുകയാണ് സമ്മേളനത്തിന്റെ മുഖ്യ അജന്‍ഡ. ജൂലൈ 27 വരെ 23 ദിവസമാണ് സഭ ചേരുക. 13 ദിവസം ധനാഭ്യര്‍ഥന ചര്‍ച്ച.
ക്ഷീര സഹകരണ സംഘങ്ങളില്‍ നോമിനേറ്റഡ് അംഗങ്ങള്‍ക്ക് വോട്ടവകാശം അനുവദിക്കുന്ന സഹകരണ രണ്ടാം നമ്പര്‍ ഭേദഗതി ബില്‍, സ്വകാര്യ വനം നിക്ഷിപ്തമാക്കലും ഏറ്റെടുക്കലും ബില്‍ എന്നിവ ആദ്യദിവസത്തെ ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ക്ഷീര സംഘങ്ങളുമായി ബന്ധപ്പെട്ട് മന്ത്രിസഭ പാസാക്കിയ ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ തിരിച്ചയച്ച സാഹചര്യത്തിലാണ് ഈ സമ്മേളനത്തില്‍ ധൃതിപിടിച്ച് പാസാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."