സ്വര്‍ണക്കടത്ത് ദുരൂഹതകളില്‍ നിയമസഭയില്‍ ചര്‍ച്ച; അടിയന്തര പ്രമേയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യും
തിരുവനന്തപുരം: സ്വര്‍ണക്കടത്തുകേസില്‍ ചര്‍ച്ചക്കു തയാറാണെന്നു മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് നിയമസഭയില്‍ വ്യക്തമാക്കി. യു.ഡി.എഫ് പ്രതിനിധി ഷാഫി പറമ്പില്‍ നല്കിയ അടിയന്തര പ്രമേയമാണ് ഇന്ന് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യുക. ഉച്ചയ്ക്ക് ഒരു മണിക്കാണ് ചര്‍ച്ച. രണ്ടു മണിക്കൂര്‍ നേരം ഈ ചര്‍ച്ച തുടരും. കേസില്‍ ഉയര്‍ന്നുവന്ന ദുരൂഹതകളുടെ ചോദ്യമുനകള്‍ യു.ഡി.എഫ് സഭയില്‍ ഉന്നയിക്കും. വിഷയത്തിന്റെ വിവിധ വശങ്ങള് ജനങ്ങള്‍ അറിയേണ്ടതിനാല്‍ ചര്‍ച്ചയാകാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ചട്ടം 51 പ്രകാരം ഉച്ചയ്ക്ക് ഒരു മണി മുതല്‍ രണ്ടു മണിക്കൂര്‍ ആണ് ചര്‍ച്ച നടക്കുക. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് നല്കിയ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്.
ഇതിനെല്ലാം മുഖ്യമന്ത്രി മറുപടി നല്കുമെന്നുതന്നെയാണ് പ്രതീക്ഷിക്കുന്നത്. ഏറെ കാലത്തിനുശേഷമാണ് യു.ഡി.എഫ് കൊണ്ടുവരുന്ന ഒരടിയന്തര പ്രമേയം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കുന്നത്. സാധാരണ നിലയില്‍ പ്രതിപക്ഷത്തിന്റെ ആവശ്യം നിരാകരിക്കുകയും ഇതോടെ സഭ ബഹിഷ്ക്കരിച്ച് പ്രതിപക്ഷം പുറത്തേക്കുപോകുകയും ചെയ്യുന്ന കാഴ്ചയാണ് ഉണ്ടാവാറ്.
സ്വപ്നയുടെ രഹസ്യമൊഴി പിന്‍വലിക്കുന്നതിനായി സര്‍ക്കാര്‍ ഇടപെട്ടുവെന്നാണ് പ്രതിപക്ഷ ആരോപണം. രണ്ടാം പിണറായി വിജയന് സര്‍ക്കാര്‍ നിയമസഭയില്‍ ചര്‍ച്ചയ്ക്കെടുക്കുന്ന രണ്ടാമത്തെ അടിയന്തര പ്രമേയമാണിത്. നേരത്തെ സില്‍വര്‍ ലൈന്‍ വിഷയത്തില്‍ അടിയന്തര പ്രമേയം അനുവദിച്ച് ചര്‍ച്ച നടത്തിയിരുന്നു.
ദുരൂഹതകളുടെ ചുരുളഴിയുമോ എന്നറിയാനാണ് കേരളം കാത്തിരിക്കുന്നത്. അതുകൊണ്ടുതന്നെ സഭാ നടപടികള്‍ പ്രക്ഷുബ്ധമാകുമെന്നുതന്നെയാണ് ഉറപ്പാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."