അടിയേറ്റത് കോടതിയുടെ മുഖത്ത്; തല്ലിക്കോട്ടെയെന്ന് പൊലിസ് നിലപാടെടുത്തു; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി
അടിയേറ്റത് കോടതിയുടെ മുഖത്ത്; തല്ലിക്കോട്ടെയെന്ന് പൊലിസ് നിലപാടെടുത്തു; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി
കൊച്ചി: കോട്ടയം തിരുവാര്‍പ്പില്‍ ബസുടമയ്ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പൊലിസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ബസുടമയ്ക്ക് സംരക്ഷണം നല്‍കണമെന്ന് വ്യക്തമായി നിര്‍ദേശിച്ചിട്ടും സി.ഐ.ടി.യു നേതാവില്‍ നിന്ന് ബസുടമയ്ക്ക് മര്‍ദനമേല്‍ക്കേണ്ടി വന്നത് ഹൈക്കോടതിയുടെ മുഖത്തേറ്റ അടിയാണെന്ന് ജസ്റ്റിസ് എന്‍. നഗരേഷ് നിരീക്ഷിച്ചു. ഇതൊരു നാടകം ആണെന്ന ശക്തമായ തോന്നലുണ്ടെന്നു കോടതി പറഞ്ഞു. 'പോയി ഒന്നു തല്ലിക്കോളൂ.. ഞങ്ങള്‍ നോക്കിക്കൊള്ളാം' എന്ന രീതിയിലായിരുന്നു സംഭവങ്ങള്‍.
തിരുവാര്‍പ്പില്‍ ബസ് സര്‍വീസ് പുനരാരംഭിക്കാന്‍, ബസ് ഉടമയ്ക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന് ജസ്റ്റിസ് നഗരേഷിന്റെ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് നിലനില്‍ക്കെയായിരുന്നു സിഐടിയു പ്രവര്‍ത്തകര്‍ ബസ് ഉടമയെ മര്‍ദിച്ചത്. ഈ വിഷയത്തില്‍ സ്വമേധയാ കേസ് എടുത്ത കോടതി കോട്ടയം എസ്പിയോടും കുമരകം സ്‌റ്റേഷന്‍ ഹൗസ് ഓഫീസറോട് ഇന്ന് കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നു. ഇന്ന് കോടതിയില്‍ ഹാജരായപ്പോഴാണ് പൊലീസിനെതിരെ രൂക്ഷവിമര്‍ശനം കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്.
കോടതിയിലും ലേബര്‍ ഓഫിസിലും പരാജയപ്പെടുമ്പോള്‍ ആക്രമിക്കുന്നത് കേരളത്തിലെ എല്ലാ ട്രേ!ഡ് യൂണിയനുകളുടെയും സ്ഥിരം പതിവാണ്. ഹര്‍ജിക്കാരനു നേരെ ആക്രമണമുണ്ടാകാനുള്ള സാധ്യത ഏറെയായിരുന്നു. പൊലീസുകാരുടെ സാന്നിധ്യത്തിലാണ് ഈ ആക്രമണം. പൊലീസിന്റെ ഭാഗത്തുനിന്നു മനഃപൂര്‍വമായ വീഴ്ചയുണ്ടായിട്ടുണ്ടെന്നു വസ്തുതകള്‍ തെളിയിക്കുന്നെന്നു കോടതി പറഞ്ഞു.
കൃത്യവിലോപം നടത്തിയ പൊലീസുകാര്‍ക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചോ, സംഭവത്തില്‍ അന്വേഷണം ഉണ്ടായോയെന്നും കോടതി ചോദിച്ചു. സംഭവത്തില്‍ പൊലീസ് സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു. പൊലീസ് സംരക്ഷണ ഉത്തരവ് ഉണ്ടായിട്ടും എങ്ങനെ സംഘര്‍ഷം ഉണ്ടായെന്നും ഹരജിക്കാരന് എങ്ങനെ മര്‍ദനമേറ്റു എന്നീ കാര്യങ്ങള്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കാനാണ് നിര്‍ദേശം. ഹരജി ഈ മാസം പതിനെട്ടിന് കോടതി വീണ്ടും പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."