25 സെന്റ് വരെ ഭൂമി സൗജന്യമായി തരംമാറ്റാം; ഉത്തരവിട്ട് ഹൈക്കോടതി
25 സെന്റ് വരെ ഭൂമി സൗജന്യമായി തരംമാറ്റാം; ഉത്തരവിട്ട് ഹൈക്കോടതി
കൊച്ചി: 25 സെന്റ് വരെയുള്ള ഭൂമി തരംമാറ്റം സൗജന്യമാക്കണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി. കൂടുതല്‍ വിസ്തീര്‍ണമുള്ള ഭൂമി തരംമാറ്റുമ്പോള്‍ ആദ്യ 25 സെന്റിന് സൗജന്യം നല്‍കി അധിക വിസ്തീര്‍ണത്തിനുമാത്രം ഫീസിടാക്കിയാല്‍ മതിയെന്ന സിംഗിള്‍ ബഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് ശരിവച്ചു. സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരേ സര്‍ക്കാര്‍ നല്‍കിയ ഹരജി തള്ളിക്കൊണ്ടാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. ഇടുക്കി തൊടുപുഴ കാരിക്കോട് സ്വദേശിനിയുടെ 36.65 സെന്റ് ഭൂമി തരംമാറ്റുന്നതുമായി ബന്ധപ്പെട്ട സിംഗിള്‍ ബെഞ്ച് വിധിക്കെതിരെയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്.
2006ലെ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിലെ സെക്ഷന്‍ 27എ അനുസരിച്ച് 25 സെന്റ് വരെ വിസ്തീര്‍ണമുള്ള ഭൂമി തരംമാറ്റുമ്പോള്‍ ഫീസ് ഈടാക്കരുതെന്നും അതിനു മുകളില്‍ ഭൂമിക്കുമാത്രം മുഖവിലയുടെ 10 ശതമാനം വീതം ഫീസ് ഈടാക്കാമെന്നുമാണ് വ്യവസ്ഥ. അതിനാല്‍ അധികഭൂമിയുടെ ഫീസ് മാത്രമേ ഈടാക്കാവൂ എന്നായിരുന്നു പരാതിക്കാരിയുടെ വാദം. ഇതംഗീകരിച്ച സിംഗിള്‍ ബെഞ്ച് പരാതിക്കാരിയുടെ ഭൂമിയില്‍ അധികമുള്ള 11.65 സെന്റ് ഭൂമിയുടെ മുഖവിലയുടെ 10 ശതമാനം എന്ന നിരക്കില്‍ ഫീസ് നിര്‍ണയിച്ച് നല്‍കാന്‍ ആര്‍.ഡി.ഒയോട് നിര്‍ദേശിച്ചു. ഇതിനെതിരെയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്.
25 സെന്റിലധികം വിസ്തീര്‍ണമുള്ള ഭൂമി തരംമാറ്റുമ്പോള്‍ മുഴുവന്‍ ഭൂമിയുടെയും ഫീസ് അടയ്ക്കണമെന്നത് നെല്‍വയല്‍ തണ്ണീര്‍ത്തട നിയമത്തിന്റെ അന്തസത്തയ്ക്ക് നിരക്കുന്നതല്ലെന്നും വിസ്തീര്‍ണം എത്രയായാലും ആദ്യ 25 സെന്റിന് സൗജന്യം നല്‍കി അധിക വിസ്തീര്‍ണത്തിനു മാത്രം ഫീസ് ഈടാക്കിയാല്‍ മതിയെന്നും ഡിവിഷന്‍ ബെഞ്ച് ഉത്തരവില്‍ വ്യക്തമാക്കി.
വര്‍ഷങ്ങളായി തരിശുകിടക്കുന്ന ഭൂമി റവന്യൂ രേഖകളില്‍ 'നിലം' എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഭൂമി ഡേറ്റ ബാങ്കില്‍നിന്നൊഴിവാക്കണം എന്നാവശ്യപ്പെട്ട് പരാതിക്കാരി നല്‍കിയ അപേക്ഷ പരിഗണിച്ച് ഭൂമി ഡേറ്റ ബാങ്കില്‍നിന്നൊഴിവാക്കി 2021 ജനുവരി 30ന് ഉത്തരവിറക്കി. മുഴുവന്‍ ഭൂമിയുടെയും തരംമാറ്റത്തിനായി 1,74,814 രൂപ ഫീസിനത്തില്‍ അടയ്ക്കണമെന്ന് നിര്‍ദേശിച്ച് ഇടുക്കി ആര്‍.ഡി.ഒ പരാതിക്കാരിക്ക് നോട്ടിസ് അയച്ചു. എന്നാല്‍ തരംമാറ്റുന്നതിനുള്ള ഫീസ് പുനര്‍നിര്‍ണയം നടത്തണമെന്നാവശ്യപ്പെട്ട് പരാതിക്കാരി നല്‍കിയ അപേക്ഷ നിരസിച്ചതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."