സര്‍ക്കാര്‍ കോളേജുകളില്‍ 36 പ്രിന്‍സിപ്പല്‍മാര്‍ക്ക് താത്ക്കാലിക നിയമനം
തിരുവനന്തപുരം: സര്‍ക്കാര്‍ കോളേജുകളില്‍ 36 പ്രിന്‍സിപ്പാള്‍മാര്‍ക്ക് താല്‍ക്കാലിക നിയമനം നല്‍കി. വിരമിച്ച അഞ്ചുപേരും നിയമനം വേണ്ട എന്ന് ആവശ്യപ്പെട്ട രണ്ടുപേരും ഒഴികെയുള്ളവര്‍ക്കാണ് നിയമനം നല്‍കിയത്. ഇത് സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി.നാളേക്കകം നിയമനം ഉറപ്പാക്കണമെന്ന് സര്‍ക്കാറിന് ട്രൈബ്യൂണലിന്റെ കര്‍ശന നിര്‍ദ്ദേശം ഉണ്ടായിരുന്നു. സ്ഥിരം പ്രിന്‍സിപ്പാള്‍ നിയമനത്തിന് നടപടിക്രമങ്ങള്‍ എത്രയും വേഗം ആരംഭിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി അറിയിച്ചു.
ഈ മാസം മൂന്നാം തിയതിയാണ് 43 അംഗ പട്ടികയില്‍ നിന്നും താല്‍ക്കാലിക നിയമനം നല്‍കണമെന്ന് ട്രൈബ്യൂണല്‍ ഉത്തരവിറക്കിയത്. പിറ്റേന്ന് തന്നെ നിയമനം നടത്തുമെന്ന ഉറപ്പ് ഉന്നതവിദ്യാഭ്യാസ മന്ത്രിയും നല്‍കി. എന്നാല്‍ നിയമനത്തില്‍ കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ട് എന്നാണ് ഇപ്പോള്‍ സര്‍ക്കാരിന്റെ നിലപാട്. 43 അംഗ പട്ടികയില്‍ 5 അധ്യാപകര്‍ വിരമിച്ചവരാണ്. ഇവരുടെ നിയമനം സംബന്ധിച്ച കാര്യത്തില്‍ എങ്ങനെ മുന്നോട്ടു പോകണം എന്ന് ആരാഞ്ഞ് സര്‍ക്കാര്‍ ട്രൈബ്യൂണലിനെ സമീപിച്ചു. പുതുപ്പള്ളി തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന്റെ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയത്.
പെരുമാറ്റച്ചട്ടം നിലനില്‍ക്കുമ്പോള്‍ നിയമനം നടത്തിയാല്‍ അത് ചട്ടലംഘനമാകുമോ എന്നാണ് സര്‍ക്കാരിന്റെ ചോദ്യം. രണ്ട് കത്തുകള്‍ക്കും മറുപടി ലഭിച്ചതിനുശേഷം നിയമനടപടികളുമായി മുന്നോട്ടു പോകാമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. കൂടുതല്‍ പ്രതിസന്ധി ഒഴിവാക്കാനാണ് ഇടപെടലെന്നും വിശദീകരണമുണ്ട്. എന്നാല്‍ നിയമനം മനഃപൂര്‍വം വൈകിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം എന്ന് അധ്യാപകര്‍ കുറ്റപ്പെടുത്തിയിരുന്നു.
Content Highlights:temporary appointment of 36 principals in government colleges kerala
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."