ജീവിതത്തിലെ കണക്കുകള്‍
ഉൾക്കാഴ്ച
മുഹമ്മദ്
'വലിയൊരു കമ്പനിയില്‍ ഉയര്‍ന്നൊരു തസ്തിക ഒഴിവുണ്ട്. ഒരു ലക്ഷം രൂപ ശമ്പളം. യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.'
പരസ്യം പത്രങ്ങളിലും സമൂഹമാധ്യമങ്ങളിലും പ്രചരിച്ചതോടെ നിരവധി അപേക്ഷകള്‍ വന്നു. എല്ലാം പരിഗണിക്കുക സാധ്യമല്ലല്ലോ. കമ്പനി ഉടമകള്‍ ഏറ്റവും മികച്ച പത്തു ബയോഡാറ്റകളാണ് തെരഞ്ഞെടുത്തത്. കേവലം അഞ്ചു മിനുട്ട് മാത്രം നീണ്ടുനില്‍ക്കുന്നതായിരുന്നു ഇന്റര്‍വ്യൂ. ചോദിച്ച ചോദ്യമാകട്ടെ അതിലളിതവും.
ചോദ്യമിതാണ്: 'അഞ്ചും അഞ്ചും എത്ര..?'
ചോദ്യം കേട്ട ഉദ്യോഗാര്‍ഥികള്‍ക്കു ചിരിവന്നു. കമ്പനി തങ്ങളെ ഇത്രയ്ക്കു കൊച്ചാക്കി കാണുകയാണോ എന്നുപോലും അവര്‍ക്കു തോന്നി. എന്നിരുന്നാലും അവര്‍ മറുപടി പറയാതിരുന്നില്ല. പത്തില്‍ ഒമ്പതു പേരും പറഞ്ഞു: പത്ത്.
എന്നാല്‍ കൂട്ടത്തില്‍ ഒരാള്‍ മാത്രം പറഞ്ഞു: 'ചോദ്യം വ്യക്തമല്ലാത്തതുകൊണ്ട് കൃത്യമായ മറുപടി തരാന്‍ പ്രയാസമുണ്ട്. കേവലം ഗണിതപരമായ ഒരു ചോദ്യം മാത്രമാണ് ഇതെങ്കില്‍ ഉത്തരം പത്തു എന്നുതന്നെ. ഇനി അഞ്ചു തൊഴിലാളികള്‍ക്ക് അഞ്ചു മാനേജര്‍മാര്‍ എന്നതാണ് അഞ്ചും അഞ്ചും എന്നതുകൊണ്ടുള്ള ഉദ്ദേശ്യമെങ്കില്‍ പത്ത് എന്നല്ല; കഴിവുകേട് എന്നതാണ് ഉത്തരം. കത്തിക്കൊണ്ടിരിക്കുന്ന അഞ്ചു വിറകുകളിലേക്ക് അഞ്ചു ലിറ്റര്‍ മണ്ണെണ്ണ കൂടിയാല്‍ എത്രയായിരിക്കും എന്നതാണു ചോദ്യോദ്ദേശ്യമെങ്കില്‍ ഉത്തരം ചാരം എന്നുമാണ്. ഈ അഞ്ചും അഞ്ചും എന്താണെന്നറിഞ്ഞാലേ എത്രയാണെന്ന് ഉത്തരം പറയാന്‍ കഴിയൂ...'
മറുപടി കേട്ട കമ്പനി ഉടമകള്‍ക്കു വല്ലാത്ത സന്തോഷം. ഒട്ടം വൈകാതെ അദ്ദേഹത്തിനു ഉയര്‍ന്ന തസ്തിക തന്നെ നല്‍കി.
ഒന്നാം ക്ലാസുകാരനോടു ചോദിക്കുന്ന ചോദ്യം പത്താം ക്ലാസുകാരനോടു ചോദിച്ചാല്‍ ഒരിക്കലും ഒന്നാം ക്ലാസുകാരന്റെ മറുപടിയല്ല, പത്താം ക്ലാസുകാരന്റെ മറുപടിയാണു നല്‍കേണ്ടത്. ചോദ്യം എന്തുമാകട്ടെ സാഹചര്യങ്ങള്‍ക്കും വ്യക്തികള്‍ക്കും അനുസരിച്ച് മറുപടികള്‍ വരണം. ചിലപ്പോള്‍ ചോദ്യം അതിലളിതമായിരിക്കാം. എന്നാല്‍ അതിനു നല്‍കുന്ന മറുപടി അതുപോലെ ലളിതമാവരുത്. നിലവാരം നോക്കിവേണം മറുപടി പറയാന്‍. പത്തില്‍ ഒമ്പതുപേരും മേല്‍കൊടുത്ത ചോദ്യത്തിന് ഒന്നാം ക്ലാസുകാരുടെ മറുപടി പറഞ്ഞതാണ് അവസരം നഷ്ടപ്പെടാന്‍ കാരണമായത്. ഒരു പ്രശ്‌നത്തെ ചെറിയ കുട്ടികള്‍ കൈകാര്യം ചെയ്യുന്നപോലെ കൈകാര്യം ചെയ്താല്‍ ഉന്നതര്‍ക്ക് ഉന്നതി നഷ്ടമാകും. ഉന്നതന്മാര്‍ ഉന്നതമായ നിലയിലാണ് അതിനെ കൈകാര്യം ചെയ്യേണ്ടത്.
ഗണിതശാസ്ത്രത്തിലെ ചോദ്യങ്ങള്‍ക്കു കൃത്യമായ മറുപടികള്‍ നല്‍കാന്‍ കഴിയും. എന്നാല്‍ അതേ ചോദ്യം ജീവിതത്തിലേക്കു വരുമ്പോള്‍ ഉത്തരങ്ങള്‍ വ്യത്യാസപ്പെടുമെന്നാണ്. കൂട്ടലും കുറയ്ക്കലും ഗുണിക്കലു ഹരിക്കലും ഏതു വിദ്യാര്‍ഥിക്കും കഴിയുമായിരിക്കാം. എന്നാല്‍ ജീവിതത്തില്‍ പ്രതിഭാശാലികള്‍ക്കും അകക്കാഴ്ചയുള്ളവര്‍ക്കും മാത്രമേ അതിനു കഴിയുകയുള്ളൂ. പത്തും പത്തും ഇരുപതാണെന്ന് ഗണിതശാസ്ത്രത്തില്‍ ഉത്തരം പറയാം. എന്നാല്‍, ജീവിതത്തില്‍ അതിനുള്ള ഉത്തരം ഇരുപതായിരിക്കില്ല. ചിലപ്പോള്‍ വട്ടപ്പൂജ്യമായിരിക്കും. വേറെ ചിലപ്പോള്‍ നൂറോ നൂറു കോടിയോ ആയിരിക്കും.
പത്ത് ഉദ്യോഗസ്ഥന്മാരുള്ള കമ്പനിയില്‍നിന്ന് ഒരാളെ ഒഴിവാക്കിയാല്‍ ബാക്കി കമ്പനിക്ക് ഒമ്പതു പേരാണുള്ളതെന്ന് ഗണിതശാസ്ത്രം പറയും. എന്നാല്‍ രണ്ടുമൂന്നാഴ്ച കഴിഞ്ഞ് കമ്പനി മേധാവിയോടു ചോദിച്ചാല്‍ അവന്റെ ഉത്തരം ഒമ്പതെന്നല്ല, വട്ടപ്പൂജ്യം എന്നായിരിക്കും. കാരണം, ഒഴിവാക്കപ്പെട്ട ആ ഉദ്യോഗസ്ഥനായിരിക്കാം കമ്പനിയുടെ എല്ലാമെല്ലാം. അതറിയാതെ അയാളെ പറഞ്ഞുവിട്ടപ്പോള്‍ കമ്പനി പൂട്ടിപ്പോകേണ്ട സ്ഥിതിയിലേക്കു കാര്യങ്ങള്‍ മാറിയേക്കും.
മരണത്തോടു മല്ലിട്ടുകൊണ്ടിരിക്കുന്ന വ്യക്തിയുടെ ജീവന്‍ രക്ഷിക്കാനായി ഒരാള്‍ തന്റെ പക്കല്‍ ആകെയുണ്ടായിരുന്ന ആയിരം രൂപ ചെലവിട്ടാല്‍ ബാക്കി അയാളുടെ കൈയില്‍ എത്രയുണ്ടാകുമെന്ന ചോദ്യത്തിനു ഗണിതത്തിലുള്ള ഉത്തരം പൂജ്യമെന്നാണ്. എന്നാല്‍ അകക്കണ്ണുള്ളവര്‍ പറയും: പൂജ്യമല്ല, അയാളിപ്പോള്‍ വന്‍ നിക്ഷേപമുള്ള മനുഷ്യനായിരിക്കുന്നു...!
അയാള്‍ ആത്മാര്‍ഥമായ ചെയ്ത ആ ഔദാര്യത്തിനു ദൈവം അയാള്‍ക്കു നല്‍കാനിരിക്കുന്ന പ്രതിഫലത്തിനു കണക്കുണ്ടാവില്ല. അയാളുടെ കൈയില്‍ ഇപ്പോള്‍ ഒന്നുമില്ലെന്നു പറയരുത്. അയാളുടെ കൈയിലാണ് എല്ലാമുള്ളത്.
അര്‍ഹമായ നൂറു രൂപയിലേക്ക് അനര്‍ഹമായ ഒരുരൂപ വന്നാല്‍ എത്രയുണ്ടാകുമെന്ന ചോദ്യത്തിനു ഗണിതത്തിലുള്ള ഉത്തരം നൂറ്റിഒന്ന് എന്നായിരിക്കും. എന്നാല്‍, ബുദ്ധിമതികള്‍ പറയുന്ന ഉത്തരം മറ്റൊന്നാണ്. അവര്‍ പറയും; അര്‍ഹമായതിലേക്ക് അനര്‍ഹമായതു കൂടിയാല്‍ കൂടുകയല്ല, കുറയുകയാണു ചെയ്യുക. ആ കുറവ് എത്രയാണെന്ന് ഇപ്പോള്‍ പറയാന്‍ പറ്റില്ല. കുറഞ്ഞ ശേഷമേ കൃത്യമായ ഉത്തരം പറയാന്‍ പറ്റുകയുള്ളൂ. ചിലപ്പോള്‍ മൂലധനം പോലും നഷ്ടപ്പെട്ടുപോകുന്ന വിധത്തിലേക്ക് ആ കുറവ് വ്യാപിച്ചെന്നിരിക്കും.
കണക്കുകൂട്ടലുകള്‍ പിഴച്ചു എന്നൊക്കെ നാം പറയാറില്ലേ. ജീവിതത്തില്‍ ഗണിതത്തിലേതു പോലെ കൂട്ടാനോ കുറയ്ക്കാനോ കഴിയില്ല. ജീവിത്തിലുള്ള കണക്കുകളുടെ ഫലം നാം പ്രതീക്ഷിക്കുന്നതിനുമപ്പുറത്തായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."