നീറ്റ് പരീക്ഷക്കെത്തിയ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രമഴിപ്പിച്ച സംഭവം: രണ്ട് അധ്യാപകര്‍ അറസ്റ്റില്‍
കൊല്ലം: കൊല്ലത്ത് നീറ്റ് പരീക്ഷക്കെത്തിയ വിദ്യാര്‍ഥികളുടെ അടിവസ്ത്രം അഴിപ്പിച്ച കേസില്‍ നടത്തിപ്പ് ചുമതല ഉണ്ടായിരുന്ന രണ്ട് അധ്യാപകര്‍ അറസ്റ്റില്‍. എന്‍ ടി എ ഒബ്‌സര്‍വര്‍ ഡോക്ടര്‍ ഷംനാദ്, സെന്റര്‍ കോഡിനേറ്റര്‍ പ്രൊഫസര്‍ പ്രിജി കുര്യന്‍ ഐസക് എന്നിവരാണ് അറസ്റ്റിലായത്. അടിവസ്ത്രം പരിശോധിക്കാന്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയത് ഇവരാണെന്ന് പൊലിസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ പൊലിസിന് ലഭിച്ചു. ഇരുവരും ആയുര്‍ മാര്‍ത്തോമ കോളേജിലെ നീറ്റ് പരീക്ഷയുടെ ചുമതലക്കാരനും സഹ ചുമതലക്കാരനുമായിരുന്നു.
നീറ്റ് പരീക്ഷയ്ക്ക് എത്തിയ പെണ്‍കുട്ടികളെ അടിവസ്ത്രം അഴിച്ച് പരിശോധിച്ചതിന്, ഏജന്‍സി ദിവസ വേതനത്തിന് നിയോഗിച്ച മൂന്ന് ജീവനക്കാരടക്കം അഞ്ചു പേരെ നേരത്തെ പിടികൂടിയിരുന്നു. പരീക്ഷാ നടത്തിപ്പിന്റെ ഭാഗമായി എത്തിയ ജോസ്‌ന, ജോബി, ബീന, ഗീതു, കോളജിലെ ക്ലീനിങ് ജീവനക്കാരായ എസ് മറിയം, കെ മറിയം എന്നിവരാണ് അറസ്റ്റിലായത്. സിസിടിവി ദൃശ്യങ്ങളുടെയും പെണ്‍കുട്ടി നല്‍കിയ മൊഴിയുടെയും അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.
എന്നാല്‍ ഏജന്‍സിയിലെ തന്നെ ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശപ്രകാരം അല്ലാതെ ജീവനക്കാര്‍ ഇത്തരമൊരു നടപടി സ്വീകരിക്കില്ല എന്നാണ് പൊലിസിന്റെ കണ്ടെത്തല്‍. തിരുവനന്തപുരം സ്റ്റാര്‍ ഏജന്‍സിയിലെ ജീവനക്കാരെയും ഏജന്‍സി കരാര്‍ മറിച്ചു നല്‍കിയ കരുനാഗപ്പള്ളി സ്വദേശിയേയും ചോദ്യം ചെയ്യാനാണ് പൊലിസിന്റെ തീരുമാനം. കരുനാഗപ്പള്ളി സ്വദേശിയായ അരവിന്ദാക്ഷന്‍ പിള്ള ആവശ്യപ്പെട്ടതനുസരിച്ചാണ് എട്ട് പേരെ ഏര്‍പ്പാടാക്കി നല്‍കിയതെന്ന് കരാര്‍ ഏറ്റെടുത്ത ജോബി ജീവന്‍ പറഞ്ഞു. പ്രതിഫലമായി നാലായിരം രൂപയും നല്‍കി.
സംഭവത്തില്‍ പരീക്ഷാ സെന്റര്‍ സൂപ്രണ്ട് ഉള്‍പ്പടെയുള്ളവരെ ചോദ്യംചെയ്തിരുന്നു. കോളജില്‍ ഇത്തരത്തിലൊരു സംഭവമുണ്ടായിട്ടില്ലെന്നാണ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിക്ക് സൂപ്രണ്ട് നല്‍കിയ വിശദീകരണം. സാധാരണക്കാരായ ജീവനക്കാരെ മാത്രം അറസ്റ്റ് ചെയ്ത് കേസ് ഒതുക്കുകയാണെന്നും ആരോപണമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."