കുറ്റിപ്പുറം നിക്ഷേപ തട്ടിപ്പ്: അബ്ദുൽ നൂർ വീണ്ടും അറസ്റ്റിൽ പിടിയിലായത് ഒൻപത് വർഷങ്ങൾക്ക് ശേഷം
കുറ്റിപ്പുറം (മലപ്പുറം) •ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നിന്ന് കോടികണക്കിന് രൂപയുടെ നിക്ഷേപം സ്വീകരിച്ച് തട്ടിപ്പ് നടത്തിയ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി പിടിയിൽ. കുറ്റിപ്പുറം തെക്കേഅങ്ങാടി കമ്പാല വീട്ടിൽ അബ്ദുൽ നൂർ(45)ആണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാകാതെ മുങ്ങി നടന്നിരുന്ന ഇയാളെ ഇന്നലെ കുറ്റിപ്പുറത്തെ വീട്ടിൽ നിന്നാണ് പൊലിസ് പിടികൂടിയത്.
ഒൻപത് വർഷത്തെ ഇടവേളക്ക് ശേഷമാണ് വീണ്ടും ഇയാൾ അറസ്റ്റിലാകുന്നത്. കേസിലെ മുഖ്യപ്രതിയായ അബ്ദുൽ നൂറിനെ ഇത് മൂന്നാം തവണയാണ് പൊലിസ് അറസ്റ്റ് ചെയ്യുന്നത്. 2008 നവംബറിലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ നൂർ 2013 ൽ വീണ്ടും അറസ്റ്റിലായിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങി വിദേശത്തേയ്ക്ക് കടക്കുകയായിരുന്നു. കുറ്റിപ്പുറം ഉൾപ്പെടെ മലപ്പുറം ജില്ലയുടെ പല പ്രദേശങ്ങളിൽ നിന്ന് കോടികൾ നിക്ഷേപമായി സ്വീകരിച്ച് നൂറു കണക്കിന് പേരേയാണ് അബ്ദുൽനൂർ തട്ടിപ്പിന് ഇരയാക്കിയത്. മദ്റസ അധ്യാപകനായിരുന്ന അബ്ദുൽ നൂർ തട്ടിപ്പിനായി തെരെഞ്ഞടുത്തത് മദ്റസ അധ്യാപകരേയും സാധാരണക്കാരേയുമാണ്. കേസിൻ്റെ ആദ്യഘട്ടത്തിൽ പ്രതിയുടെ കുറ്റിപ്പുറത്തെ ഓഫിസിൽ പൊലിസ് നടത്തിയ പരിശോധനയിൽ വിദേശ കറസികളും ഒരു കോടി രൂപയും തോക്കും പിടിച്ചെടുത്തിരുന്നു. 200 ഓളം കേസുകളിലെ പ്രതിയാണ് അറസ്റ്റിലായ അബ്ദുൽ നൂർ. എസ്.ഐ സജീഷ്, സിവിൽ പൊലിസ് ഓഫിസർ സുനിൽ ബാബു, ബിജു, രഞ്ജിത്ത് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."