HOME
DETAILS

സോളാറിൽ 'പ്രതികളായ'മാധ്യമങ്ങൾ മാപ്പുപറയുമോ?

  
backup
September 13 2023 | 17:09 PM

todays-article-in-sep-2023

ദാമോദർ പ്രസാദ്

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പൊതുജീവിതത്തെ കളങ്കപ്പെടുത്താൻ നടത്തിയ രാഷ്ട്രീയ ഗൂഢാലോചനയിൽ കേരളത്തിലെ മാധ്യമങ്ങളും പങ്കുചേർന്നിരുന്നുവോ എന്ന ഗൗരവപ്പെട്ട പ്രശ്നവും സോളാർ ചർച്ചകളിൽ വിഷയമാക്കേണ്ടതുണ്ട്. സോളാറിലെ കെട്ടുകഥ നിർമാണത്തിൽ പങ്കുണ്ടെന്ന ആരോപണം ഏതാനും രാഷ്ട്രീയക്കാരിൽ ഒതുക്കിനിർത്തേണ്ടതാണോ? കേരളത്തിലെ മാധ്യമങ്ങളുടെ, പ്രത്യേകിച്ച്, ദൃശ്യ- ഓൺലൈൻ മാധ്യമങ്ങളുടെ അകമ്പടിയില്ലാതെ ഈ ആരോപണം സമൂഹത്തിൽ വേണ്ടവിധം കേൾവിപ്പെടുമായിരുന്നില്ല.


സോളാറിലെ സി.ബി.ഐ റിപ്പോർട്ടിനെക്കുറിച്ച് മലയാളത്തിലെ സ്വകാര്യ ചാനലിൽ നടന്ന ചർച്ചയിൽ കുറ്റസമ്മതത്തിന്റെ സ്വഭാവത്തിലല്ലെങ്കിലും ചർച്ച നയിക്കവേ അവതാരകൻ എൽ.ഡി.എഫ് പ്രതിനിധിയോട് പറയുന്നുണ്ടായിരുന്നു സോളാർ വിവാദത്തിൽ മാധ്യമങ്ങളും അന്നത്തെ പ്രതിപക്ഷവും ഒരുമിച്ചാണ് ഒഴുകിയതെന്ന്. 'ഒത്തൊരുമിച്ചുള്ള ഒരു ഗാനം പാടലായി'രുന്നു സോളാർ ആരോപണമെന്നാണ് ഇതിന്റെ വിവക്ഷ. മാധ്യമങ്ങളുടെ പ്രതിപക്ഷ പ്രവർത്തനമെന്നാൽ രാഷ്ട്രീയസംവിധാനത്തിലെ പ്രതിപക്ഷത്തിന്റെ കൂടെ തുഴയുക എന്നതല്ല. മാധ്യമങ്ങൾക്ക് വേണ്ടത് സ്വതന്ത്ര നിലപാടുകളാണ്. ജനാധിപത്യത്തിൽ ഇത് അധികാരത്തോടുള്ള വിമതനിലപാടുകളാണ്.


സോളാർ കേസ് എന്നറിയപ്പെട്ടിരുന്ന ഈ വിവാദത്തിനു രണ്ടുവശമുണ്ട്. ഒന്ന്, സാമ്പത്തിക തട്ടിപ്പ്. രണ്ട്, നേതാക്കൾക്കെതിരേയുള്ള ലൈംഗികാരോപണം. ഇതിൽ രണ്ടാമത്തെ ആരോപണമാണ് കേരളത്തിൽ ഏറെ പൊലിപ്പിക്കപ്പെട്ടത്. ദൃശ്യമാധ്യമ ചർച്ചകൾ വെറും അശ്ലീല ചർച്ചയായി മാറുന്ന സ്ഥിതിവരെയുണ്ടായി. ഇത്തരം ദുഷിച്ച പ്രവണതകൾ മാധ്യമങ്ങളിൽ പ്രത്യക്ഷമാകുന്നത് ആദ്യമായിട്ടല്ല. ഐ.എസ്.ആർ.ഒ ചാരക്കേസ് ഇതിന് ഉദാഹരണമായി പലരും ചൂണ്ടിക്കാട്ടാറുണ്ട്. സെക്‌സും സ്റ്റണ്ടും ഗൂഢാലോചനയും ചാരപ്രവർത്തനവും സ്തോഭം സൃഷ്ടിക്കുന്ന വെളിപ്പെടുത്തലുകളെല്ലാം വായനക്കാരെയും പ്രേക്ഷകരെയും ആകർഷിക്കാനുള്ള ഘടകങ്ങളാണ്. പക്ഷേ, ഇതിന് പലപ്പോഴും കുരുതിനൽകപ്പെടുന്നത് വ്യക്തികളുടെയും അവരുടെ പ്രിയപ്പെട്ടവരുടെയും സ്വകാര്യതയും അന്തസുമാണ്.


ചാരക്കേസുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തനത്തെക്കുറിച്ച് കേരളത്തിലെ പൊതുമണ്ഡലത്തിൽ ഏറെ വിമർശനങ്ങൾ ഉയർന്നിട്ടും ഇതിൽനിന്ന് ഒരു പാഠവും പഠിക്കാതെ വ്യക്തികളെ വീണ്ടും അധിക്ഷേപിക്കാനും തേജോവധം ചെയ്യാനും മാധ്യമങ്ങൾ ഒരു മടിയും കാണിക്കുന്നില്ല. എന്തുകൊണ്ടാണ് ഈ മാധ്യമധാർഷ്ട്യം അറുതിവരാതെ തുടരുന്നത്. സ്വയം നിയന്ത്രിക്കുന്നതിൽ മാധ്യമങ്ങൾ ആവർത്തിച്ചു വീഴ്ചവരുത്തുന്നുവെന്ന സ്ഥിതിക്ക് നിയന്ത്രണത്തിനായി സംവിധാനം ആലോചിക്കേണ്ടിവരുമെന്നാണ് പൊതുവേ മാധ്യമപ്രവർത്തനത്തിനോട് ഉദാരസമീപനം സ്വീകരിക്കുന്ന സുപ്രിംകോടതിക്കുതന്നെ ദിവസങ്ങൾക്ക് മുൻപ് പറയേണ്ടിവന്നിരിക്കുന്നത്.


സോളാർ കേസിലെ തെറ്റായ റിപ്പോർട്ടുകൾക്ക് കേരളത്തിലെ ഏതെങ്കിലും മാധ്യമം മാപ്പു പറഞ്ഞിട്ടുണ്ടോ? തെറ്റുസംഭവിച്ചതിന് മാധ്യമപ്രവർത്തകർ പരസ്യ കുറ്റസമ്മതം നടത്തുന്നത് ശ്രദ്ധയിൽ എപ്പോഴെങ്കിലും വന്നിട്ടുണ്ടോ? ഉണ്ടാകാൻ വഴിയില്ല. അപൂർവങ്ങളിൽ അപൂർവമായി മാത്രമായിരിക്കും ഏതെങ്കിലും മാധ്യമപ്രവർത്തകൻ അങ്ങനെ ചെയ്തിട്ടുണ്ടാവുക. ന്യായാധിപസ്ഥാനത്തിന് തത്തുല്യമായി വിധികൽപ്പിക്കാനുള്ള ഉത്തരവാദിത്വം സമൂഹം, 'മാധ്യമ സ്വാതന്ത്ര്യം' എന്നതിലൂടെ തങ്ങളിൽ ഏൽപ്പിക്കപ്പെട്ടിരിക്കുന്നുവെന്ന വലിയ തെറ്റിദ്ധാരണ പേറുന്നവരാണ് ഒരു വിഭാഗം മാധ്യമപ്രവർത്തകർ. ഈ പ്രതീതിയാണ് മാധ്യമ വിചാരണകളിലും വിധികൽപനകളിലും സൃഷ്ടിക്കപ്പെടുന്നത്.


സോളാർ കേസിലെ ഏതാനും ചില മാധ്യമ റിപ്പോർട്ടിങ് സംഭവങ്ങൾ മലയാളി ദൃശ്യമാധ്യമ പ്രേക്ഷകന്റെ മനസിൽ നിറഞ്ഞുനിൽക്കുന്നുണ്ടാവും. സോളാർ കേസിൽ പ്രതി ബിജു രാധാകൃഷ്‍ണന്റെ മൊഴി പ്രകാരമുള്ള സി.ഡി അന്വേഷിച്ചുള്ള കോയമ്പത്തൂർ യാത്രയാണ് അതിൽ പ്രധാനം. കേരളത്തിലെ ദൃശ്യമാധ്യമങ്ങളുടെ ചരിത്രത്തിൽ ഇത്രയും അസംബന്ധപൂർണമായ മറ്റൊരു തത്സമയ സംപ്രേഷണവുമുണ്ടാകാൻ ഇടയില്ല. എങ്കിലും, ഇത്തരം സംഭവങ്ങൾ മാധ്യമങ്ങൾ ആവർത്തിക്കില്ല എന്നതിന് എന്തുറപ്പാണുള്ളത്? ഒരു മാധ്യമപ്രവർത്തകനെങ്കിലും ഇതുപോലെയുള്ള അസംബന്ധത്തെക്കുറിച്ചു സ്വന്തം സ്ഥാപനങ്ങൾക്കുള്ളിൽ പ്രതിഷേധമുയർത്തിയിട്ടുണ്ടാവുമോ? ഉണ്ടെങ്കിൽ ഈ വിധമുള്ള പ്രേക്ഷക സമയത്തെയും ശ്രദ്ധയെയും ദുരുപയോഗം ചെയ്ത തീരുമാനത്തിനു പിന്നിലെ വസ്തുതകൾ വെളിപ്പെടുത്തേണ്ടതുണ്ട്.


മറ്റൊരു സംഭവവും ഓർക്കുന്നുണ്ടാവാം. സോളാർ കേസിൽ ഉമ്മൻ ചാണ്ടിക്കെതിരേ ആരോപണം ഉന്നയിച്ച വ്യക്തിയും ആ വ്യക്തിയുടെ അഭിഭാഷകനും നടത്തിയ പത്രസമ്മേളനമാണ്. കേരളത്തിലെ ദൃശ്യമാധ്യമ കാമറകൾ സൂം ലെൻസിന്റെ പരമാവധി കാഴ്ചശേഷി പരിശോധിച്ച സാങ്കേതിക സംഭവം കൂടിയാണിത്. ആരോപണം ഉന്നയിച്ച വ്യക്തിയുടെ കൈയിലുണ്ടായിരുന്ന കത്തിലുള്ള പേരുകാർ ആരൊക്കെയാണ് എന്നതു സൂം ചെയ്ത് ബ്രേക്കിങ് ന്യുസ് നൽകാനുള്ള തിടുക്കത്തിലായിരുന്നു ദൃശ്യമാധ്യമങ്ങൾ. വ്യക്തികൾ എന്ന നിലയിൽ ഈ മാധ്യമപ്രവർത്തകർക്ക് ആത്മാഭിമാനം മിച്ചം വല്ലതും അവശേഷിച്ചിട്ടുണ്ടെങ്കിൽ സ്വയമൊരു നാണക്കേട് ഈ ഘട്ടത്തിലെങ്കിലും തോന്നേണ്ടതാണ്.

അതിനുള്ള സാധ്യത തുലോം കുറവാണ്. തീവ്ര മത്സരത്തിൽ ഏർപ്പെട്ടിരിക്കുന്ന മാധ്യമങ്ങൾക്ക് ഇത്തരമൊരു സന്ധിയിൽ മറ്റൊരു തിരഞ്ഞെടുപ്പും സാധ്യമല്ലെന്നുള്ള പതിവ് മറുപടിയാണ് അവർ സ്വയം ന്യായീകരണമായി ചമയ്ക്കുക. ഇതിന്റെ അർഥം ഏതെങ്കിലും ഒരു വാർത്താ ചാനൽ അസംബന്ധം നിർവഹിക്കുന്നുണ്ടെങ്കിൽ അതിന്റെ വാനരാനുകരണമാണ് മറ്റു ചാനലുകൾ നടത്തേണ്ടതെന്നുള്ള വാദം വാസ്തവത്തിൽ മാധ്യമങ്ങളിലെ എഡിറ്റോറിയൽ തീരുമാന നിർണയങ്ങളെ തന്നെ പരിഹാസ്യമാക്കുന്നു. വാസ്തവത്തിൽ, മാധ്യമപ്രവർത്തനത്തെക്കുറിച്ച് വ്യക്തതയുമുള്ള ഒരു എഡിറ്ററുടെയോ പത്രാധിപസമിതിയുടെയോ അഭാവമാണ് ഇതിൽ നിന്ന് വ്യക്തമാവുന്നത്.


പാർട്ടിക്കൂറ് പുലർത്തുന്ന ചാനൽ, സോളാർ വിവാദ കാലത്ത് ദിവസം മുഴുവൻ പരസ്യം നൽകിയത് രാത്രി ചർച്ചയിൽ അവർ പുറത്തുവിടാൻ പോകുന്ന വലിയ വെളിപ്പെടുത്തലിന്റെ ചിത്രം സംബന്ധിച്ചാണ്. പുറത്തുവിട്ടതോ പൊതുപരിപാടിയുടെ ഭാഗമായുള്ള ഒരു ചിത്രവും. ഈ ഫോട്ടോ വലിയ വെളിപ്പെടുത്തലാണെങ്കിൽ സമാനമായി എത്ര ഫോട്ടോകൾ പിൽക്കാലത്ത് മറ്റു നേതാക്കളുടെ സാന്നിധ്യമുള്ള ചിത്രങ്ങളായി പുറത്തുവന്നു. ഇത്തരം റേറ്റിങ് കെട്ടുകാഴ്ചകൾ (rating spectacle) ചാനലുകൾ തന്നെ യു റ്റ്യുബിലൂടെ വാണിജ്യലക്ഷ്യംവച്ചു വിന്യസിക്കുകയും ചെയ്യുന്നു.

മാധ്യമങ്ങൾക്ക് സംഭവിച്ച നൈതികഭ്രംശത്തിനുള്ള മറ്റൊരുദാഹരണമാണിത്.
ഇത് മാധ്യമപ്രവർത്തനത്തെക്കുറിച്ച് മാത്രമല്ല മാറിക്കൊണ്ടിരിക്കുന്ന പ്രേക്ഷകരുടെ സാമൂഹിക മനഃശാസ്ത്രത്തെക്കുറിച്ചുമുള്ള സൂചനകളും നൽകുന്നു. കെട്ടുകാഴ്ചയിലും ചർച്ചകളിലെ വാചകക്കസർത്തിലും വിചാരണകളിലും അഭിനിവേശിതരായ പ്രേക്ഷകസമൂഹം ഇവിടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. കാഴ്ചകളിൽ അഭിരമിക്കുന്ന ഈ സമൂഹം വായനയെ വളരെ മുമ്പേ ബഹിഷ്‌കരിച്ചവരാണ്. ഇവരെ മെരുക്കിയെടുക്കുകയാണ് മാധ്യമങ്ങളും രാഷ്ട്രീയ, സാമൂഹിക നിരീക്ഷണം നടത്താനായി ദൃശ്യമാധ്യമങ്ങളിലേക്കു ക്ഷണിക്കപ്പെടുന്നവരും ചെയ്യുന്ന പ്രധാന വേല. കേരളത്തിലെ പൊതുസമൂഹത്തിന്റെ രാഷ്ട്രീയ വിദ്യാഭ്യാസത്തിൽ നമ്മുടെ അച്ചടി മാധ്യമങ്ങൾ വഹിച്ച പങ്കിന് എതിർദിശയിലാണ് സമകാലീന മാധ്യമങ്ങളുടെ സഞ്ചാരം.

ഒരു ജനതയെ അരാഷ്ട്രീയവൽക്കരിക്കുന്നതിൽ ഗണ്യമായ പങ്കാണ് ദൃശ്യമാധ്യമങ്ങളും സമൂഹമാധ്യമങ്ങളും നിർവഹിച്ചുകൊണ്ടിരിക്കുന്നത്.
ഭരണത്തിലിരിക്കുമ്പോൾ മാധ്യമവിമർശനവും അധികാരത്തിൽനിന്ന് പുറത്താകുമ്പോൾ മാധ്യമ സ്വാതന്ത്ര്യത്തിന്റെ വക്താക്കളുമായി അവതരിക്കുന്ന രാഷ്ട്രീയവർഗത്തിന്റെ അഭിപ്രായങ്ങൾ സ്വീകരിക്കണമെന്നല്ല ഇവിടെ വിവക്ഷ.

പ്രത്യശാസ്ത്രപരമായി അടഞ്ഞ ജാതി/ പാർട്ടി ലോകവീക്ഷണമുള്ള, ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് അനുയോജ്യമല്ലാത്ത സംഘടനാ സംവിധാനങ്ങളുള്ള രാഷ്ട്രീയപാർട്ടികളുടെ മാധ്യമ കാഴ്ചപ്പാട് അവരുടെ നിക്ഷിപ്ത താൽപര്യത്തിനപ്പുറം വികസ്വരമല്ലാത്തതാണ്.
ആധുനികമായ വീക്ഷണമാണ് ഇക്കാര്യത്തിൽ മാധ്യമങ്ങൾ പുലർത്തേണ്ടത്. പ്രിയാ വർഗീസിന്റെ കേസിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിയിൽ വ്യക്തമാക്കിയിട്ടുള്ള വ്യക്തികളുടെ 'സ്വകാര്യതയെയും അന്തസിനെയും' കുറിച്ചുള്ള നിരീക്ഷണങ്ങൾ വളരെ പ്രാധാന്യമുള്ളതാണ്. വിശദമായ ആലോചനയ്ക്ക് വിധേയമാക്കേണ്ട നിരീക്ഷണങ്ങൾ ഈ വിധിന്യായത്തിലുണ്ട്. വസ്തുതകളുടെ അടിസ്ഥാനത്തിൽ ഭരണനേതൃത്വത്തിനെതിരേ അതിരൂക്ഷ വിമർശനം നടത്താൻ മാധ്യമങ്ങൾക്ക് ബാധ്യതയുണ്ട്. അതിന്റെയർഥം വ്യക്തികളുടെ സ്വകാര്യതയെ ലംഘിച്ചുകൊണ്ട്, അവരുടെയും ഉറ്റവരുടെയും അന്തസിനെ പിച്ചിച്ചീന്തി സമൂഹമധ്യത്തിലേക്ക് വലിച്ചെറിയുകയല്ല. അത്തരം പ്രവണതകൾ മാധ്യമങ്ങളെയും ദുരധികാര മനസ്ഥിതിയുള്ള കിരാതരൂപമാക്കുന്നു.


മാധ്യമങ്ങൾ അഴിമതിയാരോപണവും അധികാരം ഉപയോഗിച്ചുള്ള കൊള്ളയും കണ്ടില്ലെന്നു നടിക്കുകയാണോ വേണ്ടതെന്ന മറുചോദ്യവും പ്രസക്തമാണ്. അധികാരത്തോടും അധികാരത്തിലിരിക്കുന്നവരോടും ഒരുവിധ മമതയും മാധ്യമങ്ങൾ പുലർത്തേണ്ടതില്ല. പക്ഷേ അഴിമതിയാരോപണങ്ങൾ കൈകാര്യം ചെയ്യുമ്പോൾ വ്യക്തിഹത്യയായി മാറാതിരിക്കാനുള്ള ഉത്തരവാദിത്വം മാധ്യമങ്ങളുടേതാണ്.

2011ലെ ഉമ്മൻ ചാണ്ടി സർക്കാരിനെതിരേ സോളാർ അല്ലാതെയുമുള്ള ആരോപണങ്ങളും ഉയർന്നിരുന്നു. കടുംവെട്ടെന്ന നാമധേയത്തിലാണ് ഇതറിയപ്പെട്ടിരുന്നത്. സർക്കാരിന്റെ വീഴ്ചയ്ക്കുള്ള പ്രധാന കാരണവും ഇതായിരുന്നു. പരിസ്ഥിതിപ്രവർത്തകരാണ് ഈ വിവാദമുയർത്തിയത്. അന്നത്തെ പ്രതിപക്ഷമല്ല ഇത് ഉന്നയിച്ചത്. പ്രതിപക്ഷം ഇതിന്റെയെല്ലാം ഗുണഭോക്താവായി എന്നുമാത്രം

Content Highlights:Today's Article in sep 2023



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സന്ദർശക വീസ നിയമം പരിഷ്കരിച്ചത് ഇരുട്ടടി; ഇനി വീസ പുതുക്കാൻ 30 ദിവസത്തെ ഇടവേള ആവശ്യം

uae
  •  15 days ago
No Image

ഫിൻജാൽ ചുഴലിക്കാറ്റ്; എടിഎമ്മിൽ നിന്ന് പണമെടുക്കാനെത്തിയ യുവാവ് ഷോക്കേറ്റ് മരിച്ചു

National
  •  15 days ago
No Image

യുഎഇ ദേശീയ ദിനം; ഡിസംബർ 2, 3 തീയതികളിൽ ഷാർജയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

uae
  •  15 days ago
No Image

മലപ്പുറത്ത് എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  15 days ago
No Image

പന്നിയങ്കരയിൽ ടോള്‍ പ്ലാസയിലേക്ക് നിയന്ത്രണം വിട്ട് ലോറി ഇടിച്ചുകയറി; അപകടമൊഴിവായത് തലനാരിഴയ്ക്ക്

Kerala
  •  15 days ago
No Image

റിയാദ് മെട്രോ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു

Saudi-arabia
  •  15 days ago
No Image

ഉത്തർപ്രദേശ്; ഓടുന്ന എസി ബസിൽ നിന്ന് മുറുക്കാൻ തുപ്പാൻ ശ്രമിക്കുന്നത്തിനിടെ 45കാരന് ദാരുണാന്ത്യം

National
  •  15 days ago
No Image

പദയാത്രക്കിടെ അരവിന്ദ് കെജ്രിവാളിനുനേരെ ആക്രമണം; പ്രതി പിടിയിൽ

National
  •  15 days ago
No Image

ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി കണ്ടെത്തി; രണ്ട് ഭീകരരുടെ വധശിക്ഷ നടപ്പാക്കി സഊദി

Saudi-arabia
  •  15 days ago
No Image

എന്നും വയനാടിനൊപ്പം ഉണ്ടാകും,വയനാട്ടിലെ ജനങ്ങൾക്ക് വേണ്ടിയാണ് ഞാൻ പാർലമെന്റിലുള്ളത്; പ്രിയങ്ക ​ഗാന്ധി

Kerala
  •  15 days ago