ഈ കൂട്ടുകെട്ട് നാടിനാപത്ത്
വിഴിഞ്ഞത്ത് നിരാലംബരായ ഒരുകൂട്ടം മനുഷ്യരുടെ അതിജീവന പോരാട്ടത്തിനെതിരേ സി.പി.എമ്മും ബി.ജെ.പിയും കൈകോർത്തത് കേവലം രാഷ്ട്രീയ ധാർമികതയുടെ മാത്രം പ്രശ്‌നമല്ല. ഇരകളുടെ നീതിപോലും ഭരണാധികാരികളുടെ ഇംഗിതത്തിനനുസൃതമായി തീരുമാനിക്കപ്പെടുമെന്ന ഭീതിദ സാഹചര്യത്തിന് അടിവരയിടുന്നതാണ് കഴിഞ്ഞദിവസം വിഴിഞ്ഞത്ത് കണ്ടത്. വിഴിഞ്ഞത്ത് 100 ദിവസത്തിലേറെയായി മത്സ്യത്തൊഴിലാളികൾ തുടരുന്ന സമരത്തെ വികസനവിരുദ്ധ സമരമെന്ന് മുദ്രകുത്തി അടിച്ചമർത്താൻ സർക്കാർ നടത്തുന്ന ശ്രമങ്ങൾ പ്രക്ഷോഭത്തിന് കൂടുതൽ കരുത്തുപകരുമ്പോഴാണ് സി.പി.എമ്മും ബി.ജെ.പിയും സമരത്തിനെതിരേ കൈകോർത്തത്. അദാനിക്കെതിരേയുള്ള സമരത്തെ അടിച്ചമർത്താൻ കേരളത്തിൽ ഭരണത്തിലുള്ള സി.പി.എമ്മും കേന്ദ്രഭരണം കൈയാളുന്ന ബി.ജെ.പിയും ഒന്നിക്കുമ്പോൾ സ്വാഭാവികമായും സമരത്തിന്റെ ഭാവി എന്താകുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. വർഗീയ, കോർപറേറ്റ് ശക്തികൾക്കൊപ്പം നിലനിൽക്കുക എന്നത് ഭരണാധികാരികളുടെ മുഖ്യപരിഗണനയാകുമ്പോൾ ജീവിതത്തിൽ നിന്നു പുറത്താകുന്നത് പരാശ്രയമില്ലാത്ത ലക്ഷക്കണക്കിന് സാധാരണക്കാരായിരിക്കും.
വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളി സമരത്തിനെതിരേയും തുറമുഖം യാഥാർഥ്യമാക്കണമെന്നുമാവശ്യപ്പെട്ടുള്ള പ്രാദേശിക സമരസമിതിയുടെ ലോങ് മാർച്ചിലാണ് സി.പി.എമ്മും ബി.ജെ.പിയും ഒന്നിച്ചത്. ബി.ജെ.പിയുമായി ഒരു നീക്കുപോക്കും പാടില്ലെന്ന പ്രത്യയശാസ്ത്ര നിലപാട് അണികളെയും പ്രവർത്തകരെയും ഇടയ്ക്കിടെ ഓർമിപ്പിക്കുന്ന സി.പി.എം നേതൃത്വമാണ് എ.കെ.ജി സെന്ററിന്റെ മൂക്കിനുതാഴെ നടന്ന ഈ അവിശുദ്ധ ഐക്യത്തിന് ചുവന്ന പരവതാനി വിരിച്ചത്. സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി രാജേഷുമാണ് വേദി പങ്കിട്ടത്. സിൽവർലൈൻ സമരവേദിയിൽ യു.ഡി.എഫിനൊപ്പം ബി.ജെ.പിയുടെ സാന്നിധ്യമുണ്ടായതിനെ അതിരൂക്ഷമായി വിമർശിച്ച സി.പി.എം നേതൃത്വത്തിന് ഈ പുതിയ ബാന്ധവത്തെക്കുറിച്ച് വിശദീകരിക്കാൻ ബാധ്യതയുണ്ട്.
പരസ്യമായി ആർ.എസ്.എസ്-ബി.ജെ.പി വിരുദ്ധ നിലപാടിനൊപ്പമെന്ന് പറയുകയും എന്നാൽ ജനങ്ങളുടെ കണ്ണിൽ പൊടിയിട്ടുകൊണ്ട് മറ്റൊരു നിലപാട് സ്വീകരിക്കുകയും ചെയ്യുന്ന സി.പി.എമ്മിന്റെ ഇരട്ടത്താപ്പാണ് വിഴിഞ്ഞത്ത് മറനീക്കി പുറത്തുവന്നത്. ഇത് തിരിച്ചറിയാനുള്ള പ്രായോഗിക ബുദ്ധി പൊതുജനത്തിനുണ്ടെന്ന് ഇനിയെങ്കിലും സി.പി.എം നേതൃത്വം തിരിച്ചറിയണം. മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസ് ഉൾപ്പെടെ ആരോപണ നിഴലിൽ നിർത്തിയ സ്വർണക്കടത്ത് കേസിലുൾപ്പെടെ കേന്ദ്ര സഹായം സി.പി.എമ്മിന് ലഭിക്കുന്നുവെന്ന ആരോപണം യു.ഡി.എഫ് ഉന്നയിക്കുന്ന പശ്ചാത്തലത്തിൽ വേണം ഈ കൂട്ടുകെട്ടിനെയും നോക്കിക്കാണാൻ.
വിഴിഞ്ഞം സമരസമിതി കലാപത്തിന് കോപ്പുകൂട്ടുന്നുവെന്ന ഗുരുതര ആരോപണവുമായി മന്ത്രി വി. ശിവൻകുട്ടി രംഗത്തുവന്നതിനു തൊട്ടുപിന്നാലെയാണ് ഇരു പാർട്ടികളുടെയും ഐക്യപ്പെടൽ. സമരക്കാർ പൊലിസുകാരെ അക്രമിക്കുന്നുണ്ടെന്നും വള്ളവും വലയും കത്തിച്ച് പ്രദേശത്ത് ഭീതി പരത്തുകയാണെന്നുമാണ് മന്ത്രിയുടെ ആരോപണം. സമരം 100 ദിവസം പിന്നിട്ടപ്പോൾ സമരക്കാർ പ്രതിഷേധത്തിന്റെ ഭാഗമായി കരയും കടലും ഉപരോധിച്ചിരുന്നു. പ്രതിഷേധസൂചകമായി വള്ളത്തിന് തീയിട്ടതിനെയാണ് മന്ത്രി കലാപശ്രമമായി ചിത്രീകരിച്ചത്. കടലുകൊണ്ട് ജീവിക്കുന്ന ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളുമാണ് വിഴിഞ്ഞം തുറമുഖത്തിനായുള്ള അശാസ്ത്രീയ നിർമാണത്തിനെതിരേ സമരരംഗത്തുള്ളത്. അവർക്കാർക്കും സർക്കാരിനോടോ സമൂഹത്തോടെ കലാപം നടത്തേണ്ട ആവശ്യമില്ല. ഇനിയെങ്കിലും ജനകീയ സമരങ്ങളെ കലാപങ്ങളായും സമരക്കാരെ തീവ്രവാദികളായും ചിത്രീകരിച്ചു നേരിടുന്നതിനു മാറ്റംവരുത്താൻ ജനാധിപത്യഭരണകൂടങ്ങൾ ജാഗ്രത കാണിക്കണം. പ്രക്ഷോഭകാരികളെ കലാപകാരികളായും തീവ്രവാദികളായും ചിത്രീകരിക്കുന്ന കേന്ദ്രത്തിലെ ബി.ജെ.പിയുടെ രീതിയുമായി ഈ പ്രസ്താവനക്കും പ്രവൃത്തിക്കും സമാനതകളേറെയാണ്.
സ്വന്തം താൽപര്യത്തിനായി പ്രത്യയശാസ്ത്ര പ്രതിബദ്ധതയിൽ വെള്ളം ചേർത്ത് സി.പി.എം എടുക്കുന്ന ഇത്തരം ഇരട്ട നിലപാടിന് സമീപകാലത്തുണ്ടായ മറ്റൊരു സംഭവവും ഉദാഹരണമാണ്. ബംഗാളിൽ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിനെതിരേ ഒന്നിക്കാൻ സി.പി.എം-ബി.ജെ.പി നേതൃത്വങ്ങൾ രഹസ്യയോഗം ചേർന്ന വിവരം കഴിഞ്ഞയാഴ്ച പുറത്തുവന്നിരുന്നു. ഉത്തരബംഗാളിലെ പ്രമുഖ സി.പി.എം നേതാവും മുൻമന്ത്രിയുമായ അശോക് ഭട്ടാചാര്യയെ സിലഗുഡിയിലെ വസതിയിൽ എത്തി രാജു ബിസ്ത എം.പി, ശങ്കർ ഘോഷ് എം.എൽ.എ എന്നിവർ അടങ്ങുന്ന ബി.ജെ.പി നേതാക്കൾ ചർച്ച നടത്തിയെന്ന വാർത്തയായിരുന്നു പുറത്തുവന്നത്. ചിത്രങ്ങൾ സഹിതം ഈ വാർത്ത മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചതിനാൽ ഇങ്ങനെയൊരു ചർച്ച നടന്നില്ലെന്നു പറഞ്ഞൊഴിയാൻ സി.പി.എമ്മിനായില്ല. സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാൻ ബി.ജെ.പി നേതാക്കളെ ക്ഷണിച്ചതായിരുന്നുവെന്നാണ് അശോക് ഭട്ടാചാര്യയുടെ വിശദീകരണം. എന്നാൽ അടുത്ത വർഷം നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയും സി.പി.എമ്മും സഖ്യമുണ്ടാക്കാനൊരുങ്ങുന്നുവെന്ന ആരോപണവുമായി തൃണമൂൽ കോൺഗ്രസ് രംഗത്തുവന്നിട്ടുണ്ട്. ബി.ജെ.പി ശക്തി മേഖലയാണ് സിലിഗുഡി ഉൾപ്പെടെയുള്ള ഉത്തര ബംഗാൾ. ഇവിടെയുള്ള ലോക്‌സഭാ സീറ്റുകളിൽ ഏഴും ബി.ജെ.പി നേടിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലും ബി.ജെ.പിക്കായിരുന്നു മേൽക്കോയ്മ. ഇവിടെ സി.പി.എം വോട്ടുകൾ ബി.ജെ.പിക്ക് മറിച്ചുവെന്ന തൃണമൂൽ ആരോപണം നിലനിൽക്കെയാണ് കൂടിക്കാഴ്ച. തദ്ദേശ തെരഞ്ഞെടുപ്പിൽ ചില്ലറ സീറ്റുകൾ ലക്ഷ്യമിട്ടുള്ള നീക്കുപോക്കിനാണ് സി.പി.എം ലക്ഷ്യമിടുന്നതെങ്കിൽ അത് അപകടകരമായ നീക്കമായിരിക്കും. ഇതുവരെ സി.പി.എം കേന്ദ്ര നേതൃത്വവും സംസ്ഥാന നേതൃത്വവും ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിട്ടില്ല.
ബി.ജെ.പിയുമായും ആർ.എസ്.എസുമായും വേദി പങ്കിടുന്നതിലും രാഷ്ട്രീയ കൂട്ടുകെട്ടുണ്ടാക്കുന്നതിലും പ്രത്യയശാസ്ത്രപരമായ നിലപാട് സ്വീകരിക്കുന്നുവെന്ന് അവകാശപ്പെടുന്ന പാർട്ടിയാണ് സി.പി.എം. ഏറ്റവും ഒടുവിൽ ബാലഗോകുലം സംഘടിപ്പിച്ച മാതൃവന്ദനം പരിപാടിയിൽ കോഴിക്കോട് കോർപറേഷൻ മേയർ ഡോ. ബീന ഫിലിപ്പ് പങ്കെടുത്തതിന് നടപടിയെടുത്ത പാർട്ടി കൂടിയാണിത്. എന്നാൽ വിഴിഞ്ഞത്തെ വേദി പങ്കിടലിൽ ഒരു രാഷ്ട്രീയ ധാർമികതയുടേയും പ്രശ്‌നമില്ലെന്ന് പാർട്ടി കരുതുന്നുണ്ടെങ്കിൽ അത് മതേതര ജനാധിപത്യത്തിന് ഭൂഷണമല്ലെന്നുതന്നെ പറയേണ്ടിവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."